KeralaNEWS

കെഎസ്ആർടിസി സര്‍വീസുകള്‍ പുനരാരംഭിക്കാത്തത്‌ റാന്നി-മല്ലപ്പള്ളി റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമാക്കുന്നു

റാന്നി: കോവിഡ്‌ ലോക്ഡൗണിനെ തുടർന്ന് രണ്ടു വർഷം മുൻപ് താത്‌ക്കാലികമായി നിര്‍ത്തലാക്കിയ കെ. എസ്‌.ആര്‍.ടി.സി.ബസുകൾ ഇനിയും ഓടിത്തുടങ്ങാത്തത് റാന്നി-മല്ലപ്പള്ളി റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാക്കുന്നു.ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നാണ്‌ തിരുവല്ല, മല്ലപ്പള്ളി ഡിപ്പോകളില്‍ നിന്നും സര്‍വീസ്‌ നടത്തിയിരുന്ന അഞ്ച് ബസുകള്‍ റദ്ദാക്കിയത്‌.ഇതിൽ
യാത്രക്കാര്‍ക്ക്‌ ഏറെ പ്രയോജനകരമായിരുന്ന മല്ലപ്പള്ളി-റാന്നി ചെയിന്‍ സര്‍വീസുകളും ഉൾപ്പെടും.
തിരുവല്ല ഡിപ്പോയുടെ ഏറ്റവും ജനപ്രിയ സർവീസായിരുന്ന വാളക്കുഴി,തീയാടിക്കൽ, വൃന്ദാവനം, കണ്ടൻപേരൂർ, നെല്ലിക്കമൺ വഴി ഓടിക്കൊണ്ടിരുന്ന  റാന്നി സർവീസ്.ഈ ബസ് സർവ്വീസ്
 നിര്‍ത്തിയതിനെതിരേ അന്ന്‌ പ്രതിഷേധമുയര്‍ന്നെങ്കിലും നിയന്ത്രണം മാറുമ്ബോള്‍ പുനരാരംഭിക്കുമെന്ന്‌ ഡിപ്പോ അധികൃതര്‍ ജനപ്രതിനിധകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഉറപ്പ്‌ നല്‍കിയിരുന്നു.ഈ റൂട്ടില്‍ ഓടിയിരുന്ന ബസ് ലാഭത്തിലായിരുന്നെന്ന്‌ ഡിപ്പോ അധികൃതരും സമ്മതിക്കുന്നുണ്ട്.പക്ഷെ രണ്ടു വർഷം പൂർത്തിയാകാൻ പോകുമ്പോഴും സർവീസ് പുനരാരംഭിക്കാൻ നടപടിയൊന്നുമില്ലെന്ന് മാത്രം.
നിലവിൽ റാന്നിയിൽ നിന്നും വൈകിട്ട് നാലര കഴിഞ്ഞാൽ നെല്ലിക്കമൺ, കണ്ടൻപേരൂർ ഭാഗത്തേക്ക് ബസില്ലാത്ത സ്ഥിതിയാണുള്ളത്.ഞായറാഴ്ച ദിവസം നിലവിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാകട്ടെ ഓടുകയുമില്ല.അധികാരികൾ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റാന്നി ഡിപ്പോയിൽ നിന്നും ഈ റൂട്ടിലേക്ക് കെഎസ്ആർടിസി ബസുകൾ ഒന്നും ഇല്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.റാന്നിയിൽ നിന്നും കോട്ടയത്തേക്കുള്ള ഏറ്റവും എളുപ്പമാർഗ്ഗമായ നെല്ലിക്കമൺ, കണ്ടൻപേരൂർ,പെരുമ്പെട്ടി,ചുങ്കപ്പാറ, കുളത്തൂർമുഴി, നെടുംകുന്നം,മാന്തുരുത്തി ആലാമ്പള്ളി വഴി ഒരു സർവീസ് ആരംഭിക്കാവുന്നതേയുള്ളൂ.അതേപോലെ നെല്ലിക്കമൺ കണ്ടൻപേരൂർ വൃന്ദാവനം വാളക്കുഴി വഴി ജില്ലയിലെ ഏക റയിൽവെ സ്റ്റേഷനായ തിരുവല്ലയിലേക്കും.

Back to top button
error: