ഭാര്യ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്തു; വിവാഹമോചനം തേടി യുവാവ്

റിയാദ്: സൗദി അറേബ്യയില്‍ ഭാര്യ വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് വിവാഹമോചനം തേടി യുവാവ്. സൗദി സ്വദേശിയാണ് വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബന്ധം വേര്‍പെടുത്താനൊരുങ്ങുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. വിവാഹ മോചന കേസ് ഫയല്‍ ചെയ്ത സൗദി യുവാവിന് അനുകൂലമായാണ് ജിദ്ദ സിവില്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഭര്‍ത്താവില്‍ നിന്ന് ലഭിച്ച സ്ത്രീധനവും സ്വര്‍ണവും യുവതി തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. കോടതി രേഖകള്‍ പ്രകാരം പരാതിക്കാരനായ യുവാവും യുവതിയും മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. വിവാഹ സമയത്ത് സൗദി യുവാവ് യുവതിക്ക് 50,000 റിയാല്‍ പണവും കുറച്ച് സ്വര്‍ണവും നല്‍കി.

കുറച്ചുനാള്‍ കഴിഞ്ഞ് വിവാഹ പാര്‍ട്ടി നടത്താമെന്ന് ധാരണയുമായി. ഭാര്യ തന്നെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്തെന്നും ഭാര്യയുമായി സംസാരിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. ഭാര്യയുടെ പിതാവിനെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഭാര്യയോട് ഒന്നുകില്‍ തിരികെ വീട്ടില്‍ വരാനോ അല്ലെങ്കില്‍ സ്ത്രീധനം തിരികെ നല്‍കാനോ ആവശ്യപ്പെടുകയായിരുന്നെന്ന് ഇയാള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യുവാവിന്റെ സ്വഭാവം മോശമാണെന്നും തന്റെ മകള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞത് യുവാവ് സമ്മതിച്ചില്ലെന്നും യുവതിയുടെ പിതാവ് ആരോപിച്ചു. എന്നാല്‍ യുവാവ് ഇത് നിഷേധിച്ചു. രണ്ട് ഭാഗത്ത് നിന്നുമുള്ള വാദം കേട്ട കോടതി വിവാഹ മോചനം അനുവദിക്കുകയും യുവതി സ്ത്രീധനം തിരികെ നല്‍കണമെന്ന് ഉത്തരവിടുകയുമായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version