FoodLIFE

വിഷുവിന് വീട്ടുവളപ്പിലെ വെള്ളരി കണികാണാം

ണ്ടുകാലത്ത് സമൃദ്ധിയുടെ പ്രതീകമായി സ്വന്തം പറമ്പിലുണ്ടായ ഫലങ്ങളാണ് വിഷുപ്പുലരിക്ക് കൺകുളിർക്കെ കണികാണാൻ തളികയിൽ വെച്ചിരുന്നതെങ്കിൽ ഇന്നത് പണം കൊടുത്ത് കണിക്കൊന്നയോടൊപ്പം വാങ്ങേണ്ട ഗതികേടിലാണ് നമ്മൾ മലയാളികൾ.ഇത്തവണത്തെ വിഷുവിന് സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച കണിവെള്ളരി വിഷുക്കണി കാണുന്ന ഉരുളിയിൽ സമർപ്പിക്കുവാൻ നമുക്ക് കഴിയണം.ഇത് പഴയകാല നന്മകളിലേക്കുള്ള ഒരു തിരിച്ചുപോക്കും കൂടിയാണ്.
ഫെബ്രുവരി ആദ്യവാരം അല്ലെങ്കിൽ രണ്ടാം വാരം തന്നെ ഇതിനായി വിത്ത് നടണം.മുടിക്കോട് ലോക്കൽ ആണ് വിഷുക്കണിക്ക് ഉപയോഗിക്കുന്ന കണിവെള്ളരി.കാർഷിക സർവകലാശാല, വി.എഫ്.പി.സി.കെയുടെ വിത്ത് വില്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിത്ത് സമാഹരിക്കാം.80 ദിവസം ആയുസുള്ള കണിവെള്ളരി നട്ട് 55-60 ദിവസം കൊണ്ട് ആദ്യകായ് പറിക്കാം.
നാലോ അഞ്ചോ വിത്തുകൾ തലേ ദിവസം നനച്ച് വെച്ച് രാവിലെ ഗ്രോബാഗിലോ കൊത്തിക്കിളച്ച മണ്ണിൽ 60 സെ.മീ ചുറ്റളവിലും 30 സെ.മീ താഴ്ചയിലും കുഴിയെടുത്ത് നടാം.അധികം താഴ്ത്തി നടേണ്ടതില്ല. 1-2 സെന്റീമീറ്റർ താഴ്ച അഭികാമ്യം.നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വിത്ത് മുളച്ച് തൈകൾ വരും. നടുന്നതിന് ഒരാഴ്ച മുമ്പ് ഒരു ചിരട്ട കുമ്മായം മണ്ണിൽ ചേർത്ത് നനച്ചിളക്കണം. രണ്ട് ദിവസങ്ങൾ കഴിഞ്ഞ് ജൈവവളങ്ങൾ പ്രയോഗിക്കണം. മുളച്ച് പൊന്തിയ തൈകളിൽ ആരോഗ്യമുള്ള രണ്ടോ മൂന്നോ നിലനിർത്തി വളപ്രയോഗം നടത്താം. നടുന്ന സമയം, വള്ളി വീശുന്ന സമയം, പൂവിടുന്ന സമയം എന്നിങ്ങനെ വളപ്രയോഗം ചിട്ടപ്പെടുത്താം. നടുന്ന സമയത്ത് ചാണകപ്പൊടി, എല്ലുപൊടി എന്നിവ പ്രയോഗിക്കാം. വള്ളി വീശുന്ന സമയത്തും പൂവിടുന്ന സമയത്തും കുറഞ്ഞ അളവിൽ മാത്രം ചാണകപ്പൊടിയും ചാരവും പ്രയോഗിക്കാം.
സ്യൂഡോമോണാസ് പോലുള്ള ജൈവകീടനാശിനികൾ 15 ദിവസങ്ങൾ ഇടവിട്ട് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കുന്നത് വളർച്ച ഉറപ്പു വരുത്തും. കാര്യമായ രോഗകീടബാധ വെള്ളരിക്കൃഷിയെ ബാധിക്കാറില്ല. പുഴുക്കൾക്കും നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കുമെതിരെ ആവശ്യമെങ്കിൽ വേപ്പ് അധിഷ്ഠിത ജൈവ വസ്തുക്കൾ പ്രയോഗിക്കാം.
ഒരു ഗ്രോബാഗിൽ നിന്നുതന്നെ ധാരാളം കായ്കൾ വിളവെടുക്കാം. അധികമായിട്ടുള്ളവ സ്വന്തക്കാർക്കും സുഹൃത്തുക്കൾക്കും അഭിമാനത്തോടെ വിഷുസമ്മാനമായി കൊടുക്കാം.

Back to top button
error: