India

800ല്‍ അധികം അവശ്യ മരുന്നുകള്‍ക്ക് ഏപ്രില്‍ മുതല്‍ വില ഉയരും

കൊച്ചി: പാരസെറ്റമോള്‍ ഉള്‍പ്പെടെ അവശ്യമരുന്നുകള്‍ക്ക് വില വര്‍ധന. ഏപ്രില്‍ മുതല്‍ മരുന്നുകള്‍ക്ക് വില ഉയരും. 10 ശതമാനത്തിലധികം ആണ് വില ഉയരുന്നത്. വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, ആന്റി-ഇന്‍ഫെക്റ്റീവ് മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള 800-ല്‍ അധികം അവശ്യ മരുന്നുകള്‍ക്ക് വില ഉയരുന്നത് തിരിച്ചടിയാകും.

മരുന്നുകളുടെ വിലനിര്‍ണ്ണയ അതോറിറ്റി വെള്ളിയാഴ്ചയാണ് 10.7 ശതമനം വിലവര്‍ദ്ധന അനുവദിച്ചത്. നിലവില്‍ അനുവദനീയമായ ഏറ്റവും ഉയര്‍ന്ന വിലവര്‍ദ്ധനയാണിത്.അവശ്യ മരുന്നുകളുടെ പട്ടികയിലുള്ള 800-ലധികം മരുന്നുകള്‍ക്കാണ് വില കൂടുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയര്‍ത്തിയിരുന്നു. വേദന സംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, ആന്റി ഇന്‍ഫെക്റ്റീവ് മരുന്നുകള്‍ എന്നിവയ്ക്കുള്‍പ്പെടെ 20 ശതമാനം വരെയാണ് വില ഉയര്‍ത്തിയത്.

വാര്‍ഷിക മൊത്ത വില സൂചികയിലെ മാറ്റത്തിനനുസരിച്ച് മരുന്ന് വില കൂട്ടാന്‍ മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു വില വര്‍ധന. 2020-ല്‍ 0.5 ശതമാനമായിരുന്നു വില വര്‍ധന. മരുന്ന് നിര്‍മാണ ചെലവുകള്‍ 15-20 ശതമാനം വരെ ഉയര്‍ന്നത് ചൂണ്ടിക്കാട്ടിയാണ് വില ഉയര്‍ത്തിയത്. ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ കോംപോണന്റുകള്‍ക്ക് കൊവിഡ് കാലത്ത് വില കൂടിയിരുന്നു. കൂടാതെ പാക്കേജിങ് മെറ്റീരിയലുകളുടെ വില വര്‍ധനയുള്‍പ്പെടെ കണക്കിലെടുത്താണ് മരുന്നു വില വര്‍ധിപ്പിച്ചത്.

 

Back to top button
error: