Kerala

വരൂ… പാലാംകടവിലിരുന്ന് അഞ്ചുമണിക്കാറ്റ് കൊള്ളാം

പാലാംകടവിലെ കടത്തു കടവിൽ 'അഞ്ചുമണിക്കാറ്റ്' വിശ്രമ കേന്ദ്രം തുറന്നു

കോട്ടയം: വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന പാലാംകടവിലെ കടത്തു കടവിൽ ‘അഞ്ചുമണിക്കാറ്റ്’ വിശ്രമ കേന്ദ്രം തുറന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് മൂവാറ്റുപുഴയാറിന്റെ തീരത്ത് വിശ്രമകേന്ദ്രം ഒരുക്കിയത്.

കടവ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴയാറിന്റെ തീരത്തെ പാലാംകടവിലെ കൽപ്പടവുകളിൽ ടൈൽ പാകി വശങ്ങളിൽ സംരക്ഷണവേലി തീർത്തു. പതിറ്റാണ്ടുകൾക്ക് മുമ്പ് തലയോലപ്പറമ്പ് വാണിജ്യകേന്ദ്രമായി നിലകൊണ്ടപ്പോൾ ചരക്കുമായി കേവുവള്ളങ്ങളിൽ വരുന്നവർക്ക് ദിശകാട്ടിയിരുന്ന കടവിലെ വിളക്കുകാൽ അറ്റകുറ്റപ്പണി നടത്തി മനോഹരമാക്കി. വിളക്കുകാലിൽ സോളാർ ലൈറ്റ് ഘടിപ്പിച്ചു. കടവ് പ്രകാശമാനമാക്കാൻ സോളാർ ലൈറ്റ് കൂടി സ്ഥാപിച്ചിട്ടുണ്ട്.

വൈകുന്നേരങ്ങളിൽ കാറ്റേറ്റ് പാലാംകടവിൽ സായാഹ്നം ചെലവഴിക്കാനെത്തുന്നവർക്ക് വിശ്രമിക്കാൻ നാല് ചാരുബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. മൂന്നു ചാരുബഞ്ചുകൾ കൂടി സ്‌പോൺസർഷിപ്പിലൂടെ ലഭിച്ചിട്ടുണ്ട്. കടവിന്റെ പരിസരത്തുണ്ടായിരുന്ന മാലിന്യങ്ങളെല്ലാം നീക്കി.

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉത്തരവാദിത്ത മിഷൻ കോ- ഓർഡിനേറ്റർ ആർ. രൂപേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയനാ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മ വർഗീസ്, അമൽ ഭാസ്‌കർ, കൈലാസ് നാഥൻ, സുബിൻ മാത്യു, സ്‌കറിയ വർക്കി, നളിനി രാധാകൃഷ്ണൻ, ശ്രുതി ദാസ്, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.റ്റി. പ്രതാപൻ, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോൺസൺ കൊട്ടുകാപ്പള്ളി, കെ.പി. സന്ധ്യ, സെലീനാമ്മ ജോർജ്, ഷിജി വിൻസെന്റ്, അഞ്ജു ഉണ്ണികൃഷ്ണൻ, കടുത്തുരുത്തി ബി.ഡി.ഒ. ഷിനോദ്, വൈക്കം മുഹമ്മദ് ബഷീർ ട്രസ്റ്റ് സെക്രട്ടറി ഡോ. കുസുമൻ എന്നിവർ പങ്കെടുത്തു.

Back to top button
error: