KeralaNEWS

പുതിയ കാമുകനൊപ്പം ജീവിക്കാൻ ഭര്‍ത്താവിനെ മയക്കു മരുന്ന് കേസിൽ കുരുക്കി, ഒടുവിൽ പഞ്ചായത്തംഗമായ ഭാര്യയും സഹായികളും അറസ്റ്റില്‍; കാമുകൻ വിദേശത്തേക്ക് മുങ്ങി

ട്ടപ്പന: കേവലം ഒരു വര്‍ഷത്തെ മാത്രം പരിചയം മാത്രമുള്ള കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കു മരുന്ന് കേസില്‍ കുടുക്കാൻ ശ്രമിച്ച സി.പി.എം പഞ്ചായത്തംഗം അറസ്റ്റില്‍. കാമുകന്റെ രണ്ടു സുഹൃത്തുക്കളും ഒപ്പം അറസ്റ്റിലായി. വിദേശത്തേക്ക് കടന്ന കാമുകനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യും. സി.പി.എം സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചയാളാണ് സൗമ്യ.

ഇടുക്കി വണ്ടന്മേട് പഞ്ചായത്തംഗം സൗമ്യ, കാമുകന്‍ വിനോദിന്റെ സുഹൃത്തുക്കളായ ഷാനവാസ്, ഷെഫിന്‍ഷാ എന്നിവരാണ് അറസ്റ്റിലായത്. സൗമ്യയുടെ ഭര്‍ത്താവ് പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിനെ കളളക്കേസില്‍ കുടുക്കാനുള്ള നീക്കമാണ് പൊലീസ് നടത്തിയ തന്ത്രപരമായ ഇടപെടലിലൂടെ പൊളിഞ്ഞത്.

മയക്കുമരുന്ന് ഉപയോഗിക്കുകയോ വില്‍പന നടത്തുകയോ ചെയ്യാത്ത സുനിലിന്റെ സ്‌കൂട്ടറില്‍ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തിരുന്നു. ചതി മണത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൗമ്യയും കാമുകന്‍ വിനോദും രണ്ടു സുഹൃത്തുക്കളും ചേര്‍ന്നൊരുക്കിയ കെണിയാണ് ഇതെന്ന് മനസിലായത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുനില്‍ വര്‍ഗീസിന്റെ സ്‌കൂട്ടറില്‍ നിന്നും എംഡിഎംഎ പിടികൂടിയത്. വണ്ടന്മേട് പൊലീസ് ഇന്‍സ്‌പെക്ടറും എസ്പിയുടെ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് സ്‌കൂട്ടറില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ വിവരം നല്‍കിയത് വിദേശത്തുള്ള സൗമ്യയുടെ കാമുകന്‍ വിനോദായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുനില്‍ മയക്കു മരുന്ന് ഉപയോഗിക്കുയോ വില്‍പ്പന നടത്തുകയോ ചെയ്തിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണം നടത്തിയതില്‍ ഭര്‍ത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യ സൗമ്യയും കാമുകനായ വിനോദും സുഹൃത്ത് ഷാനവാസും മറ്റും ചേര്‍ന്ന് തയാറാക്കിയ പദ്ധതി ആണെന്ന് മനസിലായി. പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം സുനിലിന്റെ കൊലപാതകവും ഒഴിവായെന്ന് വേണം കരുതാന്‍.

നിരപരാധിയായ സുനിലിനെ ഇരുമ്പഴിക്കുളളില്‍ പോകുന്നതില്‍ നിന്ന് രക്ഷിക്കാനും പൊലീസിനായി. മാനസികമായി സുനിലില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന സൗമ്യ ഭര്‍ത്താവിനെ ഒഴിവാക്കുന്നതിനാണ് കാമുകനോടൊപ്പം ചേർന്ന് പദ്ധതി തയാറാക്കിയത്. കഴിഞ്ഞ 18 ന് വിനോദും സുഹൃത്ത് ഷാനവാസും ചേര്‍ന്ന് വണ്ടന്‍മേട് ആമയാറ്റില്‍ വച്ച് മയക്കു മരുന്ന് സൗമ്യയ്ക്ക് കൈമാറി. സൗമ്യ ഇത് സുനിലിന്റെ ഇരുചക്ര വാഹനത്തില്‍ വച്ച ശേഷം അതിന്റെ ഫോട്ടോ എടുത്ത് കാമുകന് അയച്ച് കൊടുത്തു.

പൊലീസിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും വിദേശത്ത് ഇരുന്നു കൊണ്ട് വണ്ടിയുടെ പടവും ലഹരിമരുന്നുണ്ടെന്ന സൂചനയും വിനോദ് നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ എംഡിഎംഎ ലഭിച്ചു. വിശദമായ അന്വേഷണത്തില്‍ സുനില്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഒരു വര്‍ഷമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു. സുനിലിനെ ആദ്യം വാഹനം ഇടിപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നല്‍കി കൊലപ്പെടുത്താനോ ഇരുവരും ചേര്‍ന്ന് പദ്ധതി ഇട്ടത്.

ഇടയ്ക്കിടെ വിദേശത്തു നിന്നും വന്നു പോകുന്ന കാമുകന്‍ വിനോദും സൗമ്യയും ഒരു മാസം മുന്‍പ് എറണാകുളത്ത് ആഡംബര ഹോട്ടലില്‍ റൂം എടുത്ത് രണ്ട് ദിവസം താമസിച്ചാണ് ഗൂഡാലോചന നടത്തിയത്. അതിനു ശേഷമാണ് സൗമ്യയുടെ പക്കല്‍ ആമയാറ്റില്‍ മയക്കുമരുന്ന് എത്തിച്ചു കൊടുത്തത്. ഇതിന് ശേഷം വിദേശത്തേയ്ക്ക് കടന്ന വിനോദിനെ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യുന്നുള്ള ശ്രമത്തിലാണ് പൊലീസ്. സൗമ്യയ്ക്ക് പുറമേ സഹായികളായ ഷാനവാസും ഷെഫിന്‍ഷാ യും അറസ്റ്റിലായി. ഷാനവാസും ഷെഫിന്‍ഷായും ചേര്‍ന്നാണ് 45000 രൂപ വില വാങ്ങി വിനോദിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തത്.

കട്ടപ്പന ഡിവൈ.എസ്.പി, വി എ നിഷാദ് മോന്റെ നേതൃത്വത്തില്‍ ഇടുക്കി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Back to top button
error: