KeralaLead NewsNEWS

കൊച്ചി വിമാനത്താവളത്തിലും കാക്കനാടും സ്റ്റേഷനുകള്‍; 1.25 മണിക്കൂറില്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്താം

സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍ നിന്ന് 1.30 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം വരെയുള്ള യാത്രയാണ് സാധ്യമാകുന്നത്. കൊച്ചിയില്‍ നിന്ന് കോഴിക്കോട് എത്താന്‍ 75 മിനിറ്റ് മതിയാകും. കിലോമീറ്ററിന് 2.75 രൂപയാണ് യാത്രനിരക്ക്. അതായത് കൊച്ചിയില്‍ നിന്ന് 540 രൂപയ്ക്ക് തിരുവന്തപുരത്തെത്താനാകും. എറണാകുളം ജില്ലയില്‍ കൊച്ചി വിമാനത്താവളത്തിലും കാക്കനാടുമാണ് സ്റ്റേഷനുകളുണ്ടായിരിക്കുക.

11 ജില്ലകളിലൂടെ കടന്നുപോകുന്ന വിധമാണ് സില്‍വര്‍ലൈനിന്റെ അലൈന്‍മെന്റ് തയാറാക്കിയിരിക്കുന്നത്. 529.45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സില്‍വര്‍ ലൈനില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാകും ട്രെയിനുകള്‍ സഞ്ചരിക്കുക. 1435 എംഎം സ്റ്റാന്‍ഡേഡ് ഗേജിലാണ് പാതയുടെ നിര്‍മ്മാണം. കേരളത്തിന്റെ തെക്ക് നിന്നു വടക്കേ അറ്റം വരെ യാത്ര ചെയ്യുന്നതിന് നിലവിലെ പത്തു മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയുള്ള സമയം ഇതുവഴി നാലുമണിക്കൂറായി ചുരുങ്ങും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നിങ്ങനെ കടന്നുപോകുന്ന എല്ലാ നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 11 സ്റ്റേഷനുകളാകും അര്‍ധ അതിവേഗ പാതയില്‍ ഉണ്ടാകുക.

സംസ്ഥാന സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കേരള റെയില്‍ ഡെവലപ്മന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്(കെ-റെയില്‍) എന്ന കമ്പനിയാണു പദ്ധതിയുടെ നിര്‍മാണം നടത്തുക. നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. 63,941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ പുനരധിവാസത്തിനുള്‍പ്പെടെ 1,383 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമായി വരുന്നത്. ഇതില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. നിര്‍ദിഷ്ട പാത കടന്നുപോകുന്ന 11 ജില്ലകളിലെ ആരാധാനാലയങ്ങളേയും പാടങ്ങളേയും കാവുകളേയും പരമാവധി ബാധിക്കാത്ത രീതിയിലാണു പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അതിനാല്‍ത്തന്നെ വീടുകള്‍ ഉള്‍പ്പെടെ 9,314 കെട്ടിടങ്ങളെ മാത്രമാണു പദ്ധതി ബാധിക്കുന്നത്.

സ്ഥലം ഏറ്റെടുപ്പിനായി 13,362 .32 കോടി രൂപയാണു കണക്കാക്കിയിരിക്കുന്നത് രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പ ഉപയോഗിച്ചാകും പദ്ധതി നടപ്പാക്കുക. പദ്ധതിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചുതന്നെ വായ്പാ തിരിച്ചടവു സാധ്യമാകുംവിധമാണു ഡി.പി.ആര്‍. അഞ്ചു വര്‍ഷം കൊണ്ടു പൂര്‍ത്തിയാകത്തക്കവിധത്തില്‍ ഫാസ്റ്റ് ട്രാക് അടിസ്ഥാനത്തിലാകും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. പകല്‍ യാത്രാവണ്ടിയും രാത്രിയില്‍ റോറോ (റോള്‍ ഓണ്‍ റോള്‍) സര്‍വീസും നടപ്പാക്കുന്ന വിധത്തിലാണ് പദ്ധതി. ആദ്യം പ്രതിദിനം 480 ട്രക്ക് കൊണ്ടുപോകാനാകും. ഇരുവശത്തേക്കും ഓടിക്കാവുന്നവയായതിനാല്‍ ഷണ്ടിങ്ങിന്റെ ആവശ്യമില്ല.

പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് റോറോ സംവിധാനം. 11 യാത്രാ സ്റ്റേഷനും അഞ്ച് റോറോ സ്റ്റേഷനുമാണ് ആദ്യ ഘട്ടത്തിലുണ്ടാകുക. യാത്രാസ്റ്റേഷനില്‍നിന്ന് മാറിയാകും റോറോ ഡിപ്പോകള്‍. ട്രക്കുകള്‍ ഉള്‍പ്പെടെ റോറോ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റാനും സംവിധാനമുണ്ടാകും. കണ്ണൂരിലും കോഴിക്കോട് വെസ്റ്റ് ഹില്ലിലും റോറോ സ്റ്റോപ്പുണ്ടാകും. കൊല്ലം, പഴങ്ങനാട്, തിരൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണി ഡിപ്പോകളുമുണ്ടാകും.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46206 പേര്‍ സില്‍വര്‍ ലൈനിലേക്ക് മാറും. ഇതോടെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. ചരക്ക് ഗതാഗതം, വിനോദ സഞ്ചാര മേഖലയിലും പദ്ധതി വഴിയുണ്ടാകുന്ന ഉണര്‍വ് കൊച്ചിയ്ക്ക് കൂടുതല്‍ ഗുണകരമാകും. കൊച്ചിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്നവരുടെ എണ്ണവും അതിവേഗ യാത്ര വര്‍ധിപ്പിക്കും.

പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമായിട്ടാകും പദ്ധതി നടപ്പാക്കുക. ഏറ്റവും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനം മാത്രമാകും പദ്ധതി മുഖേനയുണ്ടാകുക. പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയോ വന്യജീവി മേഖലകളിലൂടെയോ പാത കടന്നുപോകുന്നില്ല. നെല്‍പ്പാടങ്ങളിലും തണ്ണീര്‍ത്തടങ്ങളിലും പാത തൂണുകളിലൂടെയാകും കടന്നുപോകുക. പദ്ധതിക്കായി നിര്‍മ്മിക്കുന്ന മണ്‍തിട്ട അഥവ എംബാങ്ക്മെന്റ് മൂലം വെള്ളപ്പൊക്കത്തിന് സാധ്യതയില്ല. നിലവിലെ റെയില്‍പ്പാതകളും ഇത്തരം മണ്‍തിട്ടകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. സില്‍വര്‍ ലൈനില്‍ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കള്‍വര്‍ട്ടുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഒരുക്കും.

Back to top button
error: