NEWS

ബിഷപ്പിന്റെ ബലാൽസംഗവും വെള്ളപൂശപ്പെടുന്നു

“നമ്മുടെ സംസ്കാരത്തിനും സദാചാരബോധത്തിനും മേൽ ഈ വിധി ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. നിയമവ്യവസ്ഥയുടെ നൂലാമാലകളിലും പണത്തിന്റെ കെണിയിലും കുടുങ്ങി പലർക്കും നീതി നിഷേധിക്കപ്പെടുന്നു എന്ന സത്യം ബോധ്യപ്പെടുന്നതോടെ ഇരകൾക്കും മനസ്സാക്ഷിയുള്ള ജനത്തിനും നീതിന്യായക്കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടും. മാത്രമല്ല, ഈ വിധിന്യായം അവരുടെ മനസ്സുകളിൽ അരക്ഷിതാവസ്ഥയും സൃഷ്ടിക്കും.

ഗീവർഗീസ് ഇടിച്ചെറിയ* യുടെ നിരീക്ഷണം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിലെ ന്യായവിധി വന്നു കഴിഞ്ഞു. കുറ്റപത്രത്തിൽ ബിഷപ്പ് ഫ്രാങ്കോക്ക് എതിരെ ഉന്നയിച്ചിട്ടുള്ള ഏഴ് വകുപ്പുകളും നിലനിൽക്കുന്നതല്ല എന്നാണ് വിധിയിൽ പറയുന്നത്. കേരളമനസ്സാക്ഷി അതുകേട്ട് വിറുങ്ങലിച്ചു നിൽക്കുകയാണ്.

പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല, 13 തവണ ബലാൽസംഗം ചെയ്തു എന്ന ആരോപണം നിലനിൽക്കുന്നതല്ല,
ബിഷപ്പും പരാതിക്കാരിയും തമ്മിൽ ഉണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് കേസ്, അധികാരത്തിനായി വ്യാജ ആരോപണം ഉയർത്തി തുടങ്ങിയ കാര്യങ്ങളാണ് വിധിന്യായത്തിൽ വിവരിച്ചിട്ടുള്ളത്.

ക്രിസ്തീയവിശ്വാസിനികളും കന്യാസ്ത്രീകളും, പുരോഹിതരുടെ ലൈംഗികചൂഷണത്തിന് ഇരയായ കേസുകൾക്ക് ഉണ്ടാകാൻ പോകുന്ന തിരിച്ചടിയുടെ മുന്നോടിയായിട്ടു വേണം ഈ വിധിയെ കരുതാൻ.

നമ്മുടെ നാടിന്റെ സംസ്കാരത്തിനും സദാചാരബോധത്തിനും മേൽ അതേൽപ്പിക്കാൻ പോകുന്ന ആഘാതം ചെറുതായിരിക്കില്ല. നിയമവ്യവസ്ഥിതിയുടെ നൂലാമാലകളിലും പണത്തിന്റെ കെണിയിലും കുടുങ്ങി നീതി നിഷേധിക്കപ്പെടുന്നു എന്ന സത്യം മൂലം ഇരകളുടെയും മനസ്സാക്ഷിയുള്ള ജനത്തിന്റെയും
നീതിന്യായക്കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുക മാത്രമല്ല, ഈ വിധിന്യായം അവരുടെ മനസ്സുകളിൽ അരക്ഷിതാവസ്ഥയും സൃഷ്ടിച്ചേക്കും.

ഈ കേസിൽ എന്താണ് സംഭവിച്ചത് എന്നു തെരഞ്ഞുപോകുമ്പോൾ അറിയാൻ കഴിയുന്നത് കേസിലെ രഹസ്യവിചാരണ കുറ്റാരോപിതനായ ബിഷപ്പിനെ വളരെയധികം സഹായിച്ചിട്ടുണ്ടാകുമെന്നാണ്.

കെട്ടിയടയ്ക്കപ്പെട്ട മഠത്തിൽ വെച്ചു അരങ്ങേറുന്ന ബലാൽസംഗക്കേസിൽ ദൃക്‌സാക്ഷികൾ ഉണ്ടാകുക തികച്ചും അസംഭവ്യം ആണല്ലോ. അതിനാൽ കേസ് തെളിയിക്കപ്പെടണമെങ്കിൽ മറ്റു തെളിവുകൾ ആവശ്യമായിരുന്നു.

ഇരയുടെ ആരോപണം മാത്രം മുഖവിലയ്ക്കെടുത്ത് ശിക്ഷ വിധിക്കുക എന്നത് നമ്മുടെ നിയമവ്യവസ്ഥയിൽ അസാധ്യമാണെന്ന് ഏവർക്കും അറിയാം.

ഈ അവസരത്തിൽ കുറെ വർഷങ്ങൾക്കു മുമ്പ് ഒരു അമേരിക്കൻ പ്രസിഡന്റിനെ കുരുക്കിയ പീഡനക്കേസ് ആണ് ഓർമ്മയിൽ വരുന്നത്. അതിലെ ഇരയായ സ്ത്രീ തന്റെ അടിവസ്ത്രത്തിൽ പ്രസിഡന്റിന്റെ സ്ഖലനദ്രാവകം തുടച്ചുസൂക്ഷിച്ചത് കേസ്അന്വേഷണത്തിൽ തെളിവായി വന്നു. അവസാനം പ്രസിഡന്റിന് കുറ്റസമ്മതം നടത്തേണ്ടി വന്നു.

ഈ കേസിൽ സംശയാതീതമായി കുറ്റം തെളിയിക്കാനുള്ള തെളിവുകൾ ഒന്നും കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ടാകില്ല എന്നു വേണം കരുതാൻ. അതുകൊണ്ട് ന്യായവിധിയിൽ കൂറ്റം കണ്ടെത്തുക പ്രയാസം ആണ്.

കേസിന്റെ നാൾവഴികളിലൂടെ ഒന്നു കണ്ണോടിച്ചാൽ കാണാൻ സാധിക്കുന്ന പ്രധാന സംഭവങ്ങൾ താഴെ കൊടുക്കുന്നു.

2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തിൽ വച്ച് ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ പരാതിക്കാരിയായ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാതാണ് കേസ്.

അഭിനവവിശുദ്ധന്മാരുടെ കൂട്ടത്തിൽ പെട്ട ഒരുവൻ ഉൾപ്പെട്ട കേസായതിനാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അത് ജനഹൃദയങ്ങളിൽ ഏറെ ആകാംക്ഷ ഉണ്ടാക്കിയിരുന്നു. കേസിൽ നിന്ന് പിന്തിരിയാൻ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മേൽ അമിതമായ സമ്മർദ്ദവും ഭീഷണികളും ഉണ്ടായിരുന്നിട്ടും സ്വന്തം ആരോപണത്തിൽ അവർ ഉറച്ചുനിന്നത് എടുത്തു പറയേണ്ട കാര്യമാണ്.

ഇതു സംബന്ധിച്ച പരാതി ആ കന്യാസ്ത്രീ, മദർ സുപ്പീരിയറിന് നൽകിയത് 2018 മാര്‍ച്ച് 26നാണ്. അധികം താമസിയാതെ ഒരു ഇടവകവികാരി കേസ് ഒതുക്കാനുള്ള ശ്രമം നടത്തിനോക്കിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കന്യാസ്ത്രീ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ജൂൺ 28ന് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ജൂലൈ 5ന് മജിസ്‌ട്രേറ്റിനു മുമ്പിൽ പരാതിക്കാരിയായ കന്യാസ്ത്രീ രഹസ്യമൊഴി നൽകി. തുടർന്ന് അന്വേഷണസംഘം ഓഗസ്റ്റ് 13ന്  ജലന്ധറിലെത്തിയെങ്കിലും ഫ്രാങ്കോയെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. സെപ്റ്റംബര്‍ 19ന് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഫ്രാങ്കോയെ വിളിച്ചുവരുത്തി. സെപ്റ്റംബർ 21ന് ഫ്രാങ്കോ അറസ്റ്റിലായി. ഒക്ടോബർ 15ന് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ 2019 ഏപ്രില്‍ 9ന് കുറ്റപത്രം സമർപ്പിക്കപ്പെട്ടു.

അടച്ചിട്ട കോടതി മുറിയിലായിരുന്നു വിചാരണ നടപടികൾ. 2021 ഡിസംബര്‍ 29ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വാദം പൂര്‍ത്തിയായി. 2022 ജനുവരി 14ന് വിധി പ്രസ്താവിച്ചു.

സന്യാസജീവിതം സ്വീകരിക്കാൻ പ്രതിജ്ഞയെടുത്ത് ഒരുക്കത്തോടെ കന്യാസ്ത്രീമഠങ്ങളിൽ എത്തുന്ന പെൺകുട്ടികൾ നീചമായ ലൈംഗികാതിക്രമങ്ങൾ നേരിടുന്നു എന്നത് നാം പലപ്പോഴായി കേട്ടിട്ടും കണ്ടിട്ടും ഉള്ളതാണ്. എത്രയോ കന്യാസ്ത്രീകളുടെ ജീവൻ അതിൽ ഹോമിക്കപ്പെട്ടു കഴിഞ്ഞു. എന്നിട്ടും നമ്മുടെ നീതിമന്ദിരങ്ങളിൽ ചലനങ്ങൾ ഉണ്ടാക്കാൻ അവയ്ക്കൊന്നും
കഴിഞ്ഞിട്ടില്ല എന്നത് ആശ്ചര്യകരം തന്നെ.

അവിടെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ ഇരകളോടൊപ്പം ജീവിക്കുന്ന മറ്റു കന്യാസ്ത്രീകൾ ആണ് പൊതുജനമധ്യത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. കന്യാസ്ത്രീമഠങ്ങളിലെ കറുത്തിരുണ്ട ചെയ്തികൾ അവർതന്നെ വിളിച്ചുപറയുമ്പോൾ, അവിടുത്തെ ഇരുട്ടറകളിൽ അരങ്ങേറുന്ന ആത്മഹത്യയാക്കപ്പെട്ട കൊലപാതങ്ങൾ കാണുമ്പോൾ അവരെ അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം ഒരു സ്ത്രീയും തങ്ങളുടെ സ്വഭാവത്തെ ഹനിക്കുകയും അപമാനം ഉണ്ടാക്കുകയും ചെയ്യുന്ന വിവരങ്ങൾ വെറുതെ വിളിച്ചുപറയുകയില്ല. പ്രത്യേകിച്ച് കന്യാസ്ത്രീകൾ മനപൂർവ്വം തങ്ങളുടെ വിശ്വാസസഭയെ നാണം കെടുത്താനുള്ള ധൈര്യം കാട്ടില്ല.
ഏതു പ്രസ്ഥാനത്തിന്റെയും അകത്തളങ്ങളിൽ അരങ്ങേറുന്ന കാര്യങ്ങൾ അവിടെയുള്ളവർതന്നെ വിളിച്ചുപറഞ്ഞെങ്കിലേ പുറംലോകം അറിയുകയുള്ളല്ലോ. ഇവിടെ സിസ്റ്റർമാർതന്നെ അതു വിളിച്ചുപറഞ്ഞുവെങ്കിൽ എത്രമാത്രം മനം നൊന്താകും അവർ അതു ചെയ്തത് എന്നുകൂടി സമൂഹം മനസ്സിലാക്കണം.

ഇന്നത്തെ കാലത്ത് ദുർവൃത്തരായ പുരോഹിതർ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്തുകൊണ്ട്
കന്യാസ്ത്രീകളെ പ്രലോഭിപ്പിച്ചും വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും ലൈംഗികാവശ്യത്തിന് ഉപയോഗിക്കുന്നുണ്ട് എന്നുള്ളത് മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യമല്ല. അധികാരമുള്ളവർ എന്ന ധാർഷ്ട്യത്തിലാണ് പുരോഹിതരും ബിഷോപ്പുമാരും മഠങ്ങളിൽ വിഹരിക്കുന്നത്.

സ്വന്തക്കാരിൽ നിന്നകന്ന് സഭമാത്രം ആശ്രയമായുള്ള കന്യാസ്ത്രീകൾക്കും സന്ന്യാസം സ്വീകരിച്ചുകൊണ്ടെത്തിയ പെൺകുട്ടികൾക്കും അവിടുത്തെ ചങ്ങലയിൽ നിന്ന് രക്ഷപ്പെടുക തികച്ചും ദുഷ്കരമായിരിക്കും. അവിടെ നടക്കുന്ന ലൈംഗികവൈകൃതങ്ങൾ വിളിച്ചുപറയുന്നവർ കൊല്ലപ്പെടാനും എളുപ്പമാണ്. നമ്മുടെ കൊച്ചുകേരളത്തിൽപോലും ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്നു എന്നത് നിയമപരിപാലന സംവിധാനങ്ങളിലെ പാളിച്ചകൾ ആണ് തുറന്നുകാണിക്കുന്നത്.

കുറ്റമറ്റ തെളിവുകളുടെ അഭാവത്തിൽ ഫ്രാങ്കോ ഇപ്പോൾ കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നുവെങ്കിലും ജനങ്ങളുടെ മനസ്സാക്ഷിക്കു മുമ്പിൽ അയാൾ കുറ്റക്കാരനായി തുടരുമെന്നതിൽ സംശയമില്ല. ഇരയായ കന്യാസ്ത്രീയുടെ ആരോപണം സത്യമാണെന്നേ സാമാന്യബോധമുള്ള ആരും ചിന്തിക്കുകയുള്ളൂ.

അധികാരവും ശക്തിയുമുള്ള ആൾ ബലാൽസംഗം ചെയ്യുമ്പോൾ അതിനെ എതിർക്കാനും ചോദ്യംചെയ്യാനും ആ പീഡകനെ നീതിപീഠത്തിന്റെ മുമ്പിൽ കൊണ്ടുവരാനും ഉള്ള ധൈര്യം എത്ര നാൾക്കകം ഇരയായ സ്ത്രീക്ക് ഉണ്ടാകും എന്നത് പ്രസക്തമായ ഒരു ചോദ്യമായി ഇവിടെ ഉയർന്നുനിൽക്കുന്നു. അതും ബലാൽസംഗഇരകളെ അവജ്ഞയോടെ കാണുന്ന
നമ്മുടെ സമൂഹത്തിന്റെ മുമ്പിൽ. ഈ കേസിലെ ഇര സഭയുടെ മതിൽകെട്ടിന്റെ അകത്തളങ്ങളിൽ സഭാചട്ടങ്ങളിൽ ബന്ധിതയായി കഴിയുന്ന കന്യാസ്ത്രീയാണെന്നു കൂടി ഓർക്കുക. അതിനാൽ ആ ധൈര്യം എന്നു കിട്ടുമോ അന്നു മാത്രമേ ഒരു സ്ത്രീ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുന്ന ശക്തനായ ഒരുവനെതിരെ പരാതി പറയാൻ ധൈര്യം കാണിക്കുകയുള്ളൂ.

അതിനാൽ പരാതി കൊടുക്കാൻ താമസിച്ചതുകൊണ്ടോ കുറ്റം തെളിയിക്കാനുള്ള കുറ്റമറ്റ തെളിവുകൾ ഇല്ലാത്തതുകൊണ്ടോ ഇത്തരം സാഹചര്യങ്ങളിൽ അരങ്ങേറുന്ന ബലാൽസംഗം പോലെയുള്ള കൊടും കുറ്റങ്ങളിൽ സാമാന്യബോധം കൂടി കണക്കിലെടുക്കേണ്ടതായിട്ടുണ്ട്. അങ്ങനെ ചെയ്യാതെ ഉണ്ടാകുന്ന ന്യായവിധികളിൽ മറ്റെന്തെങ്കിലും പ്രേരണയോ പ്രലോഭനമോ കടന്നുകൂടാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല എന്നു ജനം ചിന്തിച്ചാൽ അവരെ കുറ്റം പറയാനും സാധിക്കില്ല.

നീതിപീഠങ്ങൾ അറിഞ്ഞുകൊണ്ട് കുറ്റവാളികൾക്ക് സംരക്ഷണം നല്കുന്നുവെങ്കിൽ ദേശം നാശത്തിലേക്കും തകർച്ചയിലേക്കുമുള്ള പാതയിൽ ആണ്.
രാജാവും ന്യായാധിപനും തെറ്റുകുറ്റങ്ങൾക്ക് അതീതരും സത്യവും നീതിയും മുറുകെ പിടിക്കുന്നവരും ആയിരിക്കണം എന്നതാണ് ഒരു ദേശത്തിന്റെ ഉയർച്ചയുടെ അടിസ്ഥാനം. ഇവിടെ സാങ്കേതികമായ കാരണങ്ങളാൽ ബലാൽസംഗം ആരോപിക്കപ്പെട്ട പ്രതിയെ കോടതി വെറുതെ വിട്ടതുകൊണ്ട് പ്രതി ജനമനസ്സുകളിൽ കുറ്റക്കാരൻ അല്ലാതാകുന്നില്ല.

കുറ്റവിമുക്തനാക്കപ്പെട്ട പ്രതി ക്രിസ്തീയശുശ്രൂഷകന്റെ വേഷം ധരിച്ച് പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ ബലാൽസംഗം ചെയ്തിട്ടുണ്ടെങ്കിൽ ആ കൊടുംകുറ്റത്തിന് ഒരിക്കലും മാപ്പില്ല എന്നുതും ഓർക്കേണ്ടതാണ്. അതുകൊണ്ട് ആ നീചന്റെ ശിക്ഷ ഇനിയും ദൈവം വിധിക്കുമെന്നുറപ്പ്.

അശരണയായ സ്ത്രീയുടെ നിലവിളിക്ക് ദൈവസന്നിധിയിൽ വലിയ വിലയുണ്ട്. അത് സർവ്വവ്യാപിയായ സർവ്വശക്തൻ കാണുന്നുമുണ്ട്.

അധികാര ധാർഷ്ട്യത്തിൽ താൻ അറിഞ്ഞുകൊണ്ടു ചെയ്ത കൊടുംകുറ്റത്തിനുള്ള ശിക്ഷ ഒരുവൻ അനുഭവിക്കുകതന്നെ ചെയ്യും. അയാളുടെ ആരോഗ്യവും ആയുസ്സും ദൈവം വെട്ടിക്കളഞ്ഞിരിക്കുന്നു എന്നു കരുതിയാലും തെറ്റില്ല.

*സാമൂഹ്യ വിമർശകനും എഴുത്തുകാരനും സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യവുമായ ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര 33വർഷം പ്രമുഖ സ്ഥാപനങ്ങളിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.

Back to top button
error: