പ്രണയപ്പക, 19കാരിയായ കാമുകിയെ കൈ വെട്ടിമാറ്റി ക്രൂരമായി കൊലപ്പെടുത്തി

ഡോദര: ഗോധ്ര സ്വദേശി തൃഷ സോളാങ്കി എന്ന 19 വയസുകാരിയെ യുവാവ് വെട്ടിക്കൊന്നു. പ്രണയത്തിൽനിന്ന് പിന്മാറി എന്നാരോപിച്ചാണ് ഈ ക്രൂരത. ഗുജറാത്തിലെ വഡോദരയിലാണ് ക്രൂരമായ ഈ സംഭവം. 23 കാരനായ പ്രതി കൽപേഷ് ഠാക്കൂർ പൊലീസ് പിടിയിലായി.

ദേശീയപാത 48ന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് കഴിഞ്ഞദിവസം രാത്രി പ്രതി കൽപേഷ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ഇയാൾ രക്ഷപ്പെട്ടു. വഴിയാത്രക്കാരിയായ സ്ത്രീ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ വസ്ത്രത്തിൽനിന്ന് ആധാർ കാർഡ് കണ്ടെടുത്തു. കൊല്ലപ്പെട്ടത് തൃഷ സോളാങ്കിയാണെന്ന് അങ്ങനെയാണ് തിരിച്ചറിഞ്ഞത്.
മത്സരപരീക്ഷകൾക്കുള്ള പരിശീലനത്തിനാണ് ഗോധ്ര സ്വദേശിയായ തൃഷ വഡോദരയിലെത്തിയത്. ഇവിടെ അമ്മാവന്റെ വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്.
പ്രണയത്തിൽനിന്ന് പിന്മാറിയ തൃഷ മറ്റൊരാളുമായി അടുപ്പം പുലർത്തിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി നൽകിയ മൊഴി. മൂന്നുവർഷമായി തൃഷയുമായി പ്രണയത്തിലായിരുന്നു. മാസങ്ങൾക്ക് മുമ്പ് യുവതി നാട്ടിൽ പോയി തിരിച്ചുവന്നതിന് ശേഷം അടുപ്പം കാണിച്ചില്ല. തൃഷയുമായുള്ള ബന്ധം തുടരാൻ പലവിധത്തിൽ ശ്രമിച്ചെങ്കിലും അവൾ അകൽച്ച തുടർന്നു. മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
ഇതറിഞ്ഞ കൽപേഷ് ദിവസങ്ങൾക്ക് മുമ്പ് ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്രേ.
ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പെൺകുട്ടിയെ വിളിച്ചുവരുത്തിയത്. നഗരത്തിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് നേരിട്ട് കാണാമെന്ന് സമ്മതിച്ച തൃഷ സ്കൂട്ടറിൽ സ്ഥലത്തെത്തി.
കൽപേഷ് ബൈക്കിൽ ഒരു സുഹൃത്തിനൊപ്പമാണ് എത്തിയത്. ദേശീയപാതയ്ക്ക് സമീപത്തെ വിജനമായ സ്ഥലത്താണ് ഇരുവരും സന്ധിച്ചത്. പുതിയ ബന്ധം അവസാനിപ്പിക്കണമെന്നും താനുമായുള്ള ബന്ധം തുടരണമെന്നും പ്രതി ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ തന്നെ തൃഷ വിസമ്മതിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
കുപിതനായ കൽപേഷ് ഷർട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്ന കത്തി പുറത്തെടുത്ത് യുവതിയെ വെട്ടി.
യുവതിയുടെ കഴുത്തിലാണ് ആദ്യം വെട്ടേറ്റത്. തടയാൻ ശ്രമിച്ചപ്പോൾ കൈയ്ക്കും വെട്ടേറ്റു. കൈ വെട്ടിമാറ്റിയ പ്രതി ശരീരമാസകലം വെട്ടിപരിക്കേൽപ്പിച്ച് മരണം ഉറപ്പാക്കി. സംഭവത്തിന് ശേഷം പെൺകുട്ടിയുടെ സ്കൂട്ടറുമായി ഹൈവേയിലെത്തിയ പ്രതി, സ്കൂട്ടർ ഉപേക്ഷിച്ച് റോഡരികിൽ കാത്തുനിന്ന സുഹൃത്തിന്റെ ബൈക്കിൽ കയറി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ മൊബൈൽ ഫോണും ഇയാളുടെ കൈക്കലാക്കിയിരുന്നു. വീട്ടിലെത്തിയ ശേഷം കൽപേഷ് രക്തംപുരണ്ട വസ്ത്രമെല്ലാം മാറ്റി കുളിച്ചു. തൃഷയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം പ്രതി ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചതായും പോലീസ് പറഞ്ഞു.

പഠനത്തിൽ മികവു പുലർത്തിയിരുന്ന തൃഷ അടുത്തിടെ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ വിജയം നേടിയിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version