ഒമിക്രോണ്‍; അമേരിക്കയില്‍ പ്രതിദിന രോഗികള്‍ ഒരുലക്ഷം കടന്നു, മരണനിരക്ക് ഉയര്‍ന്നേക്കുമെന്ന് ബൈഡന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഒമിക്രോണ്‍ വകഭേദം മൂലം അമേരിക്കയില്‍ അതിതീവ്ര രോഗവ്യാപനമുണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് ജോ ബൈഡന്‍. തീവ്രരോഗവ്യാപനമുണ്ടായാല്‍ മരണനിരക്കും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗവ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസുകളെടുക്കണമെന്നും ഇനിയും വാക്സിനെടുക്കാത്തവര്‍ അതിനായി മുന്നോട്ട് വരണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഡിസംബര്‍ ഒന്നിന് 86,000 രോഗികള്‍ എന്നത് 14-ാം തീയതി 1.17 ലക്ഷത്തിലേക്ക് ഉയര്‍ന്നു. ആഗോളതലത്തില്‍ പൊതുജനാരോഗ്യ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒമിക്രോണ്‍ വകഭേദമാണെന്നും എല്ലാവരും ഒരുമിച്ച് നിന്ന് ഇതിനെ നേരിടണമെന്നും ജി7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ആരോഗ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു.

ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച രാജ്യമായ അമേരിക്കയില്‍ പ്രതിദിനം 1150 എന്ന ശരാശരിയിലാണ് മരണ നിരക്ക്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സര്‍വകലാശാലകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി മാറ്റിയിട്ടുണ്ട്. ഒപ്പം മറ്റ് മേഖലകളിലേക്കും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് അമേരിക്ക. മാത്രമല്ല പല യൂറോപ്യന്‍ രാജ്യങ്ങളും യാത്രാ നിയന്ത്രണം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version