India

‘രാഷ്ട്രീയക്കാര്‍ ചിരിച്ചുകൊണ്ട് നടത്തുന്ന പ്രസ്താവനകള്‍ കുറ്റകരമല്ല’, അനുരാഗ് താക്കൂറിന്റെ വിവാദ പ്രസംഗത്തില്‍ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: രാഷ്ട്രീയക്കാര്‍ ചിരിച്ചുകൊണ്ട് നടത്തുന്ന പ്രസ്താവനകള്‍ കുറ്റകരമല്ലെന്ന് ഡല്‍ഹി ഹൈക്കടോതി. ‘നിങ്ങള്‍ പുഞ്ചിരിയോടെയാണ് എന്തെങ്കിലും പറയുന്നതെങ്കില്‍, കുറ്റകരമല്ല” – കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് ബെഞ്ചിന്റെ നിരീക്ഷണം. ഹര്‍ജിയില്‍ വിധി പറയുന്നത് ബെഞ്ച് മാറ്റിവച്ചു. രാഷ്ട്രീയ പ്രസംഗങ്ങളില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് ‘ചെക്ക് ആന്‍ഡ് ബാലന്‍സ്’ ആവശ്യമാണെന്ന് ജസ്റ്റിസ് ചന്ദ്ര ധാരി സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. 2020ലെ ദില്ലി കലാപത്തിന് തൊട്ടുമുമ്പ് നടത്തിയ പ്രസംഗങ്ങളുടെ പേരില്‍ അനുരാഗ് താക്കൂറിനും പര്‍വേഷ് വെര്‍മയ്ക്കുമെതിരെ നല്‍കിയ പരാതി വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് സിപിഎം നേതാവ് ബൃന്ദ കാരാട്ടാണ് ഹോക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

പ്രതിഷേധക്കാര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തന്റെ അനുയായികളോട് നടത്തിയ ആഹ്വാനത്തില്‍ മന്ത്രി ‘രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലുക’ ( ‘ദേശ് കേ ഗദ്ദാരോ കോ, ഗോലി മാരോ സാലോന്‍ കോ’) എന്ന മുദ്രാവാക്യമുയര്‍ത്തിയിരുന്നു. പ്രസംഗത്തിന് 2020 ജനുവരി 29ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ താക്കൂറിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. വിദ്വേഷ പ്രസംഗത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കാരാട്ട് വിചാരണ കോടതിയില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രസംഗവും മറ്റ് സമയങ്ങളില്‍ നടത്തുന്ന പ്രസംഗങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്ന് നിരീക്ഷിച്ച ജസ്റ്റിസ് സിംഗ്, തെരഞ്ഞെടുപ്പ് സമയത്ത് എന്തെങ്കിലും പ്രസംഗം നടത്തിയാല്‍ അത് വ്യത്യസ്ത സന്ദര്‍ഭത്തിലാണെന്നും പറഞ്ഞു. അതേസമയം സാധാരണ സമയങ്ങളില്‍ ഒരു പ്രസംഗം നടത്തുകയാണെങ്കില്‍, അത് പ്രേരണയാണെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ നടത്തിയ പ്രസംഗങ്ങള്‍ അക്രമത്തിന് പ്രേരിപ്പിച്ചതായി കാരാട്ടിന്റെ അഭിഭാഷകരായ അദിത് പൂജാരിയും താരാ നരുളയും വാദിച്ചു. ‘ഈ ആളുകള്‍ നിങ്ങളുടെ വീടുകളില്‍ കയറി പെണ്‍മക്കളെ ബലാത്സംഗം ചെയ്യും’ എന്നായിരുന്നു പര്‍വേഷ് വര്‍മ്മയുടെ ഒരു വിവാദ പരാമര്‍ശം. മന്ത്രി – ഈ ആളുകള്‍ ( യെ ലോഗ് ) എന്ന പ്രയോഗം നടത്തിയത് പ്രതിഷേധക്കാരെയും ഒരു പ്രത്യേക സമുദായത്തെയും ലക്ഷ്യം വച്ചുള്ളതാണെന്നും അവര്‍ വാദിച്ചു. ‘ഈ ആളുകള്‍’ എന്ന പ്രയോഗം ഒരു പ്രത്യേക സമുദായത്തില്‍പ്പെടുന്നവരാണെന്ന് പരാതിക്കാര്‍ക്ക് എങ്ങനെ മനസ്സിലായി എന്ന് ജസ്റ്റിസ് ചോദിച്ചു. ആ പ്രക്ഷോഭത്തെ ഈ രാജ്യത്തെ മറ്റെല്ലാ പൗരന്മാരും പിന്തുണയ്ക്കുന്നുവെങ്കില്‍ എങ്ങനെയാണ് ആ പരാമര്‍ശം ഒരു സമുദായത്തെനിതിരെ മാത്രമാകുകയെന്നും അദ്ദേഹം ആരാഞ്ഞു. അപ്പീലില്‍ വിധി പറയുന്നത് ബെഞ്ച് തല്‍ക്കാലം മാറ്റിവച്ചു.

 

Back to top button
error: