KeralaNEWS

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനൊപ്പം സെൽഫി എടുത്തതിൽ ദുഃഖമില്ലെന്ന് കോൺ​ഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനൊപ്പം സെൽഫി എടുത്തതിൽ ദുഃഖമില്ലെന്ന് കോൺ​ഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ. സെൽഫി എടുത്തത് സാധാരണ നടപടിയാണെന്നും അതിൽ ദുഃഖമില്ലെന്നും അവർ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനൊപ്പമുള്ള ജെബി മേത്തറിന്റെ സെല്‍ഫി ഉയര്‍ത്തിക്കാട്ടി വിമര്‍ശനങ്ങള്‍ ഉയർന്നത്.

2021ല്‍ ദിലീപിനൊപ്പം ജെബി മേത്തര്‍ എടുത്ത ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സഹപ്രവര്‍ത്തകയായ നടിയെ ആക്രമിക്കുന്നതിനായി ക്വട്ടേഷന്‍ കൊടുത്ത പ്രതിയെ ആഘോഷിക്കുന്ന വനിതയാണോ കോണ്‍ഗ്രസിന്റെ എംപി സ്ഥാനാര്‍ത്ഥി എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്ന വിമര്‍ശനം.

രാഷ്‌ട്രീയരംഗത്തുള്ളവരും പല കേസുകളിലും പ്രതിയാകാറുണ്ട്. അവര്‍ക്കൊപ്പം വേദി പങ്കിടാറുണ്ട്. നടിക്ക് വേണ്ടി പൊതുപരിപാടിയിൽ പങ്കെടുത്ത ആളാണ് താൻ എന്നും ജെബി മേത്തർ പറഞ്ഞു. 2021 നവംബറില്‍ നടന്ന ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് എത്തിയപ്പോള്‍ ജെബി മേത്തര്‍ എടുത്ത സെല്‍ഫിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

സെല്‍ഫിയില്‍ നടന്‍ ദിലീപിനോടൊപ്പം ആലുവ നഗരസഭയുടെ വൈസ് ചെയര്‍മാനായ ജെബി മേത്തറും മറ്റ് അംഗങ്ങളുമാണ് ഉള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയായ ശേഷം പങ്കെടുത്ത പൊതുപരിപാടിയായിരുന്നു ഇതെന്ന പ്രത്യേകതയും ഉണ്ട്.

Back to top button
error: