NEWS

കാറും ബൈക്കും ഇല്ലാത്തവർ എന്ത് ചെയ്യും?

നിരക്ക് വര്‍ധനയെന്ന ആവശ്യവുമായി സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം ആരംഭിച്ചു കഴിഞ്ഞു.ഇന്ധനവില ദിവസത്തിന് ദിവസം കൂടിക്കൊണ്ടിരിക്കുമ്പോൾ ആവശ്യം ന്യായം തന്നെ.പക്ഷെ കുട്ടികളുടെ വാർഷിക പരീക്ഷ നടക്കുന്നതിനിടയിൽ തന്നെ വേണമായിരുന്നോ എന്നതാണ് ചോദ്യം.ഇത്രയും കാലം കാത്തിരിക്കാമായിരുന്നുവെങ്കിൽ ഒരാഴ്ച കൂടി അങ്ങോട്ട് മാറിയാൽ എന്തായിരുന്നു കുഴപ്പം ?

 

അനിശ്ചിത കാലത്തേക്കാണ് ബസ് സമരം. കെഎസ്‌ആര്‍ടിസി ഹൈവേ വഴിയുള്ളത് ഒഴികെ അധിക സര്‍വ്വീസുകള്‍ നടത്തുന്നുമില്ല. പലയിടത്തും കൃത്യ സമയത്ത് ബസ് കിട്ടാതെ ജനം വലയുകയാണ്. പരീക്ഷ കാലത്തെ ഈ സമരം വിദ്യാര്‍ഥികളെ കൂടുതല്‍  ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. ഈ കുട്ടികള്‍ എങ്ങനെ സ്‌കൂളില്‍ കൃത്യ സമയത്ത് എത്തും? ജോലിക്ക് പോകുന്നവര്‍ എങ്ങനെ ജോലി സ്ഥലത്ത് എത്തും തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ ഈ ബസ് സമരത്തിനൊപ്പം കൂട്ടി വായിക്കേണ്ടിയിരിക്കുന്നു.എല്ലാവരും കാറും ബൈക്കും ഉള്ളവരല്ലല്ലോ.അവരുടെ കാര്യം ?
മധ്യ കേരളത്തിലും മലബാര്‍ മേഖലയിലും നാട്ടിന്‍ പുറങ്ങളിലുമാണ് സ്വകാര്യ ബസുകളെ ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നത്.അതേസമയം തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയില്ലെന്നത് ആശ്വാസമാണ്. ഉടമസ്ഥര്‍ പറഞ്ഞതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറക്കിയെന്നാണ് ജീവനക്കാര്‍ പറയുന്നത്.എന്തായാലും അവർക്കൊരു പൂച്ചെണ്ട് നൽകാതിരിക്കാൻ കഴിയില്ല.
മിനിമം ചാര്‍ജ് 12 രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് ആറ് രൂപയാക്കണം.ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍. വിലക്കയറ്റത്തിനിടയില്‍ ബസ് ചാര്‍ജ് വര്‍ധന സാധാരണക്കാര്‍ക്ക് ഇരട്ട പ്രഹരമാകുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനെ കുഴപ്പിക്കുന്നത്.അതിനാൽ ചാര്‍ജ് വര്‍ധനയില്‍ എല്‍ഡിഎഫിന്റെ അനുമതിയും വൈകുകയാണ്.ഇക്കണക്കിനാണെങ്കിൽ  വരും ദിവസങ്ങളില്‍ ഓട്ടോ ടാക്‌സി പണി മുടക്കും തുടങ്ങിയേക്കും എന്നാണ് സൂചന.

Back to top button
error: