KeralaNEWS

ശാസ്ത്ര ലോകത്ത് ഉന്നത പഠനം: നെസ്റ്റ് അപേക്ഷ ഇന്ന് മുതൽ

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (നൈസർ) ഭുവനേശ്വർ, യൂനിവേഴ്സിറ്റി ഓഫ് മുംബൈ ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (UM-DAB CEBS) മുംബൈ എന്നീ സ്ഥാപനങ്ങളുടെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം പ്രവേശനത്തിനായുള്ള നാഷനൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ് 2022) ജൂൺ 18ന് നടത്തും.രാവിലെ ഒമ്പതു മുതൽ ഉച്ച 12.30 വരെയും ഉച്ചക്കുശേഷം 2.30 മുതൽ ആറു വരെയും രണ്ടു സെഷനുകളായാണ് പരീക്ഷ.പരീക്ഷഫീസ് 1200 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങൾക്കും 600 രൂപ മതി. അപേക്ഷ ഓൺലൈനായി ഫെബ്രുവരി 21 മുതൽ സമർപ്പിക്കാം. മേയ് 18 വരെ അപേക്ഷ സ്വീകരിക്കും.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി ഉൾപ്പെടെ ശാസ്ത്രവിഷയങ്ങളിൽ 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡിൽ കുറയാതെ 2020/2021 വർഷം പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്കും 2022ൽ ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2002 ആഗസ്റ്റ് ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം.
എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ വിഭാഗങ്ങൾക്ക് അഞ്ചു വർഷം ഇളവുണ്ട്. യോഗ്യതപരീക്ഷയിൽ അഞ്ചു ശതമാനം മാർക്കിളവും ഉണ്ട്. ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലാണ് ചോദ്യങ്ങൾ. പരമാവധി 200 മാർക്ക്.
ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട് പരീക്ഷകേന്ദ്രങ്ങളാണ്. ജൂലൈ അഞ്ചിന് പരീക്ഷഫലം പ്രസിദ്ധീകരിക്കും.
നെസ്റ്റ് 2022 റാങ്ക് അടിസ്ഥാനത്തിൽ നൈസറിൽ 200 പേർക്കും CEBSൽ 57 പേർക്കും പ്രവേശനം ലഭിക്കും. വർഷത്തിൽ 60,000 രൂപ സ്കോളർഷിപ്പും 20,000 രൂപ വാർഷിക ഗ്രാന്റുമുണ്ട്.
വിജ്ഞാപനം, ഇൻഫർമേഷൻ ബ്രോഷർ www.nestexam.inൽ.

Back to top button
error: