ഗൂഢാലോചനയിൽ ‘സിദ്ദിഖും’ പങ്കാളി…? ദിലീപിനെ അറസ്റ്റ് ചെയ്യാനുറച്ച് പൊലീസ്, കൊലക്കുറ്റം ചുമത്തിയത് തിരിച്ചടിയാകും; മുൻകൂർ ജാമ്യഹർജി ഇന്ന് രാവിലെ പരിഗണിക്കും

പൊലീസ് വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും കളളക്കേസാണെന്നും ദിലീപ്. എന്നാൽ നിയമത്തിന്‍റെ പിടിയിൽ നിന്ന് വഴുതി മാറാനുളള ശ്രമമാണ് ദിലീപ് നടത്തുന്നതെന്നും സകല തെളിവുകളും ശേഖരിച്ചശേഷമാണ് പ്രതി ചേർത്തതെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. ദിലീപടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. ഇതിനിടെ നടിയെ തട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചനയിൽ ‘സിദ്ദിഖ്’  പങ്കെടുത്തതായി പൾസർ സുനിയുടെ വെളിപ്പെടുത്തൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് രാവിലെ ഹൈക്കോടതി പരിഗണിക്കും. 10.15ന് ആണ് വാദം കേൾക്കുക. സ്പെഷൽ സിറ്റിങ് നടത്തിയാണ് കേസ് പരിഗണിക്കുക.

കേസ് പ്രാധാന്യമുള്ളതാണെന്നും അതിനാൽ സമയം വേണ്ടിവരുമെന്നും വിലയിരുത്തി ജസ്റ്റിസ് പി. ഗോപിനാഥ് ജാമ്യഹർജികൾ ഇന്ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു. കോടതിമുറിയിൽ നേരിട്ടാണ് ഹർജി പരിഗണിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ  ദിലീപിനെതിരെ  വധശ്രമിത്തിനുള്ള 302 വകുപ്പ് കൂടി കഴിഞ്ഞ ദിവസം ചേർത്തിരുന്നു. കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. ഗൂഢാലോചന കുറ്റത്തിനുള്ള 120 B ആണ് നേരത്തെ ചുമത്തിയിരുന്നത്. ഇതിന് ഒപ്പം ആണ് കൊലപാതകത്തിനുള്ള 302 വകുപ്പ് കൂടി ചേർത്തത്.
ഇതു സംബന്ധിച്ച റിപ്പോർട്ട് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി, എം.പി. മോഹനചന്ദ്രൻ 13ന് സമർപ്പിച്ചു. ഗൂഢാലോചന നടത്തി എന്ന് മാത്രം പറയുമ്പോള്‍ അതിന് നിയമപരമായി ബലമുണ്ടാകില്ല എന്നാണ് വിലയിരുത്തല്‍. എന്തിന് വേണ്ടി ഗൂഡാലോചന നടത്തിയെന്ന് കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ റിപ്പോര്‍ട്ട്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ക്കുമ്പോള്‍ പുതിയ കൂട്ടിച്ചേര്‍ക്കല്‍ നിര്‍ണായകമാകും.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ പരാതിയിൽ ഈ മാസം ഒമ്പതിനാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നത്. കേസിലെ പ്രതികളെ ആരെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടൽ ബിസിനസ്സുകാരനുമായ ആലുവ സ്വദേശി ശരത് എന്നിവരാണ് മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്.
ഇതിൽ ശരത് അവസാനമാണ് കോടതിയെ സമീപിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തിവൈരാഗ്യം തീർക്കുകയാണ് എന്നും കളളക്കേസാണ് എന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം. എന്നാൽ നിയമത്തിന്‍റെ പിടിയിൽ നിന്ന് വഴുതി മാറാനുളള ശ്രമമാണ് ദിലീപ് നടത്തുന്നതെന്നും സകല തെളിവുകളും ശേഖരിച്ചശേഷമാണ് പ്രതി ചേർത്തതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ദിലീപടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.

ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷൻ നൽകിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തിൽ ആദ്യമാണെന്നും അതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നുമാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിനു മുമ്പ് ആലുവയിലെ ഹോട്ടലിൽ നടത്തിയ ചർച്ചയിൽ ‘സിദ്ദിഖ്’ എന്നു പേരുള്ള ഒരാൾ പങ്കെടുത്തതായി മകൻ പറ‍ഞ്ഞ് അറിയാമെന്ന് കേസിലെ ഒന്നാം പ്രതിയായ സുനിൽകുമാറിൻ്റെ (പൾസർ സുനി) അമ്മ ശോഭന പൊലീസിനോടു വെളിപ്പെടുത്തി.
കോടതിവരാന്തയിൽ സുനിൽ അമ്മയ്ക്കു കൈമാറിയ കത്തിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളുണ്ട്. ഈ കത്ത് ശോഭന അന്വേഷണ സംഘത്തിനു കൈമാറി.

കേസിൽ സുനിൽകുമാറിന്റെ രഹസ്യമൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷക സംഘം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version