നിമിഷ പ്രിയയുടെ അപ്പീല്‍ ഹര്‍ജി പരി​​​ഗണിക്കുന്നത് ഫെബ്രുവരി 28 ലേക്ക് നീട്ടി

ൻ’അ’: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ അപ്പീല്‍ ഹര്‍ജി പരി​​​ഗണിക്കുന്നത് ഒരാഴ്ചത്തേയ്ക്ക് നീട്ടി.കേസ് ഫെബ്രുവരി 28 ന് വീണ്ടും പരി​ഗണിക്കും.സ്ത്രീയെന്ന പരി​ഗണന നല്‍കി വധശിക്ഷയില്‍ നിന്നും ഒഴിവാക്കുകയോ ശിക്ഷയില്‍ ഇളവ് അനുവദിക്കുകയോ വേണമെന്നാണ് യമൻ തലസ്ഥാനമായ സൻ’അ’യിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.
എന്നാല്‍ നിമിഷയു‌ടെ വധശിക്ഷയില്‍ ഇളവ് നല്‍കരുതെന്നാണ് കൊല്ലപ്പെട്ട അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളുമടക്കം ആവശ്യപ്പെ‌ടുന്നത്.മരണപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളുമടക്കം നൂറുകണക്കിന് ആളുകൾ കേസ് പരി​ഗണിക്കവെ കോടതിക്കു മുന്നില്‍ പ്രതിഷേധവുമായി തടിച്ചു കൂടിയിരുന്നു.

2017ജൂലൈ 25 ന് യെമന്‍ പൗരനായ ഭർത്താവ് തലാല്‍ അബ്ദു മഹദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്ന കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്.തലാല്‍ അബ്ദു മഹദിയുടെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയ നേരത്തെ കുറ്റസമ്മതത്തില്‍ പറഞ്ഞിരുന്നത്.അതിക്രൂരമായ പീഡനങ്ങള്‍ക്കിരയായെന്നും നിമിഷ പ്രിയ കോടതിയെ ധരിപ്പിച്ചിരുന്നു.വൃദ്ധമാതാവും ആറ് വയസുള്ള കുട്ടിയും നാട്ടിലുണ്ടെന്ന്  നിമിഷ പ്രിയ കോടതിയെ അറിയിച്ചിട്ടുണ്ട്.സ്ത്രീ എന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണ് നിമിഷ പ്രിയയുടെ ആവശ്യം.

 

വധശിക്ഷ ശരിവച്ചാൽ യെമൻ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ പരിഗണനയ്ക്കു കേസ് സമർപ്പിക്കാം. എന്നാൽ, അവിടെ അപ്പീൽ കോടതിയിലെ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണു ചെയ്യുക.കോടതിയുടെ തീർപ്പ് റദ്ദാക്കുന്ന നടപടി അപൂർവമായി മാത്രമാണു സംഭവിക്കാറും.പാലക്കാട് കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ.കേസില്‍ യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാനും വിചാരണ നേരിടുന്നുണ്ട്.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version