മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരൻ, മികച്ച പാർലമെന്റേറിയൻ, കേരള യൂണിവേഴ്സിറ്റി യൂണിയന്റെ ആദ്യ ചെയർമാൻ എന്നീ നിലകളിലൊക്കെ ശ്രദ്ധയനായ കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ (79) അന്തരിച്ചു. തിരുവനന്തപുരം വെമ്പായത്തെ വസതിയിലായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടർന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു. രണ്ടു വട്ടം ലോക്സഭയിലേക്കും രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനു സമീപമുള്ള തലേക്കുന്നു ഗ്രാമത്തിൽ 1945ൽ ജനിച്ചു. മാർ ഇവാനിയോസ് കോളജ്, ലോ കോളജ് എന്നിവിടങ്ങിൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. 1984, 1987 വർഷങ്ങളിൽ ചിറയൻകീഴിൽനിന്നു ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977ൽ കഴക്കൂട്ടം നിയസഭ മണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും എ.കെ ആന്റണിക്കു വേണ്ടി നിയമസഭാംഗത്വം രാജിവച്ചു. 1977ലും 1979ലും രാജ്യസഭാംഗമായി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാഹിത്യ, സഹകരണരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച തലേക്കുന്നിൽ ബഷീർ, അനവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. വെളിച്ചം കൂടുതൽ വെളിച്ചം, മണ്ഡേലയുടെ നാട്ടിൽ, ഓളവും തീരവും, രാജീവ് ഗാന്ധി–സുര്യതേജസ്സിന്റെ ഓർമയ്ക്ക്, വളരുന്ന ഇന്ത്യ– തളരുന്ന കേരളം എന്നിവ പ്രധാന പുസ്തകങ്ങളാണ്.
ചലച്ചിത്ര നടനായ പ്രേംനസീറിന്റെ സഹോദരീ ഭർത്താവാണ്. ഭാര്യ: പരേതയായ സുഹ്റ ബഷീർ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version