12 മലയാളി വിദ്യാര്‍ഥികള്‍കൂടി യുക്രെയ്‌നില്‍നിന്ന് കേരളത്തിലെത്തി

തിരുവനന്തപുരം:  യുക്രെയ്‌നില്‍ നിന്ന് 12 മലയാളി വിദ്യാര്‍ഥികള്‍ കൂടി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ അഞ്ചുപേരും കൊച്ചിയില്‍ ആറുപേരും കോഴിക്കോട് ഒരാളുമാണ് എത്തിയത്. യുക്രെയ്‌നിലുള്ള 3,493 പേര്‍ നോര്‍ക്ക റൂട്ട്സില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസിക്കും കൈമാറുന്നുണ്ട്.

യുക്രെയ്‌നിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയ പല വാട്ട്സാപ്പ് ഗ്രൂപ്പുകളിലും നോര്‍ക്ക ഉദ്യോഗസ്ഥര്‍ ഇതിനകം അംഗങ്ങളാണ്. എംബസിയില്‍ നിന്നും വിദേശകാര്യ വകുപ്പില്‍ നിന്നുമുള്ള അറിയിപ്പുകള്‍ ഈ ഗ്രൂപ്പുകള്‍ വഴിയും കൈമാറുന്നുണ്ട്. മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ എത്തുന്നവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ സൗകര്യങ്ങള്‍ ഒരിക്കിയിട്ടുണ്ട്. കേരളാ ഹൗസില്‍ ഇവര്‍ക്ക് താമസിക്കാനുള്ള സജ്ജീകരണവും തയാറാണ്. പൂര്‍ണമായും സൗജന്യമായി കേരള സര്‍ക്കാര്‍ അവരെ നാട്ടിലെത്തിക്കും.

വരും ദിവസങ്ങളില്‍ കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ തിരിച്ചെത്തും. വിദേശകാര്യമന്ത്രാലയവുമായി നിരന്തര ബന്ധം തുടരുകയാണ്. യുദ്ധഭൂമിയില്‍ അകപ്പെട്ട മലയാളി വിദ്യാര്‍ഥികള്‍ക്കായി നോര്‍ക്ക റൂട്ട്സില്‍ മുഴുവന്‍ സമയം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടരുകയാണ്. എല്ലാ സമയത്തും ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്യാനും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും ആവശ്യങ്ങളും കേള്‍ക്കാനും പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version