KeralaNEWS

ഒരു പ്രവാസിയുടെ തോന്ന്യാക്ഷരങ്ങൾ

പ്രവാസം പലതരത്തിലുണ്ട്.ഇര തേടി പോയവർ.രാഷ്ട്രീയ കാരണങ്ങളാൽ പ്രവാസിക്കുന്നവർ പ്രകൃതികോപങ്ങൾ, യുദ്ധങ്ങൾ, മെച്ചമേറിയ മേച്ചിൽപ്പുറങ്ങൾ, കാലാവസ്ഥ, പ്രണയം…അങ്ങനെ പല ‘പ്രയാസി’കൾ.
പുറപ്പാടുകളുടെ ആ വലിയ ഭൂമികയിൽ മലയാളിയുടെ പ്രവാസത്തിന് ഒരു അയൽപക്കസന്ദർശനത്തിന്റെ വലുപ്പവും ദൈർഘ്യവുമേയുള്ളൂ.എങ്കിലും അതുണ്ടാക്കിയ ഫലങ്ങൾ അളക്കാൻ കഴിയുന്നതിലേറെയായിരുന്നു.
പ്രധാനമായും ഇരതേടിയാണ് അവൻ നാടു കടന്നത്.തനിക്കു മാത്രമല്ല നാട്ടിലെ കുടുംബത്തിനു വേണ്ടിയും.അങ്ങനെ
കിട്ടിയതെല്ലാം അവൻ തന്റെ നാട്ടിൻപുറത്തേക്ക് കടത്തി.അവനോടൊപ്പം പതുക്കെയെങ്കിലും അവന്റെ നാട്ടിൻപുറവും ഇങ്ങനെ ചിലതൊക്കെ നേടി.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽത്തന്നെ മലയാളിയുടെ പ്രവാസം ആരംഭിച്ചിരുന്നു.ഇന്ത്യയ്ക്ക് ചുറ്റുമുള്ള മറ്റു ബ്രിട്ടീഷ് അധിനിവേശ സ്ഥലങ്ങളിലേക്കുതന്നെയായിരുന്നു കന്നിയാത്രകൾ.സിലോൺ ( ശ്രീലങ്ക), ബർമ, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ് തുടങ്ങിയ സ്ഥലങ്ങൾ. ‘കൊളമ്പിലേക്ക് പോയി’, ‘റങ്കൂണിലേക്ക് പോയി’, ‘പെനാങ്ങിലാ’ എന്നൊക്കെയായിരുന്നു അന്നത്തെ കാലത്ത് സാധാരണ കിട്ടിയിരുന്ന മറുപടി.
എന്നാൽ ഇതൊന്നുമായിരുന്നില്ല മലയാളികളുടെ യഥാർത്ഥ പ്രവാസജീവിതം.1930 കളിലാണ് അറേബ്യയിൽ ആദ്യമായി എണ്ണപ്പാടങ്ങൾ കണ്ടെത്തിയത്.എന്നാൽ, അതിനുമുൻപും മലയാളികൾ അറേബ്യയിലേക്കു യാത്ര തിരിച്ചിട്ടുണ്ട്. മുസ്ലിങ്ങളുടെ പുണ്യഭൂമിയായ മക്കയും മദീനയും അവിടെയായതുകൊണ്ടു മാത്രമല്ല ഇവ്വിധം സംഭവിച്ചത്.ആയിരത്താണ്ടുകളുടെ കച്ചവടങ്ങളുടെയും സൗഹൃദങ്ങളുടെയും തുടർച്ചകൂടിയാണത്.അറബി മഞ്ചികളിലും പത്തേമാരികളിലും കയറി ഒരുപാട് കേരളീയർ പേർഷ്യൻ ഉൾക്കടലിലും ചെങ്കടൽത്തീരങ്ങളിലുമുള്ള ഒരുപാട് തുറമുഖങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. അവിടെ നാനാവിധ തൊഴിലുകളിൽ ഏർപ്പെട്ട് ജീവസന്ധാരണം നടത്തിയിട്ടുമുണ്ട്.എന്നെങ്കിലും അറേബ്യയിൽ എണ്ണ കണ്ടെത്തുമെന്നും അപ്പോൾ സമ്പന്നരാവാം എന്ന ഒരുദ്ദേശ്യവും ഈ സഞ്ചാരകർക്ക് ഉണ്ടായിരുന്നതുമില്ല.
എണ്ണ കണ്ടെത്തിയതോടെ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും പ്രവാസികൾ അറേബ്യൻ ഉപവൻകരയിലേക്ക് ഒഴുകാൻ തുടങ്ങി.സ്വാഭാവികമായും ഏറ്റവും കൂടുതൽ തൊഴിലന്വേഷകർ കേരളത്തിൽനിന്നുമാണെത്തിയത്. അറേബ്യയിലെ നിർമാണവിപ്ലവത്തിലേക്കാണ് നമ്മൾ എടുത്തുചാടിയത്.ഇങ്ങനെ അവിടെ എത്തിപ്പെട്ട മലയാളികളിൽ സാങ്കേതികജ്ഞാനമുള്ളവർ കുറവായിരുന്നു.എണ്ണത്തിൽ കൂടുതലുള്ളവർ മുൻകാല പരിചയമില്ലാത്ത സാധാരണ ചെറുപ്പക്കാരായിരുന്നു. എലിമെന്ററി വിദ്യാഭ്യാസം മാത്രം കൈമുതലായുള്ളവർ.അതുകൊണ്ടുതന്നെ വെറും ‘മെക്കാട്ട്’ പണിയാണ് അവർക്കു കിട്ടിയത്.പൊരിവെയിലത്ത് മണ്ണ് ചുമന്നും കല്ല് ചുമന്നും സിമന്റ് ചുമന്നും അവർ അറേബ്യയിൽ പുതുനഗരങ്ങൾ തീർത്തുകൊണ്ടിരുന്നു.ഇങ്ങനെ വിയർപ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ കാശത്രയും അവർ കേരളത്തിലെ ഗ്രാമങ്ങളിലേക്ക് അയച്ചുകൊണ്ടിരുന്നു. ഒരുപക്ഷേ, കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയേറെ പണം ഗ്രാമങ്ങളിൽ കുമിഞ്ഞുകൂടിയ മറ്റൊരുകാലം ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടാവില്ല.

