IndiaNEWS

വോട്ട്‌ പെട്ടിയിലായാൽ ഇന്ധനവില ആളിക്കത്തും, പെട്രോൾ വില ലിറ്ററിന് 10 രൂപയും ഡീസലിന് ഏഴുരൂപയും ഒറ്റയടിക്ക് കൂട്ടുമെന്ന്‌ സൂചന

എണ്ണവില ഏഴുവർഷത്തെ ഏറ്റവും ഉയർന്ന തോതിലാണിപ്പോൾ. പക്ഷേ കേന്ദ്രം 105 ദിവസമായി ഇന്ധനവില കൂട്ടിയിട്ടില്ല. ക്രൂഡോയിൽ വില കൂടുമ്പോൾ എണ്ണക്കമ്പനികളാണ് ഇന്ധനവില കൂട്ടുന്നത് എന്നാണ് സ്ഥിരംപല്ലവി. യുപിയടക്കം അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് ഏഴിന് അവസാനിക്കുന്നതോടെ പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടാനാണ് സാധ്യത

 

 വോട്ട്‌ പെട്ടിയിൽ വീണാലുടൻ ഇന്ധനവില വർധിപ്പിക്കാനൊരുങ്ങി കേന്ദ്രം. യു.പിയടക്കം അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് ഏഴിന് അവസാനിക്കുന്നതോടെ പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടും. എക്‌സൈസ് തീരുവയിൽ നാമമാത്ര കുറവ് വരുത്തിയ കേന്ദ്രം 105 ദിവസമായി ഇന്ധനവില കൂട്ടിയിട്ടില്ല. അന്താരാഷ്ട്ര തലത്തിൽ അസംസ്കൃത എണ്ണവില കൂടുമ്പോൾ എണ്ണക്കമ്പനികളാണ് ഇന്ധനവില കൂട്ടുന്നത് എന്നാണ് സ്ഥിരംപല്ലവി.
എണ്ണവില ഇപ്പോൾ ഏഴുവർഷത്തെ ഏറ്റവും ഉയർന്ന തോതിലാണ്‌.

വീപ്പയ്‌ക്ക്‌ 95 ഡോളർ കടന്നിട്ടും വില കൂട്ടാത്തതിൽ നിന്ന്‌ വർധനയ്‌ക്കുപിന്നിൽ കേന്ദ്രം തന്നെയെന്ന്‌ വ്യക്തം. ജനുവരി ഇരുപത്തെട്ടിനാണ് എണ്ണവില 90 ഡോളർ കടന്നത്. റഷ്യ ഉക്രയ്നിലേക്ക് ഏതുനിമിഷവും സൈനികനീക്കം നടത്തിയേക്കുമെന്ന് അമേരിക്ക ആശങ്ക പരത്തിയതോടെയാണ് 95 ഡോളറിലേക്ക്‌ കുതിച്ചു.
പ്രധാന എണ്ണ ഉൽപ്പാദന, കയറ്റുമതി രാഷ്ട്രങ്ങളിലൊന്നാണ് റഷ്യ. ഇന്ധനവില ഏറ്റവുമൊടുവിൽ കൂട്ടിയ 2021 നവംബർ രണ്ടിനുശേഷം 10.38 ഡോളർ വർധിച്ചു. ഇത് എണ്ണക്കമ്പനികൾക്ക് വൻ നഷ്ടമുണ്ടാക്കിയെന്ന പേരിൽ പെട്രോൾവില ലിറ്ററിന് 10 രൂപവരെയും ഡീസലിന് ഏഴുരൂപവരെയും ഒറ്റയടിക്ക് കൂട്ടാൻ സാധ്യതയുണ്ട്‌. ഇതാണ്‌ എണ്ണക്കമ്പനികൾ നൽകുന്ന സൂചന.

കേന്ദ്രം ഇതിനുമുമ്പും തെരഞ്ഞെടുപ്പുകാലത്ത് ഇന്ധനവില പിടിച്ചുനിർത്തിയിട്ടുണ്ട്. 2017ൽ ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തുടർച്ചയായ 14 ദിവസം വില കൂട്ടിയില്ല. 2018ലെ കർണാടക തെരഞ്ഞെടുപ്പുകാലത്ത്‌ അസംസ്‌കൃത എണ്ണവില അഞ്ചുഡോളർവരെ ഉയർന്നിട്ടും 19 ദിവസം കൂട്ടാതെ നിർത്തി. വോട്ടെടുപ്പ്‌ കഴിഞ്ഞ്‌ തുടർച്ചയായി 19 ദിവസം വിലകൂട്ടി. 2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തും ആഴ്‌ചകളോളം വില കൂട്ടിയില്ല. വോട്ടെടുപ്പ്‌ പൂർത്തിയായതിന്റെ പിറ്റേന്നുമുതലുള്ള ഒമ്പതുദിവസവും വില കൂട്ടി. കേരളം, പശ്ചിമബംഗാൾ, അസം, തമിഴ്‌നാട്‌, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകാലത്തും രണ്ടുമാസം വില കൂട്ടിയില്ല. വോട്ടെടുപ്പ് കഴിഞ്ഞ് കൊള്ള തുടങ്ങി.

Back to top button
error: