IndiaNEWS

മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ച് കലാലയങ്ങളിൽ എത്തുന്നതിനെതിരെ വിലക്ക്, പ്രതിഷേധം കനക്കുന്നു; ത്രിവര്‍ണ്ണ ഹിജാബ് ധരിച്ച് സ്ത്രീകൾ തെരുവിൽ

ഹിജാബ് വിലക്കിനെതിരെ തമിഴ്‌നാട്ടിലെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. കര്‍ണാടക സര്‍ക്കാർ നിലപാടിനെ അപലപിച്ചാണ് പ്രതിഷേധം. മുസ്ലീം പെൺകുട്ടികള്‍ ക്ലാസ് മുറിക്കുള്ളില്‍ ഹിജാബ് ധരിക്കുന്നത് തടയുന്നത് 'മുലക്കരം' അല്ലെങ്കില്‍ ബ്രെസ്റ്റ് ടാക്സിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. മുസ്ലീം പെൺകുട്ടികള്‍ ത്രിവര്‍ണ്ണ പതാകയുടെ നിറത്തിലുള്ള ഹിജാബ് ധരിച്ച് പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തു

ര്‍ണാടകയിലെ കോളജുകളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ അലയൊലികള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്. വിലക്കിനെതിരെ തമിഴ്‌നാട്ടിലെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി.

കര്‍ണാടക സര്‍ക്കാർ നിലപാടിനെ അപലപിച്ചാണ് പ്രതിഷേധം. കോയമ്പത്തൂരില്‍ യെഗതുവ മുസ്ലീം ജമാത്ത് നടത്തിയ പ്രതിഷേധത്തില്‍ മുസ്ലീം സ്ത്രീകള്‍ ത്രിവര്‍ണ്ണ പതാകയുടെ നിറത്തിലുള്ള ഹിജാബ് ധരിച്ച് പങ്കെടുത്തു.

മുസ്ലീം പെൺകുട്ടികള്‍ ക്ലാസ് മുറിക്കുള്ളില്‍ ഹിജാബ് ധരിക്കുന്നത് തടയുന്നത് ‘മുലക്കരം’ അല്ലെങ്കില്‍ ബ്രെസ്റ്റ് ടാക്സിന് തുല്യമാണെന്ന് വനിതാ വിമോചന പാര്‍ട്ടി നേതാവ് ശബരിമല പറഞ്ഞു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഹിജാബ് നിരോധിക്കുന്നത് വിലക്കിയതെന്നും ആരോപിച്ചു.

ഹിജാബ് ധരിക്കുന്നത് ഭരണഘടന നല്‍കുന്ന അവകാശമാണെന്ന് ചൂണ്ടിക്കാട്ടി തിരുച്ചിറപ്പള്ളിയില്‍ മനിതനേയ ജനനായക സംഘം ആഹ്വാനം ചെയ്ത പ്രതിഷേധത്തില്‍ മുസ്ലീം പുരുഷന്മാരും സ്ത്രീകളും പങ്കെടുത്തു.

വിവിധ രാജ്യങ്ങളിലെ ശിരോവസ്ത്ര നിയമങ്ങള്‍ അറിയാം

കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യം മൊത്തം കത്തിപ്പടരുകയാണ്. ഹിജാബ് നിരോധനത്തിനെതിരായ കേസ് ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതി പരിഗണിക്കുമ്പോള്‍ വിഷയം വലിയ വിവാദമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ബുര്‍ഖ, ഹിജാബ് വിവാദങ്ങള്‍ ഉടലെടുക്കുന്നത് ഇതാദ്യമായല്ല. മറ്റ് രാജ്യങ്ങിലും ഇതിനെ ചൊല്ലി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഫ്രാന്‍സ്

ബുര്‍ഖയും നിഖാബും പൊതുസ്ഥലത്ത് ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ ആദ്യത്തെ യൂറോപ്യന്‍ രാജ്യമാണ് ഫ്രാന്‍സ്. 2011 ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. കൂടാതെ, സ്‌കൂളുകളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് (ശിരോവസ്ത്രം ഉള്‍പ്പെടെ) 2004 മുതല്‍ നിരോധിച്ചിരുന്നു.

സ്വിറ്റ്സര്‍ലന്‍ഡ്

2021ല്‍ നിഖാബ് (ശിരോവസ്ത്രം) നിരോധിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. മാര്‍ച്ചില്‍, സ്വിസ് വോട്ടര്‍മാരില്‍ 51 ശതമാനത്തിലധികം പേരും തെരുവിലും കടകളിലും റെസ്റ്റോറന്റുകളിലും ആളുകള്‍ മുഖം പൂര്‍ണ്ണമായി മറയ്ക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.
രാജ്യത്തെ നിയമമനുസരിച്ച്, പ്രാര്‍ത്ഥനാ സ്ഥലങ്ങളിലും കാര്‍ണിവല്‍ പോലെയുള്ള പരിപാടികളിലും ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കും.

ഡെന്‍മാര്‍ക്ക്

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നത് 2018ല്‍ഡെന്‍മാര്‍ക്കിൽ നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് 134 യൂറോ വരെ പിഴ ചുമത്താം. ആവര്‍ത്തിച്ചുള്ള കുറ്റങ്ങള്‍ക്ക് അതിന്റെ 10 ഇരട്ടി വരെ ശിക്ഷ ലഭിക്കും. നിയമത്തില്‍ മുസ്ലീം സ്ത്രീകളെ പ്രത്യേകമായി പരാമര്‍ശിക്കുന്നില്ലെങ്കിലും, പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്ന ഏതൊരാള്‍ക്കും പിഴ ശിക്ഷ ലഭിക്കും.

ബെല്‍ജിയം

പര്‍ദ്ദ നിരോധിക്കുന്ന നിയമം 2011 ജൂലൈയില്‍ ബെല്‍ജിയത്തില്‍ പ്രാബല്യത്തില്‍ വന്നു. പാര്‍ക്കുകള്‍, തെരുവ് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യക്തിയുടെ ഐഡന്റിറ്റി മറയ്ക്കുന്ന ഏതൊരു വസ്ത്രവും നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്.

നെതര്‍ലാന്‍ഡ്സ്

നെതര്‍ലാന്‍ഡില്‍ നിങ്ങളുടെ മുഖം മറച്ചാല്‍ കുറഞ്ഞത് 150 യൂറോ പിഴ നല്‍കേണ്ടി വരും. ബുര്‍ഖയ്ക്കും മറ്റ് മുഖാവരണങ്ങള്‍ക്കും മാത്രമല്ല, മുഖം പൂര്‍ണമായും മറയ്ക്കുന്ന ഹെല്‍മെറ്റുകള്‍ക്കും നിരോധനം ബാധകമാണ്.

ഇറ്റലി

1975ലെ പൊതുസമാധാനം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമം രാജ്യത്തെ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിയമവിരുദ്ധമാക്കി. ആശുപത്രികളിലും പൊതുസ്ഥലങ്ങളിലുമടക്കം ബുര്‍ഖയും മുഴുവനായി മുഖം മറയ്ക്കുന്ന വസ്ത്രങ്ങളും നിരോധിച്ചിട്ടുണ്ട്.

ഓസ്ട്രിയ, ബള്‍ഗേറിയ, ശ്രീലങ്ക, റഷ്യ, യുകെ എന്നീ രാജ്യങ്ങളും ശിരോവസ്ത്രം പല രീതിയില്‍ വിലക്കിയിട്ടുണ്ട്.

Back to top button
error: