BusinessIndia

ആവശ്യക്കാര്‍ കുറഞ്ഞു; മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളുടെ വില്‍പ്പനയില്‍ 25% ഇടിവ്

മുംബൈ: ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ വില്‍പ്പന ഇടിവ് തുടരുന്നു. ഫെബ്രുവരി മാസം അഞ്ച് മുന്‍നിര വാഹന നിര്‍മാതാക്കളുടെ വില്‍പ്പനയില്‍ 25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ആവശ്യക്കാര്‍ കുറഞ്ഞതാണ് വിപണി നേരിടുന്ന പ്രധാന വെല്ലുവിളി. ഡിമാന്‍ഡ് ഇടിഞ്ഞതിനോടൊപ്പം സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമവും വാഹന വില്‍പ്പനയെ ബാധിച്ചു.

റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തെ ഇന്ധന വില ഉയര്‍ന്നാല്‍ ഇരുചക്ര വാഹന വില്‍പ്പനയെ ഇപ്പോഴൊന്നും ഉയരില്ലെന്നാണ് വിലയിരുത്തല്‍. അതേ സമയം വര്‍ക്ക് ഫ്രം ഹോം രീതി ഏറെക്കുറെ അവസാനിച്ചതും സ്‌കൂള്‍/കോളേജുകള്‍ പൂര്‍ണതോതില്‍ തുറന്നതും വരുംമാസങ്ങളില്‍ വില്‍പ്പന ഉയരാന്‍ സാഹായിച്ചേക്കും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022 ഫെബ്രുവരിയില്‍ വില്‍പ്പന ഏറ്റവും കൂടുതല്‍ ഇടിഞ്ഞത് ബജാജിന്റേതാണ്. 35 ശതമാനം ഇടിവോടെ 96,523 യൂണീറ്റുകളാണ് ഫെബ്രുവരിയില്‍ ബജാജ് വിറ്റത്.

ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം തുടരുന്ന ഹീറോ മോട്ടോകോര്‍പ്പിന്റെ വില്‍പ്പന 29 ശതമാനം ആണ് ഇടിഞ്ഞത്. 2021 ഫെബ്രുവരിയില്‍ അഞ്ച് ലക്ഷത്തിന് മുകളില്‍ വില്‍പ്പന ഉണ്ടായിരുന്ന ഹീറോ 2022 ഫെബ്രുവരി മാസം വിറ്റത് വെറും 358,254 യൂണീറ്റുകളാണ്. രണ്ടാം സ്ഥാനത്തുള്ള ഹോണ്ട മോട്ടോര്‍ സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യയുടെ വില്‍പ്പന 30.5 ശതമാനം ഇടിവോടെ 285,677 യൂണീറ്റിലെത്തി. 20 ശതമാനം ഇടിവോടെ 52,135 യൂണീറ്റുകള്‍ റോയല്‍ എന്‍ഫീല്‍ഡും വിറ്റു. ആദ്യ അഞ്ച് കമ്പനികളില്‍ കാര്യമായി വില്‍പ്പന ഇടിയാഞ്ഞത് ടിവിഎസിന്റേത് മാത്രമാണ്. 11 ശതമാനം ഇടിവോടെ 281,714 വാഹനങ്ങളാണ് ടിവിഎസ് വിറ്റത്.

 

Back to top button
error: