ശ്രീലങ്കയുടെ സമ്പദ്‌ വ്യവസ്ഥ കടുത്ത വെല്ലുവിളികള്‍ നേരിടുന്നുവെന്ന് ഐഎംഎഫ്

കൊളംബോ: ശ്രീലങ്കയുടെ സമ്പദ്‌ വ്യവസ്ഥ കടുത്ത വെല്ലുവിളികള്‍ അഭിമുഖീകരിക്കുകയാണെന്ന് ഐഎംഎഫ്. പൊതുകടം അനിയന്ത്രതമായ തലത്തില്‍ എത്തിയതോടെയാണ് രൂക്ഷ പ്രതിസന്ധി ഉടലെടുക്കുന്നത്. കരുതല്‍ ശേഖരം കുറയുന്നതിനാല്‍ ശ്രീലങ്ക ഇപ്പോള്‍ കടുത്ത വിദേശനാണ്യ പ്രതിസന്ധിയുടെയും പിടിയിലാണ്. അവശ്യ സാധനങ്ങളുടെ ഇറക്കുമതിക്കുള്ള ബില്‍ സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്നില്ല.

‘ശ്രീലങ്കയെ കോവിഡ്-19 സാരമായി ബാധിച്ചു. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്, പൊതുകടം ഉയര്‍ന്നു. അതിന്റെ അപകടങ്ങള്‍ക്കും ആഘാതങ്ങള്‍ക്കും രാജ്യം ഇരയാകുന്നു. 2019 ലെ ഈസ്റ്റര്‍ ഞായറാഴ്ച നടന്ന ഭീകരാക്രമണം, സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. 2019 അവസാനത്തോടെ വലിയ നികുതി ഇളവുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന നയ മാറ്റങ്ങള്‍ സംഭവിച്ചു” ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഒരു പ്രസ്താവനയില്‍ പറഞ്ഞു.

സാമ്പത്തിക വീണ്ടെടുക്കല്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, സുസ്ഥിരമല്ലാത്ത തലത്തിലേക്ക് ഉയര്‍ന്ന പൊതുകടം, കുറഞ്ഞ അന്താരാഷ്ട്ര കരുതല്‍ ശേഖരം, വരും വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന വലിയ സാമ്പത്തിക ആവശ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ രാജ്യം നേരിടുന്നുണ്ടെന്ന് ഐഎംഎഫ് ഡയറക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

ദ്വീപിന്റെ സമ്പദ്വ്യവസ്ഥയില്‍ അടിയന്തര പരിഷ്‌കാരങ്ങള്‍ വേണമെന്നും ഐഎംഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ദ്വീപിന്റെ വിദേശ കരുതല്‍ ശേഖരം നിര്‍ണായകമായി താഴ്ന്ന നിലയിലായതിനാല്‍ ഐഎംഎഫ് ജാമ്യം തേടാന്‍ ഗവണ്‍മെന്റിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നുണ്ട്. ഊര്‍ജ്ജ-വൈദ്യുതി പ്രതിസന്ധിയും, അവശ്യവസ്തുക്കളുടെയും മരുന്നുകളുടെയും ദൗര്‍ലഭ്യവും പ്രതിസന്ധി രൂക്ഷമാക്കുന്നു. താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം ഇല്ലാത്തതിനാല്‍ വൈദ്യുതി ഉല്‍പ്പാദനം പ്രതിസന്ധിയിലായി. അടുത്ത ഏതാനും ദിവസങ്ങളില്‍ ദിവസം അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ വൈദ്യുതി മുടങ്ങുമെന്ന് പവര്‍ റെഗുലേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version