പത്തനംതിട്ടയ്ക്കും കോട്ടയത്തിനും പൊള്ളുന്നു

ത്തനംതിട്ട: ഉത്തരേന്ത്യ അതിശൈത്യത്തിൽ പുതച്ചുറങ്ങുന്നതിനിടെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ഇന്നലെ  കോട്ടയത്ത് രേഖപ്പെടുത്തി.ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) ഇന്നലെ പുറത്തുവിട്ട കണക്കുകളിൽ കോട്ടയത്തെ പകൽതാപനില 37.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.പത്തനംതിട്ട സീതത്തോട്ടിലെ  ഓട്ടമാറ്റിക് മാപിനിയിൽ ഇന്നലത്തെ പകൽതാപനില 36 ഡിഗ്രിയും രേഖപ്പെടുത്തി.
കേരളത്തിൽ പുനലൂരിലാണ് ഏറ്റവും കുറഞ്ഞ രാത്രി താപനിലയായ 18.5 ഡിഗ്രി രേഖപ്പെടുത്തിയത്.പഞ്ചാബിലെ അമൃത്സരിൽ അനുഭവപ്പെട്ട 2.6 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ രാത്രി താപനില.
വേനൽ കടുത്തതോടെ അച്ചൻകോവിൽ,കല്ലാർ,പമ്പ,മണിമല, മീനച്ചിലാർ തുടങ്ങിയ നദികളും വറ്റി തുടങ്ങി.ഇതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ്.ഒപ്പം കൃഷിയും വെള്ളമില്ലാതെ കരിഞ്ഞുണങ്ങാൻ തുടങ്ങിയിരിക്കയാണ്.രണ്ടു മാസം മുമ്പ് ജനത്തെ ഭീതിയിലാഴ്ത്തി കരകവിഞ്ഞ് ഒഴുകിയിരുന്ന നദികളാണ് ഇവ.ജലനിരപ്പ് താഴ്ന്നതോടെ ജലവിതരണ പദ്ധതികളുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കയാണ്.മിക്കയിടത്തും വെള്ളം വിലകൊടുത്തുവാങ്ങുന്ന സ്ഥിതിയിലെത്തി.
പമ്പയിൽ ജലനിരപ്പ് താഴ്ന്നതിനാൽ അങ്ങാടി, റാന്നി ജലവിതരണ പദ്ധതികളിൽ പമ്പിങ് വല്ലപ്പോഴും മാത്രമാണ് നടക്കുന്നത്. അങ്ങാടിയിലാണ് സ്ഥിതി ഏറെ രൂക്ഷം. പദ്ധതി പ്രദേശങ്ങളിൽ ഒന്നും രണ്ടും ആഴ്ചയിലൊരിക്കലാണ് ടാപ്പുകളിൽ വെള്ളമെത്തുന്നത്.പെരുന്തേനരുവി ഡാമിന് താഴ്ഭാഗത്ത് കട്ടിക്കല്ല്, അത്തിക്കയം ഭാഗങ്ങളിലെല്ലാം നദിയിൽ പാറകൾ തെളിഞ്ഞുനിൽക്കുകയാണ്.പലയിടത്തും ചെറിയ നീരൊഴുക്കുകൾ മാത്രം.പാറകൾക്കിടയിലെ കെട്ടിക്കിടക്കുന്ന വെള്ളമാണ് കുളിക്കുന്നതിനും നനയ്ക്കുന്നതിനും ഉപയോഗിക്കുന്നത്. അത്തിക്കയം, റാന്നി, കോഴഞ്ചേരി പാലങ്ങൾക്കിരുഭാഗത്തും ഇതുതന്നെയാണ് സ്ഥിതി.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version