KeralaNEWS

ബി.സന്ധ്യയുടെയും എസ്.ശ്രീജിത്തിൻ്റെയും പിന്തുണയോടെയാണ് തനിക്കെതിരെയുള്ള ഗൂഢാലോചന എന്ന് ദിലീപ്, ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്നും ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസും സംവിധായകൻ ബാലചന്ദ്രകുമാറും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ഡിജിപി ബി.സന്ധ്യയും എഡിജിപി എസ്.ശ്രീജിത്തും ഇതിന് ചുക്കാൻ പിടിച്ചു എന്നും നടൻ ദിലീപ് ആരോപിക്കുന്നു. അതു കൊണ്ട് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.

അഭിഭാഷകൻ ബി.രാമൻ പിള്ള മുഖേനയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. തനിക്കെതിരായ എഫ്.ഐ.ആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ല എന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും സംവിധായകൻ ബാലചന്ദ്രകുമാറും ചേർന്നാണ് തനിക്കെതിരായി ഗൂഢാലോചന നടത്തി കേസ് കെട്ടിച്ചമച്ചിരിക്കുന്നത്. ഇരുവരും വ്യക്തിവിരോധം തീർക്കുകയാണ്. തനിക്കെതിരെ ഗൂഢാലോചനയ്ക്ക് ഡിജിപി ബി.സന്ധ്യയും എഡിജിപി എസ്.ശ്രീജിത്തും പിന്തുണ നൽകി എന്നും ദിലീപ് ഹർജിയിൽ പറയുന്നു.

നടിയെ ആക്രമിച്ചക്കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് പുതിയ കേസുമായി മുന്നോട്ട് പോകുന്നത്. ഗൂഢലക്ഷ്യത്തോടെ തയാറാക്കിയ എഫ്ഐആർ റദ്ദാക്കണമെന്നാണ് ആവശ്യം. കേസ് റദ്ദാക്കാൻ എന്തെങ്കിലും കാരണവശാൽ സാധ്യമാകാത്ത സാഹചര്യത്തിൽ ഗൂഢാലോചനക്കേസ് അന്വേഷണം സി.ബി.ഐയ്ക്കു കൈമാറണമെന്നും ദിലീപ് അഭ്യർഥിച്ചിട്ടുണ്ട്.

വധഗൂഢാലോചക്കേസിൽ നേരത്തെ ദിലീപിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും പ്രഥമദൃഷ്ട്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയാണ് കോടതി ദിലീപിനു മുൻകൂർ ജാമ്യം അനുവദിച്ചത്. ഗൂഢാലോചനക്കേസിൽ പ്രോസിക്യൂഷന്‍ ഉയർത്തിയ വാദങ്ങള്‍ തള്ളിയാണ് കോടതി വിധി.

Back to top button
error: