Movie

ആരും പേടിക്കേണ്ട… അവന്‍ എത്തിയിട്ടില്ല…. കുഞ്ഞെല്‍ദോ മാര്‍ച്ച് രണ്ടാം വാരത്തോടെ എത്തും

കൊച്ചി: ഫെബ്രുവരി 25ന് ഒടിടിയില്‍ എത്തുമെന്ന് പറഞ്ഞിരുന്ന കുഞ്ഞെല്‍ദോ മാര്‍ച്ച് രണ്ടാം വാരത്തോടെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസിസ് ലിമിറ്റഡ് (സീല്‍) ആണ്. സീലുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് കുഞ്ഞെല്‍ദോയെ ഒടിടിയിലും ടെലിവിഷനിലുമായി എത്തിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. കുഞ്ഞെല്‍ദോയ്ക്ക് പുറമെ എല്ലാവരും കാത്തിരിക്കുന്ന അനശ്വര രാജന്‍ ചിത്രം സൂപ്പര്‍ ശരണ്യയും മാര്‍ച്ച് രണ്ടാം വാരാം ഒടിടിയിലേക്കെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

പ്രശസ്ത റേഡിയോ ജോക്കിയും അവതാരകനുമായ ആര്‍.ജെ. മാത്തുക്കുട്ടി ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ. ആസിഫ് അലിയാണ് നായകന്‍. പുതുമുഖം ഗോപിക ഉദയനാണ് നായിക. ആര്‍.ജെ. മാത്തുക്കുട്ടിക്ക് പിന്‍തുണയുമായി ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും സംവിധായകന്‍ അഹമ്മദ് കബീര്‍ കോ-ഡയറക്ടറായും ഈ ചിത്രത്തില്‍ സഹകരിക്കുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുധീഷ്, സിദ്ദിഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്താര്‍ സേഠ്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, രേഖ, ഗോപിക എന്നിവരും അഭിനയിച്ചിരിക്കുന്നു. സ്വരൂപ് ഫിലിപ്പാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്.

ഡിസംബര്‍ 24ന് സെഞ്ചുറി ഫിലിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. 2019ല്‍ പ്രഖ്യാപിച്ച ചിത്രം കോവിഡിനെത്തുടര്‍ന്ന് പല ഘട്ടങ്ങളിലായി നീണ്ട് പോകുവായിരുന്നു. 2021ലെ ഓണത്തിന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിനെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

Back to top button
error: