NEWSWorld

നിഷ്പക്ഷ നിലപാട് തുടരുമെന്ന് വ്യക്തമാക്കി ഇന്ത്യ

യുക്രൈൻ റഷ്യ യുദ്ധം മുറുകുന്ന സാഹചര്യത്തിൽ, യുക്രൈന് പക്ഷം ചേരാത്ത നിലപാട് സ്വീകരിച്ച് ഇന്ത്യ. ഇന്ന് ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭയിലും നിഷ്പക്ഷ നിലപാട് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി. യുദ്ധം നിർത്തണമെന്ന പ്രമേയം പാസാക്കാനാണ് ഇന്നത്തെ ഐക്യരാഷ്ട്ര പൊതുസഭ.

 

നേരത്തേയും ഇന്ത്യ  ഐക്യരാഷ്ട്ര സഭയിൽ റഷ്യയ്ക്കെതിരായ പ്രമേയത്തിൻറെ വോട്ടെടുപ്പിൽ നിന്ന് നേരത്തെ തന്നെ ഇന്ത്യ വിട്ടു നിന്നിരുന്നു.  സമാധാന ശ്രമങ്ങൾക്ക് ഇടം നൽകാനെന്നായിരുന്നു വിട്ട് നിന്നത് എന്നാണ് ഇന്ത്യയുടെ നിലപാട്. റഷ്യയെ പിണക്കിയത് കൊണ്ട് ഒരു കാര്യവുമില്ലെന്നുമായിരുന്നു ഇന്ത്യയുടെ വിലയിരുത്തൽ. ഇന്ത്യയോടൊപ്പം ചൈന, യുഎഇ എന്നീ രാജ്യങ്ങളും റഷ്യക്കെതിരായ യുഎൻ പ്രമേയത്തിൻറെ വോട്ടെടുപ്പിൽ നിന്ന് വിട്ട്നിന്നിരുന്നു.

സമാധാനത്തിന് ഒരിടം കൂടി നൽകാനാണ് തീരുമാനം എന്ന് സർക്കാർ പറയുന്നു. റഷ്യയെ തള്ളിയത് കൊണ്ടു മാത്രം ഇപ്പോഴത്തെ സംഘർഷം അവസാനിപ്പിക്കാൻ കഴിയില്ലെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിൽ നല്ല ബന്ധമാണുള്ളത്. തത്കാലം ഒറ്റ വോട്ടു കൊണ്ട് ഇത് തകർക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ ആയുധ കരാറുകളും വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കാൻ കാരണമായി. ചൈനയും പാകിസ്ഥാനും യോജിച്ച് നിൽക്കുമ്പോൾ റഷ്യയെക്കൂടി ആ അച്ചുതണ്ടിൽ ചേർക്കേണ്ടതില്ലെന്നാണ് ഇന്ത്യ കരുതുന്നത്. ചൈന അതിർത്തിയിൽ കടന്നുകയറ്റം നടത്തിയപ്പോൾ അമേരിക്കയേക്കാൾ ഇന്ത്യയോട് ചേർന്ന് നിന്നത് റഷ്യയാണെന്നതും പ്രധാനമാണ്. കശ്മീരിന്റെ കാര്യത്തിലും മോദിയുടെ നയത്തെ പുട്ടിൻ എതിർത്തിരുന്നില്ല.

 

 

അതേസമയം, ഒൻപത് വരിയുള്ള പ്രസ്താവനയാണ് നിലപാട് വിശദീകരിച്ച് ഇന്ത്യ നടത്തിയത്. യുക്രൈനിലെ ഇപ്പോഴത്തെ സംഭവങ്ങളിൽ വലിയ അസ്വസ്ഥതയുണ്ട്. അക്രമം അവസാനിപ്പിക്കണം. മനുഷ്യ ജീവൻ ഇല്ലാതാക്കി ഒരു വിഷയവും പരിഹരിക്കാനാവില്ല. യുഎൻ ചട്ടങ്ങൾ പാലിക്കണം. എല്ലാ രാജ്യങ്ങളുടെയും പരാമാധികാരവും അഖണ്ഡതയും സംരക്ഷിക്കണം. ചർച്ചയിലൂടെ മാത്രമേ ഇപ്പോഴത്തെ വിഷയങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിൽ ചർച്ചയ്ക്കുള്ള എല്ലാ വഴിയും തേടണം. ഈ കാരണം കൊണ്ട് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്നായിരുന്നു വിശദീകരണം.

 

Back to top button
error: