NEWS

അഭിഭാഷകർ കൂട്ടത്തോടെ മൊബൈൽ ഫോണിൽ, ഓൺലൈൻ ഹിയറിങിൽ തടസ്സങ്ങൾ; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

“അഭിഭാഷകർ മൊബൈൽ ഫോൺ മുഖാന്തരമാണ് ഹാജരാകുന്നത്, നേരിൽ കാണാൻ കഴിയുന്നില്ല. മൊബൈൽ ഫോണിലൂടെയുള്ള നടപടിക്രമങ്ങൾ നിരോധിക്കേണ്ടി വന്നേക്കും. മിസ്റ്റർ കൗൺസൽ, നിങ്ങൾ ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത് സുപ്രീം കോടതിയിലാണ്. വാദത്തിനായി ഒരു ഡെസ്ക്ടോപ് താങ്കൾക്ക് വാങ്ങിക്കൂടേ…” മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നടന്ന കേസിന്റെ വാദത്തിനിടെ പരമോന്നത നീതിപീഠം ആരാഞ്ഞു.

‘റേഞ്ചില്ല, കേള്‍ക്കാന്‍ വയ്യ’ തുടങ്ങി പല പ്രശ്നങ്ങളാണ് കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഹിയറിങിൽ സുപ്രീംകോടതിയിൽ നേരിടേണ്ടി വന്നത്.
ഒടുവിൽ സഹികെട്ട്ഓണ്‍ലൈന്‍ ഹിയറിങിൽ അതൃപ്തി പ്രകടിപ്പിക്കേണ്ടി വന്നു ന്യായാധിപന്മാർക്ക്. ഹിയറിങ് തുടര്‍ച്ചയായി തടസ്സപ്പെട്ടതിന് പിന്നാലെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് അതൃപ്തി അറിയിച്ചത്.
അഭിഭാഷകരില്‍ കൂടുതല്‍പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഹിയറിങിൽ പങ്കെടുത്തതോടെയാണ് തകരാറുകൾ അനുഭവപ്പെട്ടത്. മൊബൈലിലൂടെ വാദത്തില്‍ പങ്കെടുക്കുന്നത് നിരോധിക്കേണ്ടി വന്നേക്കുമെന്ന് കോടതി പറഞ്ഞു.

ലിസ്റ്റ് ചെയ്യപ്പെട്ടതില്‍ പത്തോളം കേസുകളാണ് അഭിഭാഷകരുടെ ഭാഗത്തുനിന്നുള്ള ശബ്ദമോ ദൃശ്യങ്ങളോ തടസ്സപ്പെട്ടതിന് പിന്നാലെ കോടതിക്ക് മാറ്റിവെക്കേണ്ടിവന്നത്.
ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം ചൂണ്ടിക്കാട്ടിയത്.

‘അഭിഭാഷകര്‍ മൊബൈല്‍ ഫോണ്‍ മുഖാന്തരമാണ് ഹാജരാകുന്നത്, പക്ഷെ, കാണാന്‍ കഴിയുന്നില്ല. മൊബൈല്‍ ഫോണ്‍ മുഖാന്തരമുള്ള നടപടിക്രമങ്ങള്‍ നിരോധിക്കേണ്ടി വന്നേക്കും. മിസ്റ്റര്‍ കൗണ്‍സല്‍, നിങ്ങള്‍ ഇപ്പോള്‍ പ്രാക്ടീസ് ചെയ്യുന്നത് സുപ്രീം കോടതിയിലാണ്. പതിവായി ഹാജരാകുന്നുമുണ്ട്. വാദത്തിനായി ഒരു ഡെസ്‌ക്ടോപ് താങ്കള്‍ക്ക് വാങ്ങിക്കൂടേ’ ഒരു കേസിന്റെ വാദത്തിനിടെ കോടതി ആരാഞ്ഞു.

മറ്റൊരു കേസില്‍ ബെഞ്ചിനെ വലച്ചത് അഭിഭാഷകന്റെ ഭാഗത്തുനിന്നുള്ള മോശം ഇന്റര്‍നെറ്റ് കണക്ടിവിറ്റി ആയിരുന്നു. ഇത്തരം കേസുകള്‍ കേള്‍ക്കാനുള്ള ഊര്‍ജം തങ്ങള്‍ക്കില്ലെന്ന് ബെഞ്ച് പറഞ്ഞു. കേള്‍ക്കാന്‍ സാധിക്കുന്ന സംവിധാനം ഉപയോഗപ്പെടുത്താനും കോടതി നിര്‍ദേശിച്ചു.

Back to top button
error: