BusinessTRENDING

കേരളാ ഓട്ടോമൊബൈല്‍സ് വൈദ്യുത വാഹന നിര്‍മാണ രംഗത്തേക്ക്

കൊച്ചി- പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സ് (കെഎഎല്‍) വൈദ്യുത വാഹന നിര്‍മാണ യൂണിറ്റ് തുടങ്ങുന്നു. ലോര്‍ഡ്‌സ് ഓട്ടോമാറ്റീവുമായുള്ള സംയുക്ത സംരംഭത്തിന് കരാറൊപ്പിട്ടു. കെഎഎല്‍ ലോര്‍ഡ്‌സ് ഓട്ടോമാറ്റീവ് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരിക്കും പുതിയ സംയുക്ത സംരംഭത്തിന്റെ പേര്. 20 കോടിമുതല്‍ 30 കോടി രൂപ വരെ ചിലവു വരുന്ന നിര്‍മ്മാണ യൂണിറ്റ് കണ്ണൂരിലായിരിക്കും സ്ഥാപിക്കുക. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെഎഎല്‍ എംഡി പിവി ശശീന്ദ്രനും ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ സച്ചിദാനന്ദ് ഉപാധ്യായയും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

2022 ഡിസംബറോടെ വ്യാവസായികാടിസ്ഥാനത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പാദനം തുടങ്ങുന്ന പുതിയ സംരംഭത്തില്‍ പരമാവധി ഓഹരികള്‍ ലോര്‍ഡ്‌സ് ഓട്ടോമാറ്റീവിനായിരിക്കും. ലോര്‍ഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസിന്റെ സഹോദര സ്ഥാപനമാണ് ലോര്‍ഡ്‌സ് ഓട്ടോമാറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെ വിവിധ മേഖലകളിലേക്കും കിഴക്കന്‍ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും താമസിയാതെ വാഹനങ്ങള്‍ എത്തിച്ചു തുടങ്ങും. സാങ്കേതികമായി കൂടുതല്‍ മെച്ചപ്പെട്ട, കുറഞ്ഞ ഊര്‍ജ്ജത്തില്‍ ഓടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഗവേഷണ വികസന പ്രവര്‍ത്തനങ്ങളും കെഎഎല്‍ ലോര്‍ഡ്‌സ് ഓട്ടോമാറ്റീവ് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തും.

ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച് നയത്തിന് രൂപം നല്‍കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് കെഎഎല്‍ മാനേജിംഗ് ഡയറക്ടര്‍ പി വി ശശീന്ദ്രന്‍ പറഞ്ഞു. രാജ്യത്തെ ഗതാഗത മേഖലയില്‍ ശുദ്ധമായ ഊര്‍ജ്ജം ഉപയോഗിക്കാനുള്ള യത്‌നങ്ങളുടെ മുന്‍പന്തിയിലാണ് സംസ്ഥാനം. ലോര്‍ഡ്‌സ് ഓട്ടോമാറ്റീവുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിലൂടെ ഇ മൊബിലിറ്റിയിലേക്കുള്ള മാറ്റത്തില്‍ സുപ്രധാന കുതിപ്പായിരിക്കും സുസ്ഥിര വികസനത്തിന് ഊന്നല്‍ നല്‍കുന്ന കേരളത്തിന്റേതെന്നും അദ്ദേഹം അറിയിച്ചു.

 

Back to top button
error: