FictionLIFEMovieNewsthen Special

വനിതാ ദിനത്തില്‍ മാത്രം ആഘോഷിക്കപ്പെടേണ്ടവരാണോ വനിതകൾ?

“സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം” ഇതാണ് 2022 ലെ സ്ത്രീദിന മുദ്രാവാക്യം. ലിംഗ സമത്വം എത്ര കാലമായി പറഞ്ഞുകൊണ്ടേയിരിക്കുന്നു.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം.

ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു .ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്. യാഥാസ്ഥിക പുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം  ഇതിന്റെ ഭാഗമാണ്. ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആശയങ്ങൾ ഇതുമായി ബന്ധപെട്ടു ഉയർത്തിപ്പിടിക്കാറുണ്ട്. സ്ത്രീകളോടുള്ള വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.

2011 മാർച്ച്‌ എട്ടിന്, ലോകമെമ്പാടുമായി, 1600 സ്ഥലങ്ങളിൽ, അന്താരാഷ്ട്രവനിതാദിനം ഔദ്യോഗികമായി ആചരിക്കപ്പെട്ടു. ചൈന , റഷ്യ, വിയെറ്റ്നാം, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ ദേശീയ അവധി അനുവദിക്കപ്പെട്ടു. വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ നൂറുവർഷം പിന്നിട്ടിട്ടും, സ്ത്രീ-പുരുഷ അസമത്വം നിലനിൽക്കുന്നതായി 82 ശതമാനം യൂറോപ്പ്യരും വിലയിരുത്തുന്നു . സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം ഇല്ലാതാക്കണമെന്ന് 61 ശതമാനം പേർ ആവശ്യപ്പെടുന്നു. ശൈശവ വിവാഹ നിരോധനം, ഗർഭനിരോധനം, നിയമ വിധേയമായ ഗർഭച്ചിദ്രം ‍,സ്തനാർബുദം കണ്ടെത്താനുള്ള മമോഗ്രാം പരിശോധന, ആരോഗ്യരംഗത്തെ മറ്റു സാങ്കേതിക വളർച്ച എന്നിവ ഇക്കാലയളവിലെ വൻ നേട്ടങ്ങളാണെന്ന് മാർഗരെറ്റ് താചെർ അഭിപ്രായപ്പെടുന്നു.

Back to top button
error: