KeralaNEWS

പല ബിസ്‌ക്കറ്റുകളിലും കുഞ്ഞു കുഞ്ഞു ദ്വാരങ്ങൾ ഉള്ളത് കണ്ടിട്ടില്ലേ? ഈ ദ്വാരങ്ങൾക്ക് പിന്നിലെ കാരണം എന്തെന്ന് അറിയാമോ?

ബിസ്‌ക്കറ്റിലെ ദ്വാരങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലേ? ഡോക്കർ ഹോളുകളെന്ന് പേരുള്ള ഈ ദ്വാരങ്ങൾ എന്തിനെന്ന് നോക്കാം 
ബിസ്ക്കറ്റ് (Biscuits) ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും.ഒരുപാട് പേരുടെ പ്രിയപ്പെട്ട സ്നാക് (Snack) ആണ് ബിസ്ക്കറ്റ്. പലപ്പോഴും വിരുന്നിന് പോകുമ്പോൾ സാധാരണയായി ചായയുടെ കൂടെ വീട്ടുകാർ നൽകുന്ന ഒരു വിഭവം കൂടിയാണിത്. ബിസ്‌ക്കറ്റും ചായയും നൽകിയാണ് അധിക വീടുകളിലും ഇന്നും അതിഥികളെ സ്വീകരിക്കാറുള്ളത്.എല്ലാ രാജ്യങ്ങളിലും ബിസ്‌ക്കറ്റിന് വലിയൊരു വിപണി (Market) തന്നെയുണ്ട് എന്നത് യാഥാർഥ്യമാണ്. ഇന്ന് വിപണിയിൽ വിവിധ ഇനം ബിസ്‌ക്കറ്റുകൾ ലഭ്യമാണ്.വ്യത്യസ്ത നിറത്തിലും സ്വാദിലും ഉള്ള ബിസ്കറ്റുകൾ നമുക്ക് ലഭ്യമാണ്. ഓരോ ബിസ്‌ക്കറ്റും അതിന്റെ രൂപകല്പനകൊണ്ട് വേറിട്ട് നിൽക്കാറുണ്ട്.എന്നാൽ, പല ബിസ്‌ക്കറ്റുകളിലും കുഞ്ഞു കുഞ്ഞു ദ്വാരങ്ങൾ ഉള്ളത് കണ്ടിട്ടില്ലേ? ഈ ദ്വാരങ്ങൾക്ക് പിന്നിലെ കാരണം എന്തെന്ന് നിങ്ങൾക്കറിയാമോ?
ബിസ്‌ക്കറ്റ് നിർമ്മാതാക്കൾ ദ്വാരങ്ങളുള്ള ബിസ്‌ക്കറ്റുകൾ രൂപകൽപ്പന ചെയ്യുന്നതിന്റെ പ്രധാന കാരണം അറിഞ്ഞാൽ തീർച്ചയായും നിങ്ങൾ ആശ്ചര്യപ്പെടും.ഡോക്കർ ഹോളുകൾ (Docker Holes) എന്നാണ് ബിസ്‌ക്കറ്റിലെ ദ്വാരങ്ങൾ അറിയപ്പെടുന്നത്.മധുരവും ഉപ്പുരസവുമുള്ള ധാരാളം ബിസ്‌ക്കറ്റുകളിലും ബർബൺ പോലുള്ള ക്രീം നിറച്ച ബിസ്‌ക്കറ്റുകളിലും ക്രമത്തിലുള്ള ദ്വാരങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകാം. ഈ ദ്വാരങ്ങൾ ബിസ്ക്കറ്റിന്റെ നിർമ്മാണവും രൂപകൽപ്പനയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ബേക്കിംഗ് സമയത്ത് ഈ ദ്വാരങ്ങൾ ബിസ്കറ്റിനുള്ളിൽ വായു കടക്കാൻ കാരണമാകുന്നു.അതിനാൽ എല്ലാ ഭാഗങ്ങളും നന്നായി പാകമാവുന്നു. ബിസ്കറ്റിൽ ദ്വാരങ്ങൾ ഇടാനുള്ള പ്രാഥമിക കാരണം ഇതാണ്.
ബിസ്‌ക്കറ്റിൽ ഈ ദ്വാരങ്ങൾ ഇടുന്നത് എങ്ങനെ എന്നറിയേണ്ടേ? ബിസ്കറ്റ് ഉണ്ടാക്കുന്നവർ ആദ്യം പഞ്ചസാരയും ഉപ്പും ചേർത്തിട്ടുള്ള മാവ് ഒരു ഷീറ്റ് പോലുള്ള ട്രേയിൽ പരത്തുന്നു.ബേക്ക് ചെയ്യുന്നതിന് മുൻപായി മെഷീൻ ഉപയോഗിച്ച് ഈ മാവിൽ ദ്വാരങ്ങൾ ഇടുന്നു.ശേഷം ബേക്ക് ചെയ്യാനായി വെക്കുന്നു.ഈ ദ്വാരങ്ങളില്ലാതെ ബിസ്‌ക്കറ്റ് ശരിയായ രീതിയിൽ പാകം ചെയ്യാൻ കഴിയില്ല.കാരണം മാവ് കുഴയ്ക്കുന്ന ഘട്ടം മുതൽ അതിൽ വായു നിറഞ്ഞിരിക്കും.പിന്നീട് ബേക്ക് ചെയ്യുമ്പോൾ ഈ വായു പുറത്തേക്ക് തള്ളിവരികയും ബിസ്കറ്റുകളുടെ വലിപ്പത്തിൽ മാറ്റം വരികയും ചെയ്യുന്നു. ദ്വാരങ്ങൾ ഇടുന്നത് ബിസ്‌ക്കറ്റിന് ഏകീകൃത രൂപം നല്കാൻ വേണ്ടി കൂടിയാണ്.
ബിസ്കറ്റുകളിൽ മെഷിൻ ഉപയോഗിച്ച് തുല്യ അകലത്തിലും വലിപ്പത്തിലും ദ്വാരങ്ങൾ ഇടുന്നതോടുകൂടി ബേക്ക് ചെയ്യുമ്പോൾ ബിസ്കറ്റ് എല്ലാ കോണിൽ നിന്നും ഒരേപോലെ ഉയരുകയും തുല്യമായി പാകമാവുകയും ചെയ്യുന്നു.ഡോക്കർ ഹോളുകൾ ബേക്കിംഗ് പ്രക്രിയയെ വളരെയധികം സഹായിക്കുന്നുണ്ട്. കാരണം ഡോക്കർ ഹോളുകൾ ഇല്ലാതെ ചൂട് പുറത്തേക്ക് പോകില്ല. ഇതുമൂലം ബിസ്‌ക്കറ്റിലെ താപനില അസ്ഥിരമായി തുടരും.ഇത് ബേക്കിംഗ് സമയത്ത് ബിസ്ക്കറ്റിൽ വിള്ളലുകൾ രൂപപ്പെടാൻ ഇടയാക്കും.ഡോക്കർ ഹോളുകൾ ഉണ്ടെങ്കിൽ ഒരേ അളവിൽ കൃത്യമായി ബിസ്‌ക്കറ്റുകൾ പാകം ചെയ്തെടുക്കാൻ സാധിക്കും.

Back to top button
error: