കേരളം ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തുന്നു: രാഷ്ട്രപതി

രാജ്യത്തിന്റെ സാംസ്‌കാരിക ഐക്യബോധത്തെ ഏറ്റവും ഉയർന്ന രീതിയിൽ പ്രകടിപ്പിക്കുന്ന നാടാണു കേരളമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നവരാണു മലയാളികളെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പൂജപ്പുരയിൽ പി.എൻ. പണിക്കരുടെ പൂർണകായ വെങ്കല പ്രതിമ അനാവരണം ചെയ്ത ശേഷം പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.

മാനവശേഷി വികസനത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും നിരവധി സൂചികകളിൽ കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലാണെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി. മാറിമാറി വന്ന സർക്കാരുകൾ വളർച്ചയുടേയും വികസനത്തിന്റേയും കാര്യത്തിൽ പ്രത്യേക ശ്രദ്ധവച്ചു. ഇതു മികവിന്റെ നിരവധി തലങ്ങളിൽ കേരളത്തിന്റെ നേതൃസ്ഥാനം നിലനിർത്താൻ സഹായിച്ചു. കേരളത്തിലെ ജനങ്ങൾ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഏറെ ആദരം നേടിയിട്ടുണ്ട്. കേരളത്തിൽനിന്നുള്ള പ്രവാസികൾ ഇവിടേയ്ക്കു പണം അയക്കുക മാത്രമല്ല, തൊഴിലിടങ്ങളായി അവർ എത്തിയ ദേശങ്ങളിൽ രാജ്യത്തിന്റെ യശസ് ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. സേവന മേഖലയിൽ സംസ്ഥാനത്തുനിന്നുള്ള പ്രൊഫഷണലുകൾ, പ്രത്യേകിച്ച് ഡോക്ടർമാരും നഴ്സുമാരും എല്ലായിടത്തും ഏറെ ബഹുമാനം പിടിച്ചുപറ്റുന്നവരാണ്. കോവിഡ് മഹാമാരി ലോകത്തെയാകെ ബാധിച്ചപ്പോൾ കേരളത്തിൽനിന്നുള്ള നഴ്സുമാരും ഡോക്ടർമാരുമായിരുന്നു ഇന്ത്യയിൽനിന്നും മധ്യപൂർവേഷ്യയിൽനിന്നുമുള്ള കോവിഡ് പോരാളികളിൽ മുൻപന്തിയിൽ.

വിദൂര ഗ്രാമങ്ങളിൽപ്പോലും ഒരു ഗ്രന്ഥശാലയുണ്ടെന്നതു കേരളത്തിന്റെ സവിശേഷതയാണെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ആരാധനാലയങ്ങളുമായോ വിദ്യാലയങ്ങളുമായോ പ്രത്യേക ബന്ധമുണ്ടാകുന്നതുപോലെ തൊട്ടടുത്തുള്ള വായനശാലയുമായി വൈകാരിക ബന്ധുണ്ട്. പി.എൻ. പണിക്കർ പ്രസ്ഥാനം ഒരുക്കിയ ഗ്രന്ഥശാലകൾ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളുടെ നാഡീകേന്ദ്രങ്ങളായി മാറി. കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനം ഇതിന് ഉദാഹരണമാണ്. പി.എൻ. പണിക്കർ ആരംഭിച്ച ഗ്രന്ഥശാലാ സംഘം ആയിരക്കണക്കിനു ഗ്രന്ഥശാലകളുടെ ശൃംഖലയായി വളർന്നു. പി.എൻ. പണിക്കർ വിജ്ഞാന വികാസ കേന്ദ്രം എന്ന പേരിൽ കേരള സർക്കാർ സ്വയംഭരണ സ്ഥാപനം തുടങ്ങുന്നതിൽ അതിയായ സന്തോഷമുണ്ട്. അറിവിലൂടെ ദാരിദ്ര്യം കുറയ്ക്കുകയും യുവാക്കൾക്കിടയിൽ ശാസ്ത്രബോധം വളർത്തുകയുമാണ് ഇത്തരം കേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു.

ഗ്രന്ഥശാലകളോടുള്ള പൊതുജനാഭിമുഖ്യം വർധിപ്പിക്കുന്നതിനു പുതിയ സാങ്കേതികവിദ്യയുടെ സഹായം ഉപയോഗപ്പെടുത്തണമെന്നു ചടങ്ങിൽ പങ്കെടുത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇതുവഴി വായനയുടെ പുതിയ രീതികൾ പുതുതലമുറയ്ക്കു സ്വായത്തമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പുരോഗമനത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങൾ വലിയ പങ്കുവച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ ചൂണ്ടിക്കാട്ടി. സമത്വത്തിലും സാഹോദര്യത്തിലുമൂന്നിയ കാഴ്ചപ്പാട് സമൂഹത്തിൽ വളർത്തിയെടുക്കുന്നതിൽ ഗ്രന്ഥശാലകൾ നിർണായക പങ്കുവച്ചു. ദേശീയ പ്രസ്താനങ്ങൾക്കും നവോത്ഥാന പ്രസ്ഥാനങ്ങൾക്കും കരുത്തുപകർന്നതെന്നത് ഇതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങിനു ശേഷം രാജ്ഭവനിലേക്കു തിരിച്ച രാഷ്ട്രപതി വൈകിട്ട് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്നു രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം നാളെ (24 ഡിസംബർ) രാവിലെ 10.20നു തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ഡൽഹിക്കു മടങ്ങും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version