രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന് പരോള്‍

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോള്‍. അസുഖ ബാധിതയായ അമ്മ പദ്മയുടെ തുടര്‍ച്ചയായ അഭ്യര്‍ഥനകളെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരാണ് പരോള്‍ അനുവദിച്ചത്.

നളിനിക്ക് ഒരു മാസത്തെ പരോള്‍ അനുവദിച്ചതായി സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹസന്‍ മുഹമ്മദ് ജിന്ന വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. മകള്‍ക്ക് പരോള്‍ നല്‍കണമെന്ന് അഭ്യര്‍ഥിച്ച് പദ്മ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

ജസ്റ്റിസുമാരായ പി.എന്‍. പ്രകാശ്, ആര്‍. ഹേമലത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെ ഹര്‍ജിയെത്തിയപ്പോഴാണ് സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പരോള്‍ അനുവദിക്കുന്ന കാര്യം അറിയിച്ചത്. ഇതോടെ ഹര്‍ജി തീര്‍പ്പാക്കിയതായി പദ്മയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ എം. രാധാകൃഷ്ണന്‍ പറഞ്ഞു.

വെല്ലൂരിലെ പ്രത്യേക വനിതാ ജയിലിലാണു നളിനിയെ തടവില്‍ പാര്‍പ്പിച്ചത്. വെല്ലൂരിലെ വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം നളിനിക്കു താമസിക്കാം. ഇതു രണ്ടാം തവണയാണ് ഇവര്‍ക്കു പരോള്‍ ലഭിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version