Crime

ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമം; ഏഴ് യുവതികള്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി

കൊച്ചി: കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിന്റെ ലൈംഗിക അതിക്രമത്തിനെതിരേ കഴിഞ്ഞ ദിവസം നിരവധി പെണ്‍കുട്ടികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ഏഴു യുവതികള്‍ വെള്ളിയാഴ്ച വൈകീട്ട് കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കി. ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് എന്നയാള്‍ക്കെതിരെയാണ് ഏഴു യുവതികള്‍ കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ മുന്‍പാകെ നേരിട്ടെത്തി പരാതി നല്‍കിയത്. ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവയാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍.

അതേസമയം ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരേ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മീ ടു ആരോപിച്ച ഒരു യുവതി പരാതിയില്ലെന്ന് കമ്മീഷണറുടെ മുന്‍പാകെ അറിയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ മറ്റ് യുവതികള്‍ പരാതി നല്‍കുന്നതുമായി മുന്നോട്ട് പോകുകയായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതി നല്‍കുമെന്നും ഇവര്‍ അറിയിച്ചു. മാസ് പെറ്റീഷനായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും യുവതികള്‍ പറഞ്ഞു. കമ്മീഷണര്‍ പൂര്‍ണ പിന്തുണയാണ് ഇക്കാര്യത്തില്‍ നല്‍കുന്നതെന്നും പരാതിയില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചതായും യുവതികള്‍ പറഞ്ഞു.

വിഷയത്തില്‍ ‘വയാ കൊച്ചി’ എന്ന കൂട്ടായ്മയും യുവതികള്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്. നിയമനടപടികളിലും മറ്റും യുവതികളോടൊപ്പം ഉണ്ടാകുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടണം, അതില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ല, എപ്പോഴും അതിജീവിച്ചവരോടൊപ്പമാണെന്നും ‘വയാ കൊച്ചി’ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് കൊച്ചിയിലെ നിരവധി ടാറ്റൂ സ്റ്റൂഡിയോകളില്‍ ഇന്ന് പോലീസിന്റെ മിന്നല്‍ പരിശോധന ഉണ്ടായിരുന്നു. കൃത്യമായ ലൈസന്‍സും മറ്റ് രേഖകളും ഇല്ലാത്ത സ്റ്റൂഡിയോകള്‍ ഉടന്‍ തന്നെ പോലീസ് അടപ്പിക്കുകയും ചെയ്തു.

Back to top button
error: