KeralaNEWS

കൊലപാതക അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായുളള ആരോപണം അടിസ്ഥാനരഹിതം – മുഖ്യമന്ത്രി

 

സംസ്ഥാനത്ത് കൊലപാതക അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായുളള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്‍. ഷംസുദ്ദീന്റെ അടിയന്തര
പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊലപാതകങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും എതിരെ പോലീസ് കര്‍ശന നിയമനടപടികളാണ് സ്വീകരിച്ച് വരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 21.02.2022 വരെ സംസ്ഥാനത്ത് 6 രാഷ്ട്രീയ കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി തിരിച്ചറിഞ്ഞ 92 പ്രതികളില്‍ 73 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

18.05.2011 മുതല്‍ 24.05.2016 വരെയുള്ള UDF സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 35 രാഷ്ട്രീയ കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ LDF സര്‍ക്കാരിന്റെ കാലത്ത് (25.05.2016 മുതല്‍ 19.05.2021 വരെ) സംസ്ഥാനത്ത് ആകെ 26 രാഷ്ട്രീയ കൊലപാതക കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കണ്ണൂര്‍ സിറ്റി ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പുന്നോല്‍ താഴെ വയല്‍ എന്ന സ്ഥലത്ത് വച്ച് 21.02.2022 ന് പുലര്‍ച്ചെ 1.20 മണിയോടെ CPIM പ്രവര്‍ത്തകനായ ഹരിദാസനെ വീടിന് സമീപം വച്ച് BJP പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് IPC 302, 34 എന്നീ വകുപ്പുകള്‍ പ്രകാരം ന്യൂമാഹി പോലീസ് ക്രൈം. 183/2022 ആയി കേസ് രജിസ്റ്റര്‍ ചെയ്തു. കേസിന്റെ അന്വേഷണത്തിനായി കണ്ണൂര്‍ സിറ്റി അഡീഷണല്‍ SPയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിവരികയാണ്. നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
13.02.2022 ല്‍ എടക്കാട് തോട്ടടയിലുളള ഷമിലിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന എച്ചൂര്‍ നിവാസികളായ ഒരു കൂട്ടം ചെറുപ്പക്കാരും പ്രദേശവാസികളും തമ്മില്‍ വിവാഹ തലേദിവസം ചില തര്‍ക്കങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് പിറ്റേ ദിവസം ഒരു വിഭാഗം ബോംബ് എറിയുന്ന സ്ഥിതിയുമാണ് ഉണ്ടായത്. അതിന്റെ ഫലമായി ജിഷ്ണു എന്നയാള്‍ കൊല്ലപ്പെടുകയുമുണ്ടായി. ഈ സംഭവത്തില്‍ എടക്കാട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 6 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

 

Back to top button
error: