ശരീരത്തില്‍ 2 ഗര്‍ഭപാത്രം, ഒരേസമയം രണ്ടിലും കുഞ്ഞുങ്ങള്‍; അത്യപൂര്‍വ അവസ്ഥയുമായി യുവതി

ശരീരത്തിലെ രണ്ടു ഗര്‍ഭപാത്രങ്ങളിലും ഒരേസമയം കുഞ്ഞുങ്ങള്‍. ലിങ്കണില്‍ 24കാരിയായ മേഗന്‍ ഫിപ്‌സിനാണ് അസാധാരണ അനുഭവത്തിനു സാക്ഷിയായിരിക്കുന്നത്. ശരീരത്തിന്റെ ഇടതും വലതുമാണ് ഗര്‍ഭപാത്രങ്ങള്‍.
മുന്‍പ് രണ്ടു തവണ വലതുവശത്തെ ഗര്‍ഭപാത്രത്തില്‍ മേഗന്‍ ഗര്‍ഭം ധരിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യത്തില്‍ മേഗന്‍ വീണ്ടും ഗര്‍ഭിണിയായി. പരിശോധനയില്‍ ഇരു ഗര്‍ഭപാത്രത്തിലും ഓരോ കുഞ്ഞുങ്ങള്‍ വീതമുണ്ടെന്നു കണ്ടെത്തി. മുന്‍പ് രണ്ടു തവണ മേഗന് കുഞ്ഞുങ്ങള്‍ ഉണ്ടായത് വലതുവശത്തെ ഗര്‍ഭ പാത്രത്തിലാണ്. തന്റെ ഇടത്തെ ഗര്‍ഭപാത്രം പ്രവര്‍ത്തനരഹിതമാണെന്നാണ് മേഗന്‍ കരുതിയത്.

ഇത്തവണ ഗര്‍ഭിണിയായപ്പോള്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇടതുവശത്ത് മേഗന് കുഞ്ഞിന്റെ അനക്കം അനുഭവപ്പെട്ടു. ഉടന്‍ തന്നെ അവര്‍ ആശുപത്രിയിലെത്തി പരിശോധിച്ചു. പരിശോധനയില്‍ ഇരുഗര്‍ഭപാത്രത്തിലും ഓരോ കുഞ്ഞുങ്ങള്‍ വീതം ഉള്ളതായി കണ്ടെത്തി. ‘ഡിഡല്‍ഫിസ്’ എന്ന അസാധാരണമായ അവസ്ഥയാണ് യുവതിക്കുള്ളത്. 2000 സ്ത്രീകളില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരം അപൂര്‍വ അവസ്ഥ ഉണ്ടാകുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചില കേസുകളില്‍ ഇരു ഗര്‍ഭപാത്രങ്ങള്‍ക്കും ഓരോ സര്‍വിക്‌സ് വീതവും ഉണ്ടാകും. വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മേഗന്‍ ജൂണ്‍11നും 12നും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. എന്നാല്‍ കേവലം 22 ആഴ്ച മാത്രമായിരുന്നു ജനന സമയത്ത് കുട്ടികളുടെ പ്രായം. 12 ദിവസത്തിനു ശേഷം ഒരു കുഞ്ഞ് മരിച്ചു. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായിരിക്കും. അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

അടുത്തിടെ ഐഎന്‍സിയുവിലുണ്ടായിരുന്ന കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു. ഈ കുഞ്ഞിന്റെ അതിജീവിക്കല്‍ അദ്ഭുതകരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version