India

5ജി സ്പെക്ട്രം ലേലം ഉടന്‍; നാല് കമ്പനികള്‍ക്ക് ട്രയല്‍ നടത്തുന്നതിന് സ്‌പെക്ട്രം അനുവദിച്ചു: ദേവുസിന്‍ ചൗഹാന്‍

ന്യൂഡല്‍ഹി: സ്പെക്ട്രം ലേലം ഉടന്‍ നടത്തുമെന്നും, 5ജി സേവനങ്ങള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ദേവുസിന്‍ ചൗഹാന്‍. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിച്ച അദ്ദേഹം നാല് കമ്പനികള്‍ക്ക് ട്രയല്‍ നടത്തുന്നതിന് സ്‌പെക്ട്രം അനുവദിച്ചിട്ടുണ്ടെന്നും ട്രയലുകള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.

സമാന്തരമായി, വരാനിരിക്കുന്ന ലേലവുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ നല്‍കാന്‍ ടെലികോം റെഗുലേറ്ററായ ട്രായിയോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) ഈ വര്‍ഷത്തോടെ 4 ജി സേവനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം രാജ്യ സഭയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏഴ് വര്‍ഷമായി ടെലികോം മേഖലയില്‍ വലിയ വിപ്ലവമാണ് ഉണ്ടായതെന്നും നിരക്കുകള്‍ ഏറ്റവും താഴ്ന്ന നിലയിലായിരിക്കുമ്പോള്‍ ഡാറ്റ ഉപഭോഗം കുതിച്ചുയര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ മികച്ച പരാതി പരിഹാര സംവിധാനവും നിലനില്‍ക്കുന്നതായും ടെലികോം പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020-21ല്‍ രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് കമ്മ്യൂണിക്കേഷന്‍ മന്ത്രി അശ്വിനി വൈഷ്ണവ് രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി. ട്രായ് പുറത്തുവിട്ട പ്രതിമാസ ടെലികോം സബ്സ്‌ക്രിപ്ഷന്‍ ഡാറ്റ പ്രകാരം, ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം 2020 മാര്‍ച്ചില്‍ 1,157.75 ദശലക്ഷത്തില്‍ നിന്ന് 2021 മാര്‍ച്ചില്‍ 1,180.96 ദശലക്ഷമായി ഉയര്‍ന്നു.

 

Back to top button
error: