തലസ്ഥാന നഗരിയിൽ പട്ടാപ്പകൽ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ കഴുത്തറുത്ത് കൊന്നു, പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

തിരുവനന്തപുരം: പോത്തൻകോടു കൊലപാതകത്തിന്റെ ഭീതി വിട്ടകന്നിട്ടില്ല തലസ്ഥാന നഗരിക്ക്. അമ്പലംമുക്കിൽ പട്ടാപ്പകൽ ഒരു വീട്ടമ്മയെ കഴുത്തറുത്ത് കൊന്നതിൻ്റെയും നടുക്കവും മാറിയിട്ടില്ല.
വീണ്ടുമിതാ തലസ്ഥാനത്ത് പട്ടാപ്പകൽ മറ്റൊരു അരും കൊല.
തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ അയ്യപ്പനാണു കൊല്ലപ്പെട്ടത്. ഇയാൾ നാഗർകോവിൽ സ്വദേശിയാണ്. ഇന്ന് (വെള്ളി) രാവിലെ 8.30ഓടെയായിരുന്നു സംഭവം. അക്രമി ബൈക്കിലാണ് എത്തിയത്. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കൊല്ലായില്‍ അജീഷ്ഭവനില്‍ അജീഷ് (36) ആണ് പിടിയിലായത്.
ഹോട്ടൽ റിസപ്ഷനിലെ കസേരയിൽ ഇരിക്കുകയായിരുന്നു അയ്യപ്പൻ. ഈ സമയം ബൈക്കിലെത്തിയ ആൾ ഹോട്ടലിലേക്ക് കടന്ന് വന്ന് കഴുത്ത് പിടിച്ചുവെച്ച് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ബൈക്ക് ഹോട്ടലിന് പുറത്ത് വെച്ച ശേഷം വെട്ടുകത്തിയുമായി അക്രമി അകത്തേക്ക് പ്രവേശിക്കുന്നതും കൊല്ലണമെന്ന ഉദ്ദേശത്തോടെ കഴുത്ത് പിടിച്ചുവെച്ച് ആവർത്തിച്ച് വെട്ടുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മരണം ഉറപ്പാക്കിയ ശേഷം പ്രതി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാൽ എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവം നടക്കുന്ന സമയത്ത് അയ്യപ്പനും റൂം ബോയ് ആയി ജോലി നോക്കുന്ന മറ്റൊരു ജീവനക്കാരനും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.

തുടര്‍ന്നു പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ഹോട്ടല്‍ മാലിന്യം കളയാന്‍ റൂംബോയ് പിന്‍ഭാഗത്തേക്കു പോയപ്പോഴായിരുന്നു സംഭവം. ഇയാള്‍ മടങ്ങിയെത്തിയപ്പോൾ അയ്യപ്പനെ വെട്ടേറ്റ് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷമായി ഹോട്ടലില്‍ ജോലി ചെയ്യുന്ന അയ്യപ്പന്‍ ഹോട്ടല്‍ ഉടമയുടെ ബന്ധുവാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version