മലയാളികൾക്കെന്നും പ്രിയപ്പെട്ട കോവൈ എന്ന കോയമ്പത്തൂർ

ഴു(സപ്തഗിരി) മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു നഗരമാണ് കോയമ്പത്തൂർ അഥവാ കോവൈ.തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ഇതുതന്നെ. കേരളത്തിനോട് അടുത്തു കിടക്കുന്നതിനാൽ ഓരോദിവസവും ധാരാളം മലയാളികളാണ് ഇവിടെ വന്നു പോകുന്നത്.അതുകൂടാതെ പത്തുലക്ഷത്തിലധികം മലയാളികൾ തങ്ങളുടെ ഉപജീവനമാർഗം തേടി ഇവിടെ ജീവിക്കുന്നുണ്ടെന്നാണ് കണക്ക്.ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യപാതയിൽ നിലകൊള്ളുന്നതിനാൽ ചരിത്രപ്രാധാന്യവും കച്ചവടപ്രാധാന്യവുമുള്ള ഒരു നഗരം കൂടിയാണ് കോയമ്പത്തൂർ.പാലക്കാട്ട് നിന്നും അറുപത് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
 വ്യാപാരാവശ്യങ്ങൾക്കായാണ് കോയമ്പത്തൂരിലേക്ക് കൂടുതൽ ആളുകൾ എത്തുന്നതെങ്കിലും സഞ്ചാരികൾക്ക് കണ്ടാസ്വദിക്കാവുന്ന ധാരാളം സ്ഥലങ്ങൾ നഗരത്തിലും പരിസരപ്രദേശങ്ങളിലുമൊക്കെയായി ഉണ്ട്.കോയമ്പത്തൂരിൽ വന്നാൽ സന്ദർശിക്കാവുന്ന സ്ഥലങ്ങൾ ഏതൊക്കെയെന്ന് നമുക്കൊന്ന് നോക്കാം.

1. ഇഷാ യോഗ (ആദിയോഗി)  അനുന്മത്തനായ ആത്‌മീയ ആചാര്യൻ, കറ കളഞ്ഞ പ്രകൃതി സ്‌നേഹി എന്നീ നിലകളിൽ പ്രസിദ്ധി നേടിയ സദ്ഗുരു എന്ന് അറിയപ്പെടുന്ന ജഗ്ഗി വാസുദേവ് രൂപം നൽകിയ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇഷ ഫൌണ്ടേഷൻ.കോയമ്പത്തൂരിനടുത്ത് വെള്ളിയങ്കിരി മലകളുടെ താഴ്വരയിലാണ് 13 ഏക്കർ സ്ഥലത്ത് സദ്ഗുരുവിന്റെ ആശ്രമം സ്ഥിതി ചെയ്യുന്നത്. ’ഇഷാ യോഗാ സെന്റർ’ എന്ന പേരിലുള്ള ആശ്രമം 1993 ലാണ് സ്ഥാപിതമായത്.

കോയമ്പത്തൂരിന്റെ തിരക്കുകളിൽ നിന്നും മാറി ഏകദേശം മുപ്പതോളം കിലോമീറ്റർ ദൂരത്തായാണ് ഇഷാ യോഗാ സെന്റർ. കോയമ്പത്തൂരിൽ നിന്ന് ഉക്കടം, പേരൂർ, ശിരുവാണി റോഡിലൂടെ വന്ന് ഇരുട്ടുകുളം എന്ന സ്ഥലത്തുനിന്നും വലത്തോട്ട് 8 കിലോമീറ്റർ സഞ്ചരിച്ചാൽ ഇഷ യോഗാസെന്ററിൽ എത്താം.ധ്യാനലിംഗ യോഗി ക്ഷേത്രത്തിലേക്കുള്ള വഴി കൃത്യമായി കാണിച്ചു തരുന്ന സൈൻ ബോർഡുകൾ ഇവിടേക്കുള്ള വഴിനീളെ കാണാം. ഇഷായോഗയിലേക്കുള്ള റോഡിനിരുവശവും കാഴ്ചകളുടെ പൂരമാണ്. പരമശിവൻ തപസ്സു ചെയ്തു എന്ന ഐതിഹ്യം നിലനിൽക്കുന്ന വെള്ളിയങ്കിരി കുന്നുകളുടെ മടിത്തട്ടിലാണ് ഈ ആശ്രമം.യോഗയുടെ അനന്ത സാദ്ധ്യതകൾ ലോകത്തിന്റെ മുൻപിൽ തുറന്നു കാട്ടുകയാണ് ഇഷ ഫൌണ്ടേഷന്റെ ലക്ഷ്യം. ഇഷാ യോഗ സെന്ററിന്റെ വിശാലമായ ആശ്രമത്തിൽ കൂടി ഒന്ന് ചുറ്റിയടിച്ചു വരുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി നമുക്ക് അനുഭവപ്പെടും.

 

2. കോവൈ കുട്രാലം(കുറ്റാലം) വെള്ളച്ചാട്ടം

കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും 30 കിലോ മീറ്റര്‍ പടിഞ്ഞാറു മാറി ശിരുവാണി മലയില്‍ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടം ആണിത്.ശിരുവാണി വെള്ളച്ചാട്ടം എന്നും ഇത് അറിയപ്പെടുന്നു. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും പേരൂര്‍ റോഡിലുടെ പോയാല്‍ ഈ വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാം.വെള്ളച്ചാട്ടത്തിന്റെ ശക്തി അപായകരമായി കൂടുമ്പോൾ ഇവിടേക്കുള്ള സന്ദർശനത്തിന് വിലക്ക് ഏർപ്പെടുത്താറുണ്ട്.വൈകിട്ടും അതിരാവിലെയും കുറ്റാലത്തിലേക്കുള്ള വഴിയിൽ ആനയിറങ്ങും.അതുകൊണ്ട് രാവിലെ പത്തിനു മുൻപും വൈകിട്ട് മൂന്നിനു ശേഷവും ഇവിടേക്ക് പോകുവാൻ അനുവാദമില്ല.

3. GeDee കാർ മ്യൂസിയം : കോയമ്പത്തൂർ സന്ദർശിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു മ്യൂസിയം ആണ് ഇത്. കോയമ്പത്തൂരിൽ അവിനാശി മെയിൻ റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. (ഗൂഗിൾ മാപ്പ് : https://goo.gl/7goJHs) ഫ്രഞ്ച്, ബ്രിട്ടീഷ്, ജർമൻ ജപ്പാനീസ് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ വിന്റേജ് കാറുകൾ ഇവിടെ കാണുവാൻ സാധിക്കും. അതാതു കാറിന്റെ പുറകിൽ വലിയ കുറിപ്പോടെത്തന്നെ മോഡൽ, ഇറങ്ങിയ വർഷം, ഉൽപ്പാദിപ്പിച്ച യൂണിറ്റുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങളും എഴുതിയിട്ടുണ്ട്.ചുരുക്കിപ്പറഞ്ഞാൽ റോൾഡ്സ് റോയ്സ് മുതൽ നാനോ വരെയുള്ള കാറുകളുടെ വിവരങ്ങൾ ഇവിടെയുണ്ട്. പ്രധാനമായും എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമാണ് ഇവിടേക്കുള്ളസന്ദർശനം.മുതിർന്നവർക്ക് 50 രൂപയും 20കുട്ടികൾക്ക് രൂപയുമാണ് ഇവിടേക്കുള്ള പ്രവേശന ഫീസ്.തിങ്കളാഴ്ച ദിവസം മ്യൂസിയത്തിന് അവധിയായിരിക്കും.

4. മരുതമലൈ ക്ഷേത്രം : കോയമ്പത്തൂർ നഗരത്തിൽനിന്നും 15 കിലോ മീറ്റർ കിഴക്ക് മാറി മരുതമല എന്ന മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണിത്. അൽപ്പം ആത്മീയമായ ഒരു യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഇവിടേക്ക് പോകാം.മുരുകനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പഴയകാലത്ത് കൊങു വെട്ടുവ ഗൗണ്ടര്‍ രാജാക്കന്മാരുടെ അധീനതയിലായിരുന്നു ഈ ക്ഷേത്രം.പ്രശസ്ത മുരുക ക്ഷേത്രങ്ങളായ പഴനി ,തിരുത്തണി ,പഴമുധിർ ചൊലൈ ,തിരുചെന്തൂർ ,തിരുപ്പരംകുന്ദ്രം ,സ്വാമിമല എന്നീ ആറുപടൈവീടു ക്ഷേത്രങ്ങൾ കഴിഞ്ഞാല്‍ ഏറെ പ്രധാനപ്പെട്ട ക്ഷേത്രമാണിത്. ലിഖിതങ്ങള്‍ പ്രകാരം ഈ ക്ഷേത്രത്തിന് 1200 വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട്.

 

5. ബ്രൂക്ക് ഫീല്‍ഡ്‌സ് മാള്‍ കോയമ്പത്തൂരിൽ എത്തിയാൽ കുറച്ചു അടിപൊളി ഷോപ്പിംഗിനും മറ്റുമാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ഒട്ടും മടിക്കാതെ തിരഞ്ഞെടുക്കാവുന്ന ഒന്നാണ് ബ്രൂക്ക് ഫീല്‍ഡ്‌സ് മാള്‍.2009ലാണ് ബ്രൂക്ക്‌ബോണ്ട് റോഡിലുള്ള ഈ മാള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഷോപ്പിംഗിനൊപ്പം ഫുഡ് കോർട്ടുകൾ, മൾട്ടിപ്ലക്‌സ്‌, മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ രസിക്കുവാനായുള്ള ഗെയിം സോണുകൾ എന്നിവയും മാളിൽ ഉണ്ട്.

6. സിംഗനല്ലൂർ തടാകം  കോയമ്പത്തൂരിനടുത്ത് സിംഗനല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ തടാകമാണ് സിംഗനല്ലൂർ തടാകം.വളരെയധികം ആളുകൾ എത്തുന്ന ഒരു പിക്നിക് സ്പോട്ട് ആണിത്.

ധാരാളം പക്ഷികൾ സന്ദർശകരാകുന്ന ഈ തടാകത്തിലേക്ക് പക്ഷി നിരീക്ഷകരും എത്തിച്ചേരാറുണ്ട്.

7. ബ്ലാക്ക് തണ്ടർ വാട്ടർ തീം പാർക്ക് :  കോയമ്പത്തൂരു നിന്നും 30 കിലോമീറ്റർ അകലെയായി മേട്ടുപാളയത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു അമ്യൂസ്‌മെന്റ് പാർക്കാണ് ബ്ളാക്ക് തണ്ടർ.ഇന്ത്യയിലെ ആദ്യത്തെ വാട്ടർ തീം പാർക്കാണ് ഇത്.75 ഏക്കർ പ്രദേശത്തായി വിസ്തരിച്ചു കിടക്കുന്ന ഈ പാർക്കിൽ മുതിർന്നവർക്കും കുട്ടികൾക്കും ആർത്തുല്ലസിക്കുവാനായി ധാരാളം റൈഡുകൾ ഉണ്ട്.റൈഡുകളും മറ്റ് വിനോദങ്ങളും മാത്രമല്ല പ്രകൃതി സൗന്ദര്യവും ഇവിടേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഘടകമാണ്. നീലഗിരി മലകളുടെ അടിവാരത്തിലാണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്.കോയമ്പത്തൂരിൽ നിന്നും ഊട്ടി ബസ്സിൽ കയറിയാൽ ബ്ളാക്ക് തണ്ടറിൽ ഇറങ്ങുവാൻ സാധിക്കും.

8.ഉക്കടം മാർക്കറ്റ്
അതിവിശാലമായ ഉക്കടം തടാകത്തിന് ചുറ്റും പരന്നു കിടക്കുന്ന നിരവധി വ്യാപാര കേന്ദ്രങ്ങൾ ഉൾപ്പെടുന്നതാണ് ഉക്കടം മാർക്കറ്റ്.മത്സ്യ-മാംസാദികൾ, പഴം-പച്ചക്കറികൾ, തുണികൾ തുടങ്ങി വാഹനങ്ങളും വാഹനങ്ങളുടെ പാർട്സുകളും വരെ ചുളുവിലയിൽ ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ മാർക്കറ്റുകളിൽ ഒന്നാണിത്.
9.വിഒസി(വാവോസി) പാർക്ക്
നഗരഹൃദയത്തിൽ നെഹ്റു സ്റ്റേഡിയത്തിനു സമീപമുള്ള അതിമനോഹരമായ ഒരു പാർക്കാണിത്.ഒപ്പം ചെറിയൊരു മൃഗ-പക്ഷിശാലയും ഇതോടൊപ്പം ഉണ്ട്.കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ട്രെയിൻ ഉൾപ്പെടെയുള്ള പല വിനോദോപാധികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
10.കോവൈ കൊണ്ടാട്ടം
മറ്റൊരു അമ്യൂസ്മെന്റ് പാർക്കാണ് ഇത്.ശിരുവാണി മെയിൻ റോഡിൽ പേരൂർ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.നിരവധി റൈഡുകളും പൂളുകളും ഒക്കെ ഉൾപ്പടെ സന്ദർശകരെ ആകർഷിക്കുന്ന ധാരാളം ഉപകരണങ്ങൾ ഇവിടെയുണ്ട്.
11 കാരുണ്യ നഗർ
ഡോ.ഡിജിഎസ് ദിനകരന്റെ കാരുണ്യ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന കാരുണ്യ നഗർ ഇഷ സെന്ററിന് തൊട്ടട്ടുത്തുതന്നെയാണ്.യൂണിവേഴ്സിറ്റിയോടൊപ്പമുള്ള പാർക്കും യേശുവിന്റെ ക്രൂശു മരണത്തിന്റെ ചിത്രീകരണവും ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന
ബദേസ്ഥ  പ്രയർസെല്ലുമാണ് ഇവിടുത്തെ പ്രത്യേകതകൾ.നൂറുകണക്കിന് ആളുകളാണ് ദിവസവും ഇവിടെ സന്ദർശനത്തിനായി എത്തുന്നത്.ബഥേസ്ഥ കുളമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
12.വെള്ളിങ്കിരി മല
സപ്തഗിരിയിൽ ഒന്നായ വെള്ളിങ്കിരി മല കോയമ്പത്തൂർ നഗരത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.ഇടതൂർന്ന മരങ്ങളും ചെങ്കുത്തായ മലനിരനിരകളും നയനാനന്ദകരമായ  വെള്ളച്ചാട്ടങ്ങളുമൊക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ.ഈ റൂട്ടിലെ കാഴ്ചകൾ എത്ര കണ്ടാലും മതിവരാത്തതാണ്. മേഘങ്ങളിൽ പൊതിഞ്ഞു കിടക്കുന്ന താഴ്വരകളും ഇളം കാറ്റിന്റെയും തണുപ്പിന്റെയും അകമ്പടിയോടെയുള്ള യാത്രയും ആരുടെയും മനം ഇളക്കും.നിരവധി സഞ്ചാരികളാണ് കേരളത്തിൽ നിന്നുപോലും ഇവിടേക്ക് വരുന്നത്.
13.വാൽപ്പാറ
 കോയമ്പത്തൂർ ജില്ലയിലെ ഒരു താലൂക്കും ഹിൽസ്റ്റേഷനുമാണ് വാൽപ്പാറ.പൊള്ളാച്ചി വഴി 65 കിലോമീറ്ററാണ് ഇവിടേക്ക്.അപ്പർ ഷോളയാർ ഡാമും അതിന്റെ ഇരുവശങ്ങളിലുമായി കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന മനോഹരമായ തേയിലത്തോട്ടങ്ങളും നിരവധി വെള്ളച്ചാട്ടങ്ങളും ഹെയർപിൻ വളവുകൾ താണ്ടിയുള്ള യാത്രയും നല്ലമുടി വ്യൂ പോയിന്റും ആനമുടി എസ്റ്റേറ്റുമൊക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.ഇവിടെ നിന്നും മലക്കപ്പാറ-വാഴച്ചാൽ- അതിരപ്പിള്ളി വഴി ചാലക്കുടിയിൽ എത്തിച്ചേരാവുന്നതാണ്.108 കിലോമീറ്ററാണ് ദൂരം.
കോയമ്പത്തൂരിലെ കാഴ്ചകൾ ഇവിടം കൊണ്ട് തീരുന്നില്ല.അത് വാളയാർ മുതൽ കൃഷ്ണഗിരി വരെയും വാൽപ്പാറ മുതൽ ഊട്ടി വരെയും നീണ്ടു കിടക്കുന്നു.ഊട്ടിയിലേക്ക് ഇവിടെ നിന്ന് എൺപതു കിലോമീറ്ററാണ് ദൂരം.കോയമ്പത്തൂർ-ആനക്കട്ടി-പാലക്കാട് റൂട്ടിൽ ഒരിക്കൽ യാത്ര ചെയ്താൽ മസിനഗുഡിയൊക്കെ എന്ത് എന്ന് പിന്നെ നമ്മൾ തന്നെ ചോദിക്കും.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version