World

തന്നെ പുറത്താക്കാന്‍ വിദേശപണം ഉപയോഗിക്കുന്നു; വിദേശ ഗൂഢാലോചനയുടെ കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും: പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കല്‍ ഭീഷണി നേരിടുന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദില്‍ തന്റെ പാര്‍ട്ടിയുടെ ശക്തിപ്രകടനം നടത്തി. തന്നെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിദേശപണം ഉപയോഗിക്കുന്നുവെന്നും തന്റെ പക്കല്‍ രേഖാമൂലമുള്ള തെളിവുകളുണ്ടെന്നും ഇമ്രാന്‍ ഖാന്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലി അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. പാകിസ്താന്‍ പാര്‍ലമെന്റില്‍ തനിക്കെതിരേയുള്ള അവിശ്വാസ പ്രമേയ നീക്കത്തിന് മുന്നോടിയായിട്ടാണ് ഇമ്രാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ചുകൂട്ടിയത്.

തനിക്കോ തന്റെ സര്‍ക്കാരിനോ ജീവന്‍ നഷ്ടമായാലും പ്രതിപക്ഷത്തെ അഴിമതിക്കാരായ നേതാക്കളോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ് (എന്‍ആര്‍ഒ) ഉപയോഗിച്ച് അഴിമതിക്കാരായ ആ കൊള്ളക്കാര്‍ പരസ്പരം സംരക്ഷിക്കുന്നത് തുടരുകയാണ്. ഈ മൂന്ന് എലികളും (പ്രതിപക്ഷത്തെ മൂന്ന് നേതാക്കള്‍) തന്റെ സര്‍ക്കാരിനെ ആദ്യം മുതല്‍ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

‘മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് കാരണമാണ് എന്‍ആര്‍ഒയിലൂടെ ഈ അഴിമതിക്കാരായ നേതാക്കള്‍ അവരുടെ തെറ്റുകളില്‍ നിന്ന് രക്ഷപ്പെട്ടത്. മുഷറഫ് രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിട്ടു. എനിക്ക് എന്റെ സര്‍ക്കാര്‍ നഷ്ടപ്പെട്ടാലും എന്റെ ജീവന് നഷ്ടപ്പെട്ടാലും, ഞാന്‍ ഒരിക്കലും അവരോട് ക്ഷമിക്കാന്‍ പോകുന്നില്ല. പാകിസ്താന്‍ സര്‍ക്കാരിനെ മാറ്റാന്‍ വിദേശപണത്തിലൂടെ ശ്രമം നടത്തുകയാണ്. നമ്മുടെ ആളുകളെ അതിനായി ഉപയോഗിക്കുന്നു. ഏത് സ്ഥലങ്ങളില്‍നിന്നാണ് ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതെന്ന് അറിയാം. തെളിവുകളുണ്ട്. പക്ഷേ ദേശീയ താത്പര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല’- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

വിദേശ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ലണ്ടനില്‍ ഇരിക്കുന്നയാള്‍ ആരൊക്കെയായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നതെന്നും പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള കഥാപാത്രങ്ങള്‍ ആരുടെ നിര്‍ദേശങ്ങളാണ് പിന്തുടരുന്നതെന്നും രാഷ്ട്രം അറിയാന്‍ ആഗ്രഹിക്കുന്നുണ്ട്. എനിക്ക് കൂടുതല്‍ വിശദമായി സംസാരിക്കാന്‍ കഴിയില്ല, കാരണം എനിക്ക് എന്റെ രാജ്യത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കേണ്ടതുണ്ട്. എന്റെ രാജ്യത്തിന് ഹാനികരമായ ഒന്നിനെയും കുറിച്ച് എനിക്ക് സംസാരിക്കാനാവില്ല. ഇല്ലെങ്കില്‍ അതെനിക്ക് നിങ്ങളോട് പറയാമായിരുന്നു. ഞാന്‍ ആരെയും ഭയപ്പെടുന്നില്ല, പക്ഷേ പാകിസ്താന്റെ താല്‍പ്പര്യത്തിലാണ് ഞാന്‍ ശ്രദ്ധിക്കുന്നത്’ ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: