പൈലറ്റ് വാഹനം കയറി പന്ത് പൊട്ടി; കുട്ടികൾക്ക് ഫുട്ബോള്‍ വാങ്ങി നൽകി മന്ത്രി വി.ശിവൻകുട്ടി

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്‌ :-

കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തു. കടന്നപ്പള്ളിയിൽ പാണപ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം കോഴിച്ചാൽ ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനായി പോകവേ ഉണ്ടായ ഒരു അനുഭവം പങ്കുവെക്കാനാണ് ഈ കുറിപ്പ്.

പോകുന്ന വഴിയിൽ മൂന്ന് കുട്ടികൾ ഒരു പന്തുമായി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുന്നിലെ പൈലറ്റ് വാഹനം കടന്നു പോകവേ കുട്ടികളുടെ കൈയിൽ നിന്ന് പന്ത് താഴെ വീഴുകയും അതുരുണ്ട് പൈലറ്റ് വാഹനത്തിന്റെ ടയറിനിടയിൽ വച്ച് പൊട്ടുകയും ചെയ്തു . ശബ്ദം കേട്ട് നോക്കുമ്പോഴാണ് അത് പന്ത് ആണെന്ന് എനിക്ക് മനസിലായത്.

പണ്ട്, കുട്ടിക്കാലത്ത് ഒരു പന്തിന് വേണ്ടി ഞാൻ ഏറെ കൊതിച്ചിട്ടുണ്ട്. കുട്ടികളുടെ വിഷമം എനിക്ക് മനസിലാകും. തിരക്കേറിയ ഷെഡ്യൂൾ ആയിട്ടും അങ്ങിനെ അവിടെ നിന്ന് പോകാൻ മനസ് വന്നില്ല. കുട്ടികൾക്ക് പന്ത് വാങ്ങി നൽകാൻ ഏർപ്പാട് ചെയ്തു. കുട്ടികളെ അവിടെ അടുത്തുള്ള കടയിൽ കൊണ്ടുപോയി അവർക്കിഷ്ടമുള്ള പന്ത് ചുമതലപ്പെടുത്തിയവർ വാങ്ങി നൽകി.

ചുമതലപ്പെടുത്തിയവരോട് കുട്ടികൾ പറഞ്ഞുവത്രെ പന്ത് വാങ്ങാൻ പിരിവിടാൻ ആലോചിക്കുക ആയിരുന്നു തങ്ങളെന്ന്. എന്തായാലും വലിയ സന്തോഷം.. എനിക്കും, കുട്ടികൾക്കും. മക്കളെ… കളിക്കൊപ്പം പഠനവും നന്നായി മുന്നോട്ട് പോകണം. ഇനി കുട്ടികൾ പറയും.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version