KeralaNEWS

കേരളത്തിൽ ക്രമസമാധാനം തകർന്നു: കെ.സുരേന്ദ്രൻ

 

തിരുവനന്തപുരം: കണ്ണൂരിൽ വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊല ചെയ്ത സംഭവം കേരളത്തിൻ്റെ ക്രമസമാധാന തകർച്ചയുടെ ഒടുവിലത്തെ ഉദ്ദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ നാട്ടിൽ നടന്ന സംഭവം ലോകത്ത് കേട്ടുകേൾവിയില്ലാത്തതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സിപിഎമ്മിൻ്റെ കൊട്ടേഷൻ സംഘങ്ങളുടെ ചേരിപ്പോരാണ് കണ്ണൂരിലെ ദാരുണ സംഭവത്തിന് പിന്നിൽ. പിണറായി വിജയൻ്റെ ഭരണത്തിൽ കേരളത്തിൽ ഗുണ്ടകളും കൊട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടുകയാണ്. ഗുണ്ടകൾ വെട്ടി മരിക്കുന്നതിനോടൊപ്പം പൊതുജനങ്ങളുടെ സമാധാനവും ഇല്ലാതായി കഴിഞ്ഞു. രാജ്യത്ത് സ്ത്രീകൾക്ക് നേരെ ഏറ്റവും അതിക്രമങ്ങളുണ്ടാവുന്ന സംസ്ഥാനമായി കേരളം മാറി.

2021 ൽ സ്ത്രീകൾക്കെതിരെ 16,418 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 3549 പോക്സോ കേസുകളാണ് എടുത്തത്. കുട്ടികൾക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനമായി ഇടത് ഭരണം കേരളത്തെ മാറ്റി. സ്ത്രീപീഡന കേസുകളിൽ സിപിഎം നേതാക്കളും പ്രവർത്തകരും പ്രതികളാവുമ്പോൾ കേസ് എടുക്കാൻ പോലും പൊലീസ് തയ്യാറാവുന്നില്ല.

പിണറായി വിജയൻ്റെ ഭരണത്തിൽ 6 വർഷത്തിനിടെ ഒരൊറ്റ സ്ത്രീപീഡന കേസിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല. സ്വന്തം നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ യുപിയെ അപമാനിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Back to top button
error: