KeralaNEWS

ഗവര്‍ണറെ ഉപയോഗിച്ച് ഭരണത്തിൽ കേന്ദ്രം ഇടപെട്ടാല്‍ പാര്‍ട്ടി നേരിടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഗവര്‍ണറുമായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ നയപ്രഖ്യാപനം സംബന്ധിച്ച വിഷയത്തില്‍ പ്രതിസന്ധി ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയിട്ടില്ല, അത്തരം പ്രചാരണങ്ങള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രം. നയപ്രഖ്യാപനം സംബന്ധിച്ച് ഗവര്‍ണര്‍ തന്നെ നിലപാട് തിരുത്തിയിട്ടുണ്ട്. ഇക്കാര്യം ഗവര്‍ണര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഗവര്‍ണറുടെ സ്റ്റാഫില്‍ ആര് വേണമെന്ന് ഗവര്‍ണറാണ് തീരുമാനിക്കുന്നത്. അത് പോലെ തന്നെയാണ് മന്ത്രിമാരുടെ സ്റ്റാഫിലെ കാര്യങ്ങളും. രാഷ്ട്രീയം ഇല്ലാത്തവരല്ല സ്റ്റാഫുകളിലുള്ളത് എന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്‍പ് മുഖ്യമന്ത്രി ഗവര്‍ണറുമായി സംസാരിക്കുന്നത് സ്വാഭാവിക നടപടികള്‍ മാത്രമാണ്. മുഖ്യമന്ത്രി എവിടെ പോകുന്നു എന്ന് രാഷ്ട്രീയ നേതൃത്വത്തെ അറിയിക്കേണ്ട കാര്യമില്ല അത് മുഖ്യമന്ത്രി എന്ന നിലയില്‍ തീരുമാനിക്കേണ്ട വിഷയമാണ്. പൊതുഭരണ സെക്രട്ടറിയെ മാറ്റാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

സംഘര്‍ഷമുണ്ടാക്കുന്ന അന്തരീക്ഷമല്ല സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പ്രതിസന്ധി ഉണ്ടാവാന്‍ സാധിക്കില്ല. ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രം ഇടപെട്ടാല്‍ പാര്‍ട്ടി നേരിടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.1984 മുതല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ നല്‍കി വരുന്നുണ്ട്. അത് യുഡിഎഫ് ആണ് ആരംഭിച്ചത്. ഇടത് പക്ഷം തുടരുന്നു എന്ന് മാത്രം. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പുതിയ ആളുകളെ നിയമിക്കുന്നു എന്നത് തെറ്റായ ധാരണയാണ്. അങ്ങനെ ഒന്നില്ല. ഗവര്‍ണര്‍ ഗവണ്‍മെന്‍ന്റ് എന്നിവ രണ്ട് യുദ്ധ കേന്ദ്രങ്ങളാവേണ്ട സ്ഥാനങ്ങളല്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു.

 

Back to top button
error: