KeralaNEWS

സഞ്ചാരികളേ, ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നിങ്ങള്‍ മറക്കാതെ കാണേണ്ട അഞ്ച് വിനോദ സഞ്ചാരകേന്ദ്രങ്ങൾ

 

​ഗോളതലത്തിൽ, പ്രിയപ്പെട്ട വിനോദസഞ്ചാര മേഖലകളില്‍ മുന്‍നിരയിലാണ് കേരളം. പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ഭൂമിയിലെ സ്വർഗം.

കായലും, കടലോരങ്ങളും,മലകളും, വെള്ളച്ചാട്ടങ്ങളും, വന്യമൃഗ സങ്കേതങ്ങളും തുടങ്ങി എണ്ണമറ്റ വിസ്മയങ്ങൾ ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ സഞ്ചാരികളെ കാത്തിരിക്കുന്നു. വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ കേരളം, ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ട്.

കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കടൽത്തീരങ്ങളായ കോവളം, വർക്കല, ശംഖുമുഖം, ആലപ്പുഴ, ചെറായി, ബേക്കൽ, മുഴപ്പലിങ്ങാട് തുടങ്ങിയവയും അഷ്ടമുടിക്കായൽ, കുമരകം, പാതിരാമണൽ തുടങ്ങിയ കായലുകളും നെയ്യാർ, മൂന്നാർ, നെല്ലിയാമ്പതി, ദേവികുളം, പൊൻ‌മുടി, വയനാട്‌, പൈതൽമല, വാഗമൺ തുടങ്ങിയ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളും പെരിയാർ കടുവ സംരക്ഷിത പ്രദേശം, ഇരവികുളം ദേശീയോദ്യാനം എന്നീ വന്യജീവിസം‌രക്ഷണ കേന്ദ്രങ്ങളും ഉൾപ്പെടുന്നു.

സാംസ്കാരിക പൈതൃകങ്ങളായ കോട്ടകളും, കൊട്ടാരങ്ങളും, സ്മാരകങ്ങളും, ആരാധനാലയങ്ങളും കേരളത്തിന്‍റെ മാറ്റ് കൂട്ടുന്നു. ടൂറിസ്റ്റുകൾ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കേരളത്തിലെ അഞ്ച് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മഞ്ഞും മലകളും കാറ്റും കാടും കുളിരണിയിക്കുന്ന പൊന്മുടി

പൊന്മുടിയിലേക്കുള്ള റോഡു യാത്ര എപ്പോഴും ഉല്ലാസകരമാണ്. നഗരത്തിനടുത്ത് ഇത്ര ശാന്തവും പ്രകൃതിസുന്ദരവുമായ പ്രദേശം മറ്റെങ്ങും ഉണ്ടാകാനിടയില്ല. കടല്‍ തീരത്താണ് തിരുവനന്തപുരം നഗരം. എന്നാല്‍ പൊന്മുടിയിലേക്കുള്ള യാത്ര തുടങ്ങി അരമണിക്കൂര്‍ പിന്നിടേണ്ട, ഉയരം കൂടിയ ഭൂപ്രകൃതിയും ചെറുകുന്നുകളും പച്ചപ്പും തണുത്ത കാറ്റും സ്വാഗതം ചെയ്യും. പൊന്മുടിയിലേക്കുള്ള യാത്രയിലുളള ഇടത്താവളമാണ് കല്ലാര്‍.

പൊന്മുടിയുടെ മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന കല്ലാര്‍, സമതലങ്ങളിലേക്കു പ്രവേശിക്കുന്ന ഇടമാണിത്. റോഡരികില്‍ നിന്നു കുറച്ചകലെയായി മീന്‍മുട്ടി വെള്ളച്ചാട്ടമുണ്ട്. കല്ലാറിന്റെ തീരംചേര്‍ന്നുളള നടപ്പാതയിലൂടെ ഒരു കിലോമീറ്ററോളം നടന്ന് പുഴ മുറിച്ചു കടന്നാല്‍ വെളളച്ചാട്ടം കാണാം.

സാഹസിക നടത്തത്തിനും കാട്ടിനുള്ളില്‍ തമ്പടിക്കാനും കല്ലാറില്‍ സാധ്യതകളുണ്ട്. പൊന്മുടിയില്‍ എത്തിച്ചേര്‍ന്നാലും സാഹസിക നടത്തത്തിന് കാട്ടുവഴികളേറെയുണ്ട്. റോഡരികിലെ തിരക്കില്‍ നിന്ന് കാടിന്റെ ശാന്തതയിലേക്കു നീങ്ങിയാല്‍ കാട്ടുപൂക്കളും, ചിത്രശലഭങ്ങളും സന്ദര്‍ശകര്‍ക്കു കാഴ്ച്ചയാകും. സായാഹ്നമെത്തുമ്പോഴേക്കും കൂടെ മൂടല്‍മഞ്ഞും കുട്ടിനെത്തും.

സഞ്ചാരികളുടെ മനം കവരുന്ന ദ്വീപ്: ബോള്‍ഗാട്ടി

എറണാകുളം നഗരത്തോടു തൊട്ടുരുമി കിടക്കുന്ന മനോഹരമായ ദ്വീപാണ് ബോള്‍ഗാട്ടി. പ്രകൃതിയുടെ ചാരുതകൾ പരമാവധി പ്രയോജനപ്പെടുത്തി ഡച്ചുകാര്‍ 1744-ല്‍ നിര്‍മ്മിച്ചതാണ് ബോള്‍ഗാട്ടി കൊട്ടാരം. ഡച്ചുകാരില്‍ നിന്നും ബ്രിട്ടീഷ് ഭരണാധികാരികള്‍ കൈവശമാക്കിയ കൊട്ടാരം ഇന്ന് കെ.ടി.ഡി.സിക്കു കീഴിലുളള ആഡംബര ഹോട്ടലാണ്. ഹണിമൂണ്‍ കോട്ടേജുകളും, ഗോള്‍ഫ് കോഴ്‌സും മറ്റുമുള്ള ഈ ഹോട്ടല്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണിന്ന്.

കൊച്ചി അന്താരാഷ്ട്ര മറീന, ബോള്‍ഗാട്ടിയിലാണ്. ഇന്ത്യയിലെ ആദ്യ മറീനയായ കൊച്ചിയില്‍ ആഡംബര നൗകകള്‍ നങ്കൂരമിടാനുള്ള സൗകര്യമുണ്ട്. നൗകകള്‍ക്കു ആവശ്യമായ ജലം, വൈദ്യുതി എന്നിവയും ശുചീകരണ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു.

ബോള്‍ഗാട്ടിയിലെ ഇവന്റ് സെന്റര്‍ പ്രധാന അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ കേന്ദ്രവും, വിവാഹം തുടങ്ങിയ മംഗള കര്‍മ്മങ്ങളുടെ വേദിയുമാണ്. കൊച്ചിക്കായലും, തുറമുഖവും, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലും, അറബിക്കടലും പശ്ചാത്തലത്തിലുള്ള ബോള്‍ഗാട്ടിക്കു തുല്യമായി മറ്റൊരിടവുമില്ലെന്നു തന്നെ പറയാം.

ഹരിതചാരുത പുണരുന്ന തെന്മല

രാജ്യത്തെ തന്നെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് തെന്മലയിലേത്. കൊല്ലം – ചെങ്കോട്ട റോഡും, തിരുവനന്തപുരം – ചെങ്കോട്ട റോഡും സന്ധിക്കുന്നത് തെന്മലയിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി പരന്നു കിടക്കുന്ന മലനിരകളെ ബന്ധിപ്പിച്ച് 10 ഇടങ്ങളിലായാണ് തെന്മല പദ്ധതി. തെന്മല എന്ന വാക്കു തന്നെ തേന്‍മല എന്നതിന്റെ ഉച്ചാരണഭേദമാണ്. തോട്ടങ്ങളും, കുന്നുകളും, സ്വാഭാവിക വനങ്ങളും ഉള്‍പ്പെടുന്ന പ്രകൃതി ജാലകമാണ് തെന്മലയിലേത്. തെന്മല ജലസംഭരണിയിലെ ബോട്ടിംഗ് വേറിട്ടൊരു അനുഭവമാണ്.

കൊല്ലത്തു നിന്നു 66 കിലോമീറ്റര്‍ അകലെയാണ് തെന്മല. മരങ്ങളുടെ പച്ചമേലാപ്പിനിടയിലൂടെ ഒരു ആകാശയാത്ര തെന്മലയിലെ പ്രധാന ആകര്‍ഷണമാണ്. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് വലകള്‍ ഒരുക്കുന്ന ഈ ആടുംപാത. കൂടാതെ ഒട്ടേറെ ശില്പങ്ങളാല്‍ സമ്പന്നമായ കുട്ടികളുടെ പൂന്തോട്ടവും വൈകുന്നേരം ഉല്ലാസ നടത്തത്തിനുള്ള തറയോടു പാകിയ വഴികളും ഈ കേന്ദ്രത്തെ നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. നിര്‍മ്മിതമായ സൗകര്യങ്ങള്‍ക്കപ്പുറം യഥാര്‍ത്ഥ വന്യാനുഭൂതി നുകരാന്‍ കാടിനുള്ളില്‍ ഏറുമാടങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

തെന്മലയില്‍ ഒരുക്കിയിട്ടുള്ള നക്ഷത്ര വനം മറ്റൊരു കൗതുകമാണ്. മലയാളം പഞ്ചാംഗം അനുസരിച്ച് ദിവസങ്ങളെ 27 നക്ഷത്രങ്ങളായി തിരിച്ചിട്ടുണ്ട്, ഈ ജന്മനക്ഷത്രങ്ങള്‍ക്ക് ഓരോന്നിനും ഓരോ വൃക്ഷവും പക്ഷിയും മൃഗവും പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 27 ജന്മ നക്ഷത്രങ്ങളുടെയും വനം ആണ് നക്ഷത്രവനം. ഇവിടെ നിന്ന് ഓരോ ജന്മനക്ഷത്രത്തിനോടും ചേര്‍ന്ന വൃക്ഷത്തിന്റെ തൈ വാങ്ങാനും സൗകര്യമുണ്ട്. തെന്മലയില്‍ തന്നെ ഒരു മാന്‍ പുനരധിവാസ കേന്ദ്രവുമുണ്ട്. പരിക്കേറ്റതും, ഉപേക്ഷിക്കപ്പെട്ടതുമായ മാന്‍കുഞ്ഞുങ്ങളെ പരിപാലിച്ച് തിരിച്ച് കാട്ടിലേക്കു വിടുന്ന കേന്ദ്രമാണിത്. ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലേക്ക് ബോട്ടു യാത്രയും ഈ പദ്ധതിയുടെ ഭാഗമായുണ്ട്.

നീലക്കുറിഞ്ഞി പൂക്കുന്ന മൂന്നാര്‍

മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍. തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്‍. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍ എന്നിങ്ങനെ മൂന്നാര്‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്.

പുല്‍മേടുകളും, കാട്ടുചോലകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി മൂന്നാർ മലകൾക്ക് നീല നിറം പകരും. 2018-ലായിരുന്നു അവസാനമായി നീലക്കുറിഞ്ഞി പൂത്തത്. ഇനി 2030-ല്‍ ഈ കുറിഞ്ഞി പുഷ്പിക്കും. തെക്കേയിന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ, 2695 മീറ്റര്‍ ഉയരമുള്ള ആനമുടി മൂന്നാറിനടുത്താണ്. ഈ മേഖല സാഹസിക നടത്തത്തിന് യോജിച്ചതാണ്.

ശില്പഭംഗിയും പരമ്പരാഗതകലകളും സമ്മേളിക്കുന്ന ബേക്കല്‍ കോട്ട

കാസര്‍ഗോഡ് ജില്ലയിലാണ് വിശാലമായ ബേക്കല്‍ കോട്ട. കേരളത്തിലെ വന്‍ കോട്ടകളില്‍ ഒന്നായ ബേക്കല്‍ ശ്രദ്ധാപൂര്‍വം സംരക്ഷിച്ചു വരുന്നു. സമുദ്രനിരപ്പില്‍ നിന്നും 130 അടി ഉയരത്തിലാണ് ബേക്കല്‍ കോട്ട. കടലിനോടു ചേര്‍ന്നു കുത്തനെയുള്ള കുന്നിലാണ് കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. കടല്‍ത്തീരത്ത് നിന്ന് നോക്കുമ്പോഴാണ് കോട്ടയുടെ ഗാംഭീര്യം നന്നായി ആസ്വദിക്കാന്‍ കഴിയുക. ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന സ്ഥലം കൂടിയാണ് ബേക്കല്‍ കോട്ട.

കോട്ടയിലെ നിരീക്ഷണ ഗോപുരം, സമീപത്തെ ആഞ്ജനേയ ക്ഷേത്രം, വെട്ടുകല്ലിൽ നിര്‍മ്മിച്ച തെയ്യം കലാരൂപം, ടിപ്പു സുല്‍ത്താന്‍ പണി കഴിപ്പിച്ച പുരാതന ദേവാലയം, അനേകം തുരങ്കങ്ങള്‍, ശില്‍പ്പകല വ്യത്യസ്തമാക്കുന്ന ‘റോക്ക് ഗാര്‍ഡന്‍’, വൃക്ഷങ്ങള്‍ നട്ടു മനോഹരമാക്കിയ നടപ്പാതകള്‍ ഇവയെല്ലാം ആകര്‍ഷകമാണ്.
രാത്രിയിലെ ദീപാലങ്കാരത്തില്‍ കോട്ടയും പരിസരവും അലൗകികമായ സൗന്ദര്യത്തില്‍ മുങ്ങും.

Back to top button
error: