KeralaNEWS

വിദ്യാലയങ്ങൾ പൂർണമായും തുറക്കുന്നു. 47 ലക്ഷത്തോളം വിദ്യാർഥികൾ ഒരുമിച്ച് ഇന്ന് സ്കൂളിലേക്ക്

സ്കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 47 ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് സ്‌കൂളുകളിലെത്തും.

ഒന്ന്‌ മുതൽ പത്ത് വരെ 38 ലക്ഷത്തിൽപരം വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അറുപത്തി ആറായിരത്തോളം വിദ്യാർത്ഥികളുമാണുള്ളത്.

ഒരു ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരത്തോളം അധ്യാപകരും ഇരുപത്തി രണ്ടായിരത്തോളം അനധ്യാപകരും സ്‌കൂളുകളിൽ ഉണ്ട്‌.

ഒന്ന്‌ മുതൽ പത്ത് വരെ ക്ളാസുകളിൽ ഒരു ലക്ഷത്തി അമ്പതിയേഴായിരത്തിൽപരം അധ്യാപകരും ഹയർ സെക്കണ്ടറിയിൽ മുപ്പത്തിനായിരത്തിൽപരം അധ്യാപകരും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മൂവായിരത്തി തൊള്ളായിരത്തോളം അധ്യാപകരുണ്ട്.

പ്രീപ്രൈമറി സ്‌കൂളുകളിലും കുട്ടികൾ എത്തുന്നുണ്ട്. പ്രീപ്രൈമറി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ഉച്ചവരെ ക്‌ളാസുകൾ ഉണ്ടാകും. പ്രീപ്രൈമറി മുതൽ എട്ടാം ക്ളാസുവരെയുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്യും.

ഒരുക്കങ്ങൾ പൂർത്തിയായതായി പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങളും പൂർത്തിയായി.
മാർഗരേഖ നിർദ്ദേശിച്ച പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആകും സ്കൂൾ നടത്തിപ്പെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Back to top button
error: