KeralaNEWS

ആർത്രൈറ്റിസ്: അറിയണം കാരണം, തുടരണം ചികിത്സ

നിത്യജീവിതത്തിൽ ഇന്ന് വളരെയധികം വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആർത്രൈറ്റിസ്.ആർത്രൈറ്റിസ് എന്നാൽ സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള ഒരു പൊതുവായ പദമാണ്.നൂറിലേറെ തരം ആർത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.
ആർത്രൈറ്റിസ് പല കാരണങ്ങളാൽ ഉണ്ടാകാം. ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധിവാതം, ഇൻഫ്ളമേറ്ററി (ആമവാതം) അഥവാ റൂമാറ്റോയിഡ് ആർത്രൈറ്റിസ്, ആങ്കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ് (സോറിയാറ്റിക് ആർത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആർത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്ട്) എന്നിവയാണ് അതിൽ ചിലത്.

അധികമായ ശരീരഭാരം, സന്ധികളിൽ ഏൽക്കുന്ന പരിക്ക്, സന്ധികൾക്ക് ചുറ്റുമുള്ള മാംസ പേശികൾക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാൽ സന്ധികളിൽ സമ്മർദ്ദവും  തരുണാസ്ഥിയുടെ ദ്രവിക്കലുമാണ് സന്ധിവാതത്തിനുള്ള പ്രധാന കാരണം. ഈ കാരണത്താൽ സന്ധികൾക്ക് ഇരുവശവുമുള്ള എല്ലുകൾ തമ്മിൽ ഉരസുവാൻ ഇടയാക്കും.രോഗങ്ങൾക്കെതിരെ ചെറുത്തു നിൽക്കാൻ നമ്മളെ സഹായിക്കുന്ന ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിൽ വരുന്ന വ്യത്യാസങ്ങൾ കൊണ്ടും ആർത്രൈറ്റിസ് ഉണ്ടാകാം.

 

കാൽമുട്ട്, ഇടുപ്പ്, നട്ടെല്ല് തുടങ്ങിയ ഭാരം താങ്ങുന്ന സന്ധികളിലാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് സാധാരണയായി കാണപ്പെടുന്നത്.കൈകളിലെ സന്ധികൾ (വിരലുകളിലെ ആദ്യ രണ്ട് സന്ധികൾ- പ്രോക്സിമൽ ഇന്റർഫലാഞ്ച്യ, മെറ്റാകാർപോഫലാഞ്ച്യ എന്നിവ), മണിബന്ധം, കാൽക്കുഴ, കാൽമുട്ട് എന്നീ സന്ധികളിൽ റൂമറ്റോയ്ഡ് ആർത്രൈറ്റീസും കാലിന്റെ തള്ളവിരൽ, കാൽക്കുഴ, കാൽമുട്ട്, കൈമുട്ട് എന്നിവയിൽ ഗൗട്ട് എന്ന ആർത്രൈറ്റിസും കാണപ്പെടുന്നു.

 

ആർത്രൈറ്റിസ് ഒരു രോഗലക്ഷണമാണ്. ചെറിയ ഒരു കാര്യമായി അതിനെ അവഗണിക്കുന്നത് അപകടകരമാണ്. ഈ ലക്ഷണത്തിന് പിന്നിലുള്ള രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് അധികം വൈകാതെ ചികിത്സിച്ചാൽ ആജീവനാന്തം നിലനിൽക്കാവുന്ന വൈകല്യങ്ങളെ ഒഴിവാക്കാനാവുന്നതേയുള്ളൂ. അതിന് ഒരു ഓർത്തോപീഡിക് വിദഗ്ധനെയോ റുമറ്റോയ്ഡ് സ്പെഷ്യലിസ്റ്റിനെയോ കാണേണ്ടതാണ്. എക്സ്റേയിൽ കാണുന്ന സവിശേഷതകളാലും രക്തപരിശോധനയിലൂടെയും ക്യത്യമായ രോഗനിർണയം സാധ്യമാണ്.ആർത്രൈറ്റിസ് മൂർച്ഛിക്കുന്നത് തടയാൻ ചികിത്സ കൊണ്ട് സാധ്യമാണ്. പേശികളും സന്ധികളും ബലപ്പെടുത്താൻ ഫിസിയോ തെറാപ്പിയും വ്യായാമങ്ങളും സഹായകരമാണ്.

Back to top button
error: