KeralaNEWS

ഉത്തരം മുട്ടിയ ശ്രീകുമാരൻ തമ്പി

നല്ല നടപ്പ്: പ്രവീൺ ഇറവങ്കര

ദരണീയ ശ്രീകുമാരൻ തമ്പിസാറിന് ആദരവൊട്ടും ചോരാതെ പ്രവീൺ ഇറവങ്കര വീണ്ടും എഴുതുന്നു.

സാർ,
എന്റെ ആദ്യ കത്തു വായിച്ചിട്ടും അങ്ങ് പ്രതികരിക്കാതിരുന്നത് കുശാഗ്ര ബുദ്ധി കൊണ്ടാണെന്ന് അങ്ങയുടെ അടുത്ത സുഹൃത്തുക്കൾ പലരും എന്നോടു പറഞ്ഞു.
പക്ഷേ ഞാനതു വിശ്വസിക്കുന്നില്ല.
കാരണം ഒരു കലാകാരൻ ബുദ്ധി കൊണ്ടല്ല സ്വപ്നം കൊണ്ടാണ് ജീവിക്കുന്നതെന്ന് എനിക്ക് നന്നായിട്ടയാം.
അങ്ങ് എന്റെ കത്തിനു മറുപടി തരാതിരുന്നത് ശരിക്കും മറുപടി ഇല്ലാത്തതു കൊണ്ടുതന്നെയാണ്…!

അങ്ങയുടെ ഏട്ടത്തിയമ്മ വിജയലക്ഷ്മി,
പി.വി തമ്പി എന്ന പ്രതിഭയുടെ ഭാര്യയാകും മുമ്പ് ആരായിരുന്നു എന്ന് അങ്ങ് ഒന്ന് ഓർത്തു നോക്കണം.
ആത്മകഥയിൽ അങ്ങ് പറയും പൊലെ കരിമ്പാലേത്തെ സഹോദരങ്ങളുടെ ആത്മബന്ധം തകർക്കാൻ ഓടു പൊളിച്ചെങ്ങുനിന്നോ ഇറങ്ങി വന്ന ദുരവതാരമൊന്നുമല്ല അവർ.
ഞാൻ കേട്ടിടത്തോളം ഇല്ലിക്കുളത്ത് ഡോ.നീലകണ്ഠപ്പിളളയുടെയും വെല്ലൂർ ജാനകിപ്പിളളയുടെയും മകളായി,
ലോക പ്രശസ്ത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ അനന്തരവളായി, സമ്പന്നതയുടെ മടിത്തട്ടിലാണ് അവർ ജനിച്ചതും വളർന്നതും…!
നിങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് അന്ന് അത്തരം ഒരു ബന്ധം സ്വപ്നം കാണാൻ കഴിയുമായിരുന്നോ…?

പി.വി തമ്പി എന്ന കരിമ്പാലേത്തെ ചെല്ലപ്പനു മുന്നിൽ തന്റെ പതിനാലാം വയസ്സിൽ താലികെട്ടാൻ അവൾ കഴുത്തു നീട്ടിക്കൊടുത്തത് പ്രായത്തിന്റെ പക്വതക്കുറവു കൊണ്ടല്ല.
നിങ്ങളുടെ ഏട്ടനോടുളള അന്ധമായ ആരാധന കൊണ്ടായിരുന്നു.
ഓർമ്മ വെച്ച കാലം മുതൽ അവൾ കേട്ടു വളർന്ന കഥകളിൽ സൂപ്പർ സ്റ്റാർ ആയിരുന്നു ചെല്ലപ്പൻ.
അമ്മയെയും സഹോദരങ്ങളെയും സംരക്ഷിക്കാൻ തന്റെ പന്ത്രണ്ടാം വയസ്സിൽ കഠിനാധ്വാനത്തിനറങ്ങിയ മിടുമിടുക്കനായ ആൺകുട്ടി !
ജീവിക്കാൻ വേണ്ടി അറിയാവുന്നതും അറിയാൻ പാടില്ലാത്തതുമായ സർവ്വ വേഷങ്ങളും കെട്ടിയാടുമ്പൊഴും കലയിലും കവിതയിലും പഠനത്തിലും സ്വന്തം കഴിവൊന്നുകൊണ്ടു മാത്രം ഒന്നാമനായി ജയിച്ചു കയറിയവൻ !
അവനെ അവൾ എങ്ങനെ ആരാധിക്കാതിരിക്കും ?
പ്രണയിക്കാതിരിക്കും ?
ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലെങ്കിലും നിങ്ങളുടെ വാവുത്തത്തനെ പണ്ടേക്കു പണ്ടേ അവൾ മനസ്സാ വരിച്ചിരുന്നു.
അതുകൊണ്ടു തന്നെയാണ് ഭർത്താവിന്റെ കൂടപ്പിറപ്പുകളെ അവൾ സ്വന്തമെന്നു കരുതി ചേർത്തു പിടിച്ചതും തന്റെ സ്വത്തുവകകൾ അന്യാധീനപ്പെടുത്തിപ്പോലും അവരെ ഒരോ കരപറ്റിച്ചതും…!