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് നടത്തിയ ഒരു പഠനപ്രകാരം 14, 12,100 ഗൾഫ് മലയാളികൾ 1998-ൽ മാത്രം കേരളത്തിലെ ഗ്രാമങ്ങളിലേക്ക് 3530.40കോടി രൂപ അയച്ചിട്ടുണ്ട്.അതേവർഷം ഒഴിവുകാലം ചെലവഴിക്കാൻ കേരളത്തിലെത്തിയ പ്രവാസികൾ 541 കോടി രൂപയുടെ സാധനസാമഗ്രികളും കൊണ്ടുവന്നിട്ടുണ്ട്.ഇതു സർക്കാർ കണക്കാണ്.കുഴൽപ്പണരൂപത്തിലും മറ്റ് അനധികൃത വിനിമയങ്ങളിലൂടെയും കേരളത്തിലെത്തിയ സംഖ്യ ഇതിൽ പെടില്ല. സാധനസാമഗ്രികളുടെ വില കസ്റ്റംസുകാരാണ് കണക്കാക്കുന്നത്. യഥാർഥവിലയിൽനിന്ന് എത്ര കുറവായിരിക്കും ഈ തുകയെന്ന് തിട്ടപ്പെടുത്താനാവില്ല.ഗൾഫിലേക്കുള്ള കുടിയേറ്റം ഏറ്റവും കുറഞ്ഞ കാലത്തെ കണക്കാണിത്.

ചുരുക്കത്തിൽ ഒരു ഗൾഫ് മലയാളി ശരാശരി കാൽലക്ഷം രൂപ വർഷന്തോറും വീട്ടിലെത്തിക്കുന്നുണ്ട്. ഇങ്ങനെ പണമായും സാധനമായും ഒരു വർഷം കേരളത്തിലെത്തുന്നത് 4,071 കോടി രൂപയായിരുന്നു(അന്നത്തെ കണക്കാണേ!). കേരളത്തിലെ ആഭ്യന്തര മൊത്തം ഉത്പാദനത്തിന്റെ 10.7% ആണ് ഈ തുക.അതായത് കേരളത്തിന്റെ വാർഷികപദ്ധതി വിഹിതത്തിന്റെ രണ്ടര ഇരട്ടിയാണ് ഈ തുകയെന്ന്.
കഴിഞ്ഞ നാലു പതിറ്റാണ്ടുകാലം കേരളത്തെ അക്ഷരാർഥത്തിൽ പുലർത്തിയത് ഈ ഗൾഫ് പണമാണ്. പ്രവാസിയുടെ വീട്ടുകാരനോടൊപ്പം അതിന്റെ സദ്ഫലങ്ങൾ എല്ലാവരും അനുഭവിച്ചിരുന്നു. കച്ചവടക്കാരനും കൈവേലക്കാരനും കൃഷിക്കാരനും കൂലിപ്പണിക്കാരനും മത്സ്യത്തൊഴിലാളിയുമെല്ലാം. ഈ പണമാണ് ഒഴുകിയൊഴുകി എല്ലായിടവും നനച്ച് പച്ചപ്പിന്റെ പ്രതീതി തീർത്തത്.
 ഇതു വറ്റുന്നതോടെ കേരളം വരളും എന്നെല്ലാവരും തിരിച്ചറിഞ്ഞത് ഗൾഫ് യുദ്ധത്തോടെയായിരുന്നു.എങ്കിലും നാം പാഠം പഠിച്ചില്ല.അതിനു പിന്നാലെയായിരുന്നു ലോകത്തെ ബാധിച്ച സാമ്പത്തിക മാന്ദ്യം.ഇപ്പോൾ ഇതാ കൊറോണയും!
മിക്ക ഗൾഫ് രാജ്യങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ അവസാനിച്ചുകഴിഞ്ഞു. അവിടത്തെ ജനസഞ്ചയത്തിനു വേണ്ട പാർപ്പിടങ്ങളും റോഡുകളും മറ്റ് സൗകര്യങ്ങളും ഉണ്ടായിക്കഴിഞ്ഞു.ഇനി ഈ ‘മെക്കാട്ട്’ പണിക്കാരെ ആർക്കു വേണം? സാങ്കേതികമേഖലയിലാണെങ്കിലോ? അവിടെത്തെ പുതിയ തലമുറ ഈ കഴിവുകൾ സ്വായത്തമാക്കിക്കഴിഞ്ഞു. തൊഴിലിന്റെ ഓരോ മേഖലയിൽനിന്നും മറുനാട്ടുകാർ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു.പഴയ നിരക്കിൽ കൂടിയ വേതനത്തിന് ബാക്കിയുള്ളവരെ നിലനിർത്താൻ അവരാഗ്രഹിക്കുന്നുമില്ല.ഒടുക്കം എല്ലാവർക്കും തിരിച്ചുപോരേണ്ടിവരും. ഗൾഫ് എന്ന മോഹനിദ്രയിൽനിന്ന് നമ്മളുണരാൻ പോവുകയാണ്…
അതേ… ഉത്സവം കഴിഞ്ഞു. കൊടിയിറങ്ങിക്കഴിഞ്ഞു.ഇനി അടുത്ത ഉത്സവപ്പറമ്പിലേക്ക് വലിഞ്ഞുനടന്നാലോ? ആവില്ല. ഇനി ഉത്സവങ്ങളില്ല എന്നതാണു നേര്.കോവിഡ് അതിനും തിരശ്ശീല വീഴ്ത്തി കഴിഞ്ഞല്ലോ !
ഒരു ചോദ്യം മാത്രം ബാക്കിഎരിയുന്ന സൂര്യനും പൊരിയുന്ന മണലിനുമിടയിൽ പണിയെടുത്ത്, കുബ്ബൂസും തൈരും ചോറും പരിപ്പു കറിയും കഴിച്ച്, കേരളത്തെ തമിഴന്റെയും ബംഗാളിയുടെയുമൊക്കെ മറ്റൊരു ഗൾഫാക്കി മാറ്റി അവൻ തിരിച്ചു വരുമ്പോൾ നമ്മൾ എന്ത് അവന് തിരിച്ചു കൊടുക്കും ? കേരളത്തിൽ നിന്ന് നേഴ്‌സുമാരും ഡോക്ടര്‍മാരും അമേരിക്കയിലേക്കും മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളിലെക്കും പോയിത്തുടങ്ങിയിട്ടുണ്ടല്ലോ, അല്ലേ…?!!

Back to top button
error: