മയക്കുമരുന്ന് ലഹരിയില്‍ കാമുകനെ വെട്ടിമുറിച്ച് പലയിടത്തായി ഇട്ടു; യുവതി അറസ്റ്റില്‍

വിസ്‌കോണ്‍സില്‍: മയക്കുമരുന്ന് ലഹരിയില്‍ കാമുകന്റെ അവയവങ്ങള്‍ അറുത്തെടുത്ത് വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ച യുവതി അറസ്റ്റില്‍. യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം നടന്ന കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാര്‍ച്ച് രണ്ടിനാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് ടെയ്‌ലറെ (24) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രീന്‍ ബെ സ്റ്റോണ്‍ ബ്രൂക്ക് ലെയ്നിലുള്ള വീട്ടില്‍വെച്ചായിരുന്നു സംഭവം. ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.

മയക്കുമരുന്നിന്റെ ലഹരിയില്‍ കാമുകി ടെയ്‌ലര്‍, കാമുകനെ കഴുത്തു ഞെരിച്ചു കൊന്നുവെന്ന് ഉറപ്പുവരുത്തിയശേഷം അടുക്കളയിലിരുന്നിരുന്ന കത്തിയെടുത്ത് തല, കാല്‍, കാല്‍പാദം എന്നിവ വെട്ടിയെടുത്ത് ബക്കറ്റിലും ക്രോക്ക് പോട്ടിലും നിക്ഷേപിക്കുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ മാതാവാണ് ആദ്യമായി ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന തല കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മറ്റു പല ഭാഗത്തുനിന്നും യുവാവിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. വാനില്‍നിന്നും ചില ഭാഗങ്ങള്‍ കണ്ടെടുത്തിരുന്നു.

യുവാവിനോടൊപ്പം ഒടുവില്‍ കണ്ടെത്തിയ ടെയ്‌ലറാണ് കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ടെയ്‌ലര്‍ സമ്മതിച്ചു. യുവാവിന്റെ ശരീരഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിക്കുക എന്നത് ഒരു തമാശയായിട്ടാണ് കരുതിയതെന്ന് യുവതി പിന്നീട് സമ്മതിച്ചു. ടെയ്‌ലര്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഡൗണ്‍ കൗണ്ടി കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് 20 ലക്ഷം ഡോളറിന്റെ ജാമ്യം അനുവദിച്ചു. പിന്നീട് കൗണ്ടി ജയിലിലടച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version