എന്നിട്ടും പകരം അങ്ങ് അവർക്കു കൊടുത്തതെന്താണ് ?
ഒരായുഷ്ക്കാലം മുഴുവൻ കുത്തിയിരുന്നു കരയാനുളള കണ്ണീരോ ?
അന്തംവിട്ടെഴുതിയ ആത്മകഥയിലൂടെ എടുത്താൽ പൊങ്ങാത്ത അപവാദങ്ങളോ ?
ഏട്ടത്തിയമ്മയ്ക്കു നേരെ ആത്മകഥയിൽ അങ്ങു നടത്തിയ ആരോപണങ്ങൾക്ക് അക്കമിട്ടു മറുപടി പറയാൻ തുടങ്ങിയാൽ ഈ കത്ത് ഇവിടെങ്ങും തീരില്ല.
വേണ്ടിയിരുന്നില്ല സാർ.
അങ്ങയെപ്പോലെ ഒരു വലിയ മനുഷ്യൻ ഇക്കാര്യത്തിൽ കുറച്ചുകൂടി വിവേചനബുദ്ധി കാണിക്കാമായിരുന്നു.
ജീവിതത്തിൽ ഒരുതരത്തിലും നിങ്ങളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യാത്ത പരമദുഷ്ടയായ ഒരു ഏട്ടത്തിയമ്മയാണ് അവരെങ്കിൽ പോലും ഒരു സ്ത്രീയെന്ന പരിഗണനയിൽ വെറുതെ വിടാമായിരുന്നു.
ഇത്തരം പരാമർശങ്ങൾ ഒരു പൊതു ഇടത്ത് ഒഴിവാക്കാമായിരുന്നു.
കുറഞ്ഞപക്ഷം മലർന്നു കിടന്നു തുപ്പാതെങ്കിലും ഇരിക്കാമായിരുന്നു.
ഉളളതു പറഞ്ഞാ സാറു മാത്രമല്ല എഡിറ്റിംഗില്ലാതെ ആ അടുക്കളക്കുശുമ്പു നിറഞ്ഞ ‘പെന്റുലാത്മകഥ’ അപ്പടി പ്രസിദ്ധീകരിച്ച മാതൃഭൂമിയും ഇവിടെ പ്രതിക്കൂട്ടിലാണ്.
അക്ഷരത്തെറ്റു തിരുത്തുന്നതു മാത്രമല്ല ഉള്ളടക്കത്തിൽ നയപരമായ തീരുമാനങ്ങളെടുക്കുന്നതും ഒരു എഡിറ്ററുടെ പണിയാണെന്ന് സുഭാഷ് ചന്ദ്രന് തിരിച്ചറിവില്ലാതെ പോയത് അങ്ങയുടെ ഭാഗ്യം…!

അങ്ങ് അത്ര വല്ല്യ സത്യസന്ധനായ ആത്മകഥാ എഴുത്തുകാരനാണെങ്കിൽ പണ്ട് പി.വി തമ്പി സാറിന്റെ ‘കൃഷ്ണപ്പരുന്ത്’ സൂപ്പർ ഹിറ്റായി മനോരാജ്യത്തിൽ ഓടുമ്പോൾ അത് നിർത്തി വെയ്പ്പിക്കാൻ അങ്ങ് മാനേജിംഗ് എഡിറ്ററും മുൻ എം.എൽ.ഏയുമായ ഡോ.ജോർജ്ജ് തോമസിനെ രഹസ്യമായി ചെന്നു കണ്ട കാര്യം കൂടി എന്താ എഴുതാതിരുന്നത് ?
അതു നടക്കാതെ വന്നപ്പോൾ നോവലിലെ ആന്റീ ഹീറോ ഇമേജുളള നായകൻ സാക്ഷാൽ കുമാരൻ തമ്പിയുടെ മകനെ ചെന്നു കണ്ട് ഏഷണി കയറ്റിയതും, ‘അത്ര മഹാനൊന്നുമല്ലാത്ത എന്റെ അച്ഛനെ ചെല്ലപ്പൻ എഴുതി പ്രശസ്തനാക്കുന്നത് ഒരു നല്ല കാര്യമല്ലേ ശ്രീകുമാരാ’ എന്നു പരിഹസിച്ച് അദ്ദേഹം അങ്ങയെ തിരിച്ചയച്ചതുമെന്താ എഴുതാൻ മറന്നു പോയത് ?
ഒരു വീട്ടിൽ രണ്ടു തമ്പിമാർ എഴുത്തുകാരായി വേണ്ട എന്ന് അങ്ങ് ഏട്ടനെ നേരിൽ കണ്ട് ഭീഷണിപ്പെടുത്തിയതുകൂടി എഴുതിയിരുന്നെങ്കിൽ ആത്മകഥ കുറച്ചുകൂടി ആത്മാർത്ഥതയുളളതായേനേം !
(ഒറ്റ പുത്രനായി ജനിച്ച സങ്കടം കൊണ്ട് മുമ്പ് മിക്കപ്പോഴും ഒറ്റയ്ക്കു മാറിയിരുന്നു കരഞ്ഞിട്ടുളള ഞാൻ ഇന്ന് ആഹ്ലാദവാനാണ് സാർ. ഇത്തരം കൂടപ്പിറപ്പുകൾ ഇല്ലാത്തതു തന്നെയാണ് ഭേദം…!)

ഏതായാലും അങ്ങയെക്കാൾ മുന്നേ എഴുത്തുകാരനായതും ആദ്യപുസ്തകം അച്ചടിമഷി പുരണ്ടതും പി.വി തമ്പിയുടെയാണ്.
അദ്ദേഹം അഞ്ചാം ക്ലാസ്സിൽ പഠിച്ച കാലത്ത് അടുത്ത വീട്ടിലെ പുഷ്പകൻ കാണിച്ച സാമൂഹ്യ അനീതിക്കെതിരെ അതിശക്തമായ ഭാഷയിൽ കവിത എഴുതി ഏവരെയും ഞെട്ടിച്ചത് അങ്ങ് മറന്നിട്ടുണ്ടാവില്ലെല്ലോ ?

‘നാലഞ്ചു ക്ലാസു പഠിപ്പുളള പുഷ്പകൻ
നങ്ങേമയെന്ന തൻ വേളിയെ വിട്ടിട്ട്
നായർ തരുണിയെ ബാന്ധവം ചെയ്തത്
നാട്ടുകാരേ നിങ്ങൾ നോക്കിനിന്നില്ലെയോ ?’

കാലമിത്ര കഴിഞ്ഞിട്ടും ആ അഞ്ചാംക്ലാസുകാരന്റെ കവിത്വം,
കെട്ടടങ്ങാത്ത കനൽകാന്തിയായി നമ്മെ അത്ഭുതപ്പെടുത്തുന്നില്ലേ സാർ ?
അങ്ങയുടെ അക്ഷര മാതൃകയും അനുകരണീയ മാതൃകയും ഈ ഏട്ടനായിരുന്നു എന്നത് പകൽ പോലെ സത്യമല്ലേ സാർ ?
ആ ഏട്ടനോടാണ് അങ്ങ് തനിക്കു വേണ്ടി വഴിമാറാൻ ആവശ്യപ്പെട്ടത് !

ഉന്നതനായ കലാകാരൻ മാത്രമല്ല അങ്ങയുടെ ഏട്ടൻ, നമ്മുടെ ചിന്തകൾക്കുമപ്പുറം വിരാജിച്ച അത്യുത്തമനായ ഒരു മഹാമനുഷ്യൻ കൂടിയായിരുന്നില്ലേ ?
പത്രപ്പരസ്യം കണ്ട് തന്റെ മകനു വേണ്ടി വിവാഹമാലോചിക്കാൻ ഫോണിൽ വിളിച്ചപ്പോൾ, തങ്ങൾ മുക്കുവരാണെന്ന് തെല്ലു ജാള്യതയോടെ പറഞ്ഞ പെൺകുട്ടിയുടെ അച്ഛനോട് ‘അതിനെന്താ മനുഷ്യരാണെല്ലോ പോരാത്തതിന് മഹാഭാരതമെഴുതിയ വ്യസന്റെ പിന്മുറക്കാരും…!’
എന്നു മറുപടി പറഞ്ഞ് ആ കല്ല്യാണം നടത്തിയ ഒരു ഒന്നൊന്നര തമ്പിയായിരുന്നില്ലേ സാർ അങ്ങയുടെ ഏട്ടൻ ?
അങ്ങയുടെ ആത്മകഥയ്ക്കെതിരെ കേസു കൊടുക്കണമെന്ന് വാദിച്ചവരോട്, ‘ശ്രീകുമാരൻ കാശിന്റെ ആവശ്യം കൊണ്ടു ചെയ്യുന്നതല്ലേ, സാരോല്ല’ എന്ന് ചിരിച്ചു കൊണ്ടു പറഞ്ഞ ഒരു ഒന്നൊന്നര തങ്കച്ചിയായിരുന്നില്ലേ അങ്ങയുടെ ഏട്ടത്തിയമ്മ ?
എന്നിട്ടും എന്താ സാർ അങ്ങ് ഇത്ര നാളും അവരെ മനസ്സിലാക്കാതിരുന്നത് ?
എന്തിനായിരുന്നു ഇത്രയധികം കാലുഷ്യം ഉള്ളിൽ കൊണ്ടു നടന്നത് ?

അങ്ങയെ ഉപദേശിക്കാനും തിരുത്താനുമൊന്നും ഞാനാളല്ല.
അതിനുള്ള അറിവും പ്രായവും അനുഭവജ്ഞാനവും എനിക്കില്ല.
അങ്ങയുടെ മനസ്സിനെ ഞാനായി ഒരു ചെറുപൂവിൻ ഇതൾ കൊണ്ടു പോലും പോറി നോവിക്കുന്നുമില്ല.
ചെട്ടികുളങ്ങര ഭരണി നാളിൽ ഉത്സവം കണ്ടു മടങ്ങുമ്പോൾ കുപ്പിവളക്കടയ്ക്കുളളിൽ പുഷ്പമിഴിയുടെ തേരോട്ടം തേടുന്ന-ഹരിപ്പാട്ട് ആറാട്ടിന് ആനക്കൊട്ടിലിൽ പൂത്തുലഞ്ഞു നിൽക്കുന്ന പ്രണയിനിയെ തിരയുന്ന-ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിട്ടുളള, കൗമാരയൗവ്വനങ്ങളുടെ ഉടമയായ ഒരു ഓണാട്ടുകരക്കാരനന്ന നിലയിൽ എനിക്ക് അങ്ങയിൽ അമിത ആദരവുണ്ട്.
പക്ഷേ പറയാതിരിക്കാനാവുന്നില്ല സാർ.
എന്തിനാ ഈ കൊച്ചു ജീവിതത്തിൽ ഇത്രയും വലിയ വാശികൾ ?
മരിക്കാൻ വിമാനം പൊട്ടി വീഴണമെന്നൊന്നുമില്ല സാർ.
പഴത്തൊലിയിൻ തെന്നി വീണാലും മതി.
പരസ്പരം പൊറുക്കാനും മറക്കേണ്ടതൊക്കെ മറക്കാനും ഇനിയെങ്കിലും ശീലിച്ചു കൂടെ ?
ചെയ്തു പോയതിലൊക്കെ ശരി മാത്രമല്ല തെറ്റുമുണ്ടെന്നു എപ്പൊഴെങ്കിലും തോന്നിയാൽ ആ അമ്മയെ ഫോണിലെങ്കിലും വിളിച്ച് ഒരു മാപ്പു പറഞ്ഞു കൂടെ ?
ഈ ജന്മം ഇനി എത്രകാലം നമ്മളൊക്കെ ഈ ഭൂമിയിലുണ്ടെന്ന് ആർക്കറിയാം ?
അടുത്ത ജന്മം പ്രവചിക്കാൻ കാവ്യ ചക്രവർത്തിയായ അങ്ങയ്ക്കു പോലും കഴിയുകയുമില്ല !
പിന്നെന്തിനാണു സാർ ഈ മൗനം ?
ആരെ ബോധിപ്പിക്കാനാണീ വാത്മീകം ?
തെറ്റുകൾ തിരുത്താനുളളത് തന്നെയാണ് സാർ.
പക്ഷേ വൈകിയാൽപ്പിന്നെ അതിനു കഴിഞ്ഞെന്നു വരില്ല.
നന്നായി ആലോചിച്ച് അങ്ങ് ഒരു തീരുമിനമെടുത്താട്ടെ.
ഇനി ഈ കാര്യം പറഞ്ഞ് ഞാൻ അങ്ങക്ക് ഒരിക്കലുമെഴുതില്ല.
പക്ഷേ പ്രതീക്ഷയോടെ കാത്തിരിക്കും.
അങ്ങ് ഒരു ‘അതിസുന്ദര’ മനുഷ്യനായി മടങ്ങി വരുന്നത് കാണാൻ.

ഒരുപാടു സ്നേഹത്തോടെ,
പ്രവീൺ ഇറവങ്കര

Back to top button
error: