KeralaNEWS

ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധി :പ്രോസിക്യൂഷൻ നിരത്തിയ വാദങ്ങളും തെളിവുകളും സമ്പൂർണ്ണമായി നിരാകരിച്ച വിധി -നിയമ ഗവേഷകൻ ശ്യാം ദേവരാജ് വിലയിരുത്തുന്നു

 

പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞ വാദങ്ങൾ മാത്രം മുഖവിലയ്ക്ക് എടുക്കുകയും പ്രോസിക്യൂഷൻ നിരത്തിയ വാദങ്ങളും തെളിവുകളും സമ്പൂർണ്ണമായി നിരാകരിക്കുകയും ചെയ്ത വിചാരണ കോടതിവിധി.

അതിജീവതയുടെ അവകാശങ്ങളെ പോസിറ്റീവ് ആയി സമീപിക്കാമായിരുന്നു. സാമൂഹിക പ്രസക്തമായ വിഷയങ്ങളിൽ ചൂണ്ട് പലകയായി വിധി മാറ്റാമായിരുന്നു. നിയമത്തിൻ്റെ ശരിയായ വ്യാഖ്യാനം സമൂഹത്തിന് നേരായ സന്ദേശം നൽകുമായിരുന്നു. പ്രതിക്കൂട്ടിൽ നിന്ന ഉന്നതൻ്റെ പ്രവർത്തികളെ സംശയ ദൃഷ്ടിയോടെയും വിമർശന ബുദ്ധിയോടെയും പരിഗണിക്കാമായിരുന്നു. വിചാരണ ചെയ്യപ്പെടേണ്ടത് പ്രതിയാണ്, അതിജീവതയല്ല എന്ന് ഓർക്കാമായിരുന്നു.

പരാതിക്കാരിക്ക് എതിരായ കുറ്റപത്രം ആണോയെന്ന് പൊതുസമൂഹം സംശയിച്ചാൽ തെറ്റ് പറയാനാവില്ല. ഇങ്ങനെ ഒരു വിധിന്യായം വായിച്ചാൽ ഇനിയാരെങ്കിലും നീതിതേടി വരുമെന്ന് പ്രതീക്ഷ വേണ്ട.

വിചാരണ കോടതി വിധിയിലെ പ്രസക്ത നിരീക്ഷണങ്ങളിൽ ചിലത് ഇവയാണ്.

> പ്രതി ഫ്രാങ്കോ മുളയ്ക്കലിൻ്റെ മുൻകാല ക്രിമിനൽ ചരിത്രം ഈ കേസിൻ്റെ വിചാരണയിൽ ബാധകമല്ല.

> 18 കന്യാസ്ത്രീകൾ കോൺഗ്രഗേഷൻ വിട്ട് പോയത് പ്രതിയുടെ മോശം ഇടപെടൽ കാരണമാണെന്ന് ആക്ഷേപമില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് അവർ സഭ വിട്ടത്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനിൽ കന്യാസ്ത്രീകൾ നടത്തിയ സമരം ശരിയല്ല.

> ഫ്രാങ്കോ മുളയ്ക്കൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം ഉയർന്നത് പരാതിക്കാരിക്ക് എതിരായ അച്ചടക്ക നടപടി തുടങ്ങിയ ശേഷം.

> പതിനാറാം സാക്ഷി ജയ ഫ്രാൻസിസ് നൽകിയ പരാതിക്ക് പിന്നിൽ ഫ്രാങ്കോ അല്ല. മൂന്നും നാലും സാക്ഷികൾ ഫ്രാങ്കോയ്‌ക്ക് എതിരെ പരാതി പറഞ്ഞിട്ടില്ല. അശ്ലീല – ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ ഫ്രാങ്കോ അയച്ചു എന്ന് മൂന്നും നാലും സാക്ഷികൾക്ക് പരാതിയില്ല.

> പ്രതിഭാഗം അഭിഭാഷകൻ ഉയർത്തിയ ആക്ഷേപങ്ങൾക്ക് വിശ്വസനീയമായ വിശദീകരണം നൽകുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഇരയും സഹ കന്യാസ്ത്രീകളും കോൺവെൻ്റിൽ നടക്കുന്ന പ്രതിദിന പരിപാടികളുമായി സഹകരിച്ചില്ല. അവർ പ്രത്യേക വിഭാഗമായി മാറി നിന്നു. അച്ചടക്ക രാഹിത്യം, നിസഹകരണം, പരസ്പര ബഹുമാനമില്ലായ്മ എന്നിവ ഉണ്ടായത് കന്യാസ്ത്രീകൾ തമ്മിലുള്ള ഭിന്നതയ്ക്ക് പിന്നാലെ. പ്രതിയുടെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങാത്തതോ, പകയോ ആണ് ഇരയ്ക്ക് എതിരായ നടപടിക്ക് കാരണമെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

> പ്രതിയെ ശിക്ഷിക്കാൻ ഇരയുടെ വിശ്വാസ്യതയുള്ള മൊഴി തന്നെ മതി എന്ന് സുപ്രീം കോടതി പലവട്ടം വ്യക്തത വരുത്തിയിട്ടുണ്ട്. ഇരയുടെ മൊഴി, തുടക്കം മുതൽ ഒടുക്കം വരെ പൊരുത്തമുള്ളതാവുക പരമ പ്രസക്തം.

> സമ്പൂർണ്ണ വിശ്വസനീയം, പൂർണ്ണമായി വിശ്വസിക്കാൻ കഴിയാത്തത്, തള്ളാനോ കൊള്ളാനോ കഴിയാത്തത് എന്നിങ്ങനെ മൂന്ന് തരത്തിൽ ഇരയുടെ മൊഴി തരം തിരിക്കാം. ഇതിൽ മൂന്നാം വിഭാഗത്തിൽ വരുന്ന മൊഴി സ്വീകരിക്കാൻ പ്രയാസം.

> ഒന്നിൽ പിഴച്ചാൽ എല്ലാം പിഴയ്ക്കുമെന്നാണ്. ഇരയുടെ മൊഴിയിൽ ഒന്ന് തെറ്റിയാൽ എല്ലാം തെറ്റും. അസത്യത്തിൽ നിന്ന് സത്യം വേർതിരിക്കുക പ്രയാസമാണ്. നെല്ലും പതിരും വേർതിരിക്കാൻ കഴിയാത്ത വിധം കൂടിക്കുഴഞ്ഞിരിക്കുന്നു.

> പ്രോസിക്യൂഷൻ അവതരിപ്പിച്ച പശ്ചാത്തലം, അടിസ്ഥാനം എന്നിവയിൽ നിന്ന് വിഭിന്നമായി പുതിയ കേസ് എന്ന നിലയിൽ പുനക്രമീകരിക്കണം. ലഭ്യമായ തെളിവുകൾ പൂർണ്ണമായും നിരാകരിക്കുകയാണ് അതിനേക്കാൾ സാധ്യമായത്,

> ഇരയുടെ മൊഴിയിൽ നിരവധി വൈരുധ്യങ്ങളുണ്ട്. അതിനാൽ മൊഴി വിശ്വാസത്തിൽ എടുക്കാൻ കഴിയില്ല. കിടക്ക പങ്കിടാൻ ഫ്രാങ്കോ നിർബന്ധിച്ചു എന്ന് പരാതിക്കാരി സഹ കന്യാസ്ത്രീകളോട് പറഞ്ഞു. എന്നാൽ 13 തവണ ലൈംഗിക അതിക്രമത്തിന് ഇരയായി എന്ന് പരാതിക്കാരി വെളിപ്പെടുത്തിയിട്ടില്ല.

> സഭയ്ക്ക് 2017ൽ നൽകിയ കത്തിൽ ലൈംഗിക അതിക്രമത്തിന് ഇരയായി എന്ന് പറഞ്ഞിട്ടില്ല. ഫ്രാങ്കോ പ്രതികാര നടപടികൾ തുടങ്ങിയത് കിടക്ക പങ്കിട്ടത് കൊണ്ടോ, ബലാത്സംഗത്തിന് ഇരയായത് കൊണ്ടോ ആണെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിട്ടില്ല.

> ഫ്രാങ്കോ ലൈംഗിക അവയവം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് പരാതിക്കാരി മൊഴി നൽകിയിട്ടില്ല. ഇരയുടെ ജനനേന്ദ്രിയത്തിൽ പ്രതി വിരലുകൾ കടത്തി എന്നാണ് പരാതിക്കാരിയുടെ മൊഴി.

> രണ്ടാമത് നൽകിയ മൊഴിയിലും കോടതിയിൽ നൽകിയ നിർഭയ – സ്വതന്ത്ര മൊഴിയിലും പറയുന്നത് ആദ്യ തവണ പ്രതി വിരലുകൾ കടത്തി എന്നും 12 തവണ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നുമാണ്.

> ബലാത്സംഗത്തിന് ഇരയായി എന്നത് വൈദ്യ പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് ഡോക്ടറുടെ മൊഴി.

> ലൈംഗിക അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന തീയതിക്ക് പിന്നാലെ പരാതിക്കാരി പ്രതിയുമായി അടുത്ത് ഇടപഴകി. ഇ – മെയിൽ, ചിത്രങ്ങൾ, ദൃശ്യങ്ങൾ എന്നിവയിൽ ഇത് വ്യക്തം. പരാതിക്കാരി അടുത്ത ദിവസങ്ങളിൽ പ്രതിയുമൊത്ത് ഒരേ കാറിൽ ദീർഘദൂര യാത്ര ചെയ്തു. പ്രതിയിൽ നിന്ന് ഭീഷണി ഇല്ലെന്നാണ് പരാതിക്കാരി അയച്ച സന്ദേശങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.

> 13 തവണ ബലാത്സംഗത്തിന് ഇരയായി എന്ന വാദം, പരാതിക്കാരിയുടെ മൊഴി അനുസരിച്ച് വിശ്വാസത്തിൽ എടുക്കാനാവില്ല. പരാതിക്കാരി പല വസ്തുതകളും മൊഴിയിൽ നിന്ന് മറച്ചുവച്ചു.

> പരാതിക്കാരിയുടെ മൊഴികളിൽ സംശയങ്ങളുണ്ട്. മൊഴി അനുസരിച്ചുള്ള തെളിവുകൾ നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ ഉൾപ്പെടുന്ന ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. ഇരയുടെ വിശ്വാസ്യ യോഗ്യമല്ലാത്ത മൊഴി അനുസരിച്ച് പ്രതിയെ ശിക്ഷിക്കാൻ കഴിയില്ല.

വിചാരണ കോടതിവിധിയുടെ ന്യായീകരണങ്ങൾ (Reason for the Decision) നിരവധിയുണ്ട്. കൂടുതൽ എഴുതാൻ മനസ്സാക്ഷി അനുവദിക്കുന്നില്ല. ആ വിധിന്യായം പൂർണ്ണമായും വായിച്ച് പൂർത്തിയാക്കാനും കഴിയില്ല.

Back to top button
error: