MovieNEWS

നാരദൻ, വർത്തമാനകാല മാധ്യമ സംസ്കാരത്തിൻ്റെ നേർചിത്രം

ര്‍ണാബ് ഗോസ്വാമിയുടെ കഥ നമ്മുടെ മാധ്യമരംഗം അത്ര വേഗം മറക്കാൻ സാധ്യതയില്ല. ആക്രോശം എന്ന ഒറ്റ വാക്കില്‍ തെളിയുന്ന ആദ്യ രൂപമാണ് അർണാബ്. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും ഒരു വലയം അര്‍ണാബിന് ചുറ്റും എന്നുമുണ്ട്.

മാധ്യമ മര്യാദയുടെ പരിധികളൊന്നും ഇദ്ദേഹത്തിനു ബാധകമല്ല.
ചര്‍ച്ചയ്ക്കു ക്ഷണിച്ചുവരുത്തുന്ന മാന്യന്മാരെ ഏറ്റവും മോശമായ ഭാഷയില്‍ അധിക്ഷേപിക്കാന്‍ അര്‍ണാബിനു ഒരു മടിയുമില്ല. ബി.ജെ.പിയുടെ പ്രവാചകനായി മാറിയ അർണാബ്, സ്വന്തം വീക്ഷണങ്ങൾ മറ്റുള്ളവരിലേക്ക് അടിച്ചേൽപിക്കാനും മിടുക്കനാണ്. ഒടുവിൽ സ്വന്തം അതിബുദ്ധിയുടെയും കുതന്ത്രങ്ങളുടെയും ഫലമായി അര്‍ണാബിന് ദീർഘനാൾ ജയിലറക്കുളളിൽ കഴിയേണ്ടിവന്നു.

ഇതേ രീതിയിൽ മാധ്യമരംഗത്തെ കുത്സിത പ്രവർത്തികളും ടി.ആര്‍.പി റേറ്റിംഗിനു വേണ്ടി നടത്തുന്ന കുതന്ത്രങ്ങളും യഥാതഥമായി ആവിഷ്ക്കരിക്കുന്ന, സമകാലിക സംഭവങ്ങളുടെ കണ്ണാടിയാണ് ‘നാരദൻ’എന്ന ചിത്രം.
ഉണ്ണി ആർ രചിച്ച് ആഷിക് അബു സംവിധാനം ചെയ്ത ‘നാരദൻ’ മലയാളിയുടെ കണ്ണു തുറപ്പിക്കുന്ന മികച്ചൊരു ചലച്ചിത്രാനുഭവമാണ്.
യുക്തിസഹമല്ലാത്ത, ജനാധിപത്യ വിരുദ്ധമായ മാധ്യമ ചർച്ചകൾ, വാർത്തയ്ക്കും റേറ്റിംഗിനും വേണ്ടിയുള്ള വിഷലപ്തിതമായ ദുഷിച്ച ചെയ്തികൾ ആകുമ്പോൾ സമീപകാലത്തു നമ്മുടെ കണ്മുന്നിൽ അരങ്ങേറിയ സംഭവങ്ങളെ ഓർമ്മിപ്പിക്കുന്നു.
മദിരാക്ഷികളെ രംഗത്തിറക്കി മന്ത്രിയുടെ കസേര തെറിപ്പിച്ച സംഭവം ഉൾപ്പടെ കേരളത്തിലെ മാധ്യമ രംഗത്തെ പല ഹീനകൃത്യങ്ങളുടെയും ഉള്ളുകള്ളികൾ ഈ സിനിമ പുറത്തു കൊണ്ടു വരുന്നുണ്ട്.
കടുത്ത നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമായി ടോവിനോ തിളങ്ങി. പതിഞ്ഞ താളത്തിൽ അഭിനയിച്ച് മുന്നോട്ട് നീങ്ങി ഒടുവിൽ തകർത്താടിയ ഇന്ദ്രൻസും ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. ജാഫർ ഇടുക്കിയും, വിജയരാഘവനും, ജയരാജ്‌ വാര്യരും, ജോയ് മാത്യുവും, നായിക അന്ന ബെന്നും, ക്യാമറമാൻ മനുവായി അഭിനയിച്ച രാജേഷ് മാധവനുമെല്ലാം ഉജ്വലമായി വേർഷപ്പകർച്ച നടത്തിയിട്ടുണ്ട്.
നേഹനായരും യാക്സൺ ഗ്യാരി പെരേരയും ചേർന്ന് നൽകിയ, സിനിമ ആവശ്യപ്പെടുന്ന ബിജിയം എടുത്ത് പറയേണ്ട ഘടകമാണ്. കൊച്ചി നഗരത്തിന്റെയും പീരുമേടിന്റെയും ഏരിയൽ ഷോട്ടുകൾ ഉൾപ്പെടെ നല്ല ഫ്രെയിമുകൾ കൊണ്ട് സമ്പന്നമാക്കിയ ജാഫർ സാദിക്കിന്റെ ക്യാമറയും ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. എല്ലാ നടീനടന്മാരുടെയും കൃത്യമായ കാസ്റ്റിംഗ് ആണ്. മാധ്യമരംഗവും വാർത്തകളും താത്പര്യമുള്ളവർക്ക് ഈ ചിത്രം വളരെയേറെ ഇഷ്ടപ്പെടും. വ്യാജ വാർത്തകൾ നൽകിയിട്ട് അത് തെറ്റാണെന്ന് ബോധ്യം വന്നാലും ഒരു തിരുത്ത് പോലും നൽകാൻ തയ്യാറാകാത്ത മാധ്യമങ്ങൾ, ആ വാർത്തകളിലൂടെ ജീവിതം തകർന്നവർക്കും മാനനഷ്ടമുണ്ടായവർക്കും എന്ത് മറുപടി നൽകും എന്ന വളരെ ഗൗരവതരമായ ചോദ്യം ഉയർത്തുക കൂടിയാണ് ഈ സിനിമ.

മാധ്യമമുറികളിൽ സ്വന്തം താത്പര്യങ്ങൾക്കനുസരിച്ചുള്ള കുറ്റവിചാരണ ഒരിക്കലും നടന്നു കൂടാത്തതാണ്. മറിച്ച്

ഇന്ത്യൻ ഭരണഘടനയെ മുൻ നിറുത്തി കോടതികളിൽ തന്നെയാണ് ആ കുറ്റവിചാരണകൾ നടക്കേണ്ടതെന്ന സത്യം അടിവരയിടുക കൂടിയാണ് നാരദൻ.

ഇന്ത്യൻ മാധ്യമ രംഗത്തെ പിടിച്ചുലച്ച ചില സംഭവങ്ങൾ ഓർമയിലെത്തുന്നത് ഈ ഘട്ടത്തിലാണ്. റിപ്പബ്ലിക് ടിവിയടക്കം ചില ചാനലുകള്‍ ടെലിവിഷൻ റേറ്റിങ്ങിൽ കൃത്രിമം കാട്ടിയതായി തെളിഞ്ഞതിനു പിന്നാലെയാണ് അര്‍ണാബ് ഗോസ്വാമി അന്ന് വിവാദങ്ങളിൽ അകപ്പെട്ടത്. ടി.ആര്‍.പി റേറ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലില്‍ രഹസ്യമായി ഇടപെട്ട് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചു എന്നതാണ് ആരോപണം.
റിപ്പബ്ലിക് ടിവിയടക്കം 3 ചാനലുകളുടെ ഡയറക്ടർമാരെയും ഉടമകളെയും പ്രതി ചേർത്താണ് മുബൈ പൊലീസ് കേസെടുത്തത്. ചാനല്‍ ട്യൂണ്‍ ചെയ്യുന്നതിന് ആളുകള്‍ക്ക് പ്രതിമാസം 400-500 രൂപയാണ് റിപബ്ലിക്ക് ചാനല്‍ നല്‍കിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
കലയും സാഹിത്യവും കാലത്തിൻ്റെ കണ്ണാടിയായി മാറുന്നത് ഇത്തരം കലാരൂപങ്ങളിലൂടെയാണ്.

Back to top button
error